കൊവിഡ് പടര്‍ത്തല്‍ കേന്ദ്രമായി മഞ്ചേരി മെഡിക്കല്‍ കോളജ് : നിയന്ത്രണങ്ങളൊന്നുമില്ലാതെ കൊവിഡ് രോഗിയുടെ കൂട്ടിരിപ്പുകാര്‍
വീടുകളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവരും ക്വാറന്റയിനില്‍ തുടരുന്നുണ്ട്. ഇത്തരത്തിലെല്ലാം പലവധി നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോഴാണ് മഞ്ചേരി മെഡിക്കല് കോളജില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ പരിചരിക്കുന്നവര്‍ ഒരു നിയന്ത്രണങ്ങളുമില്ലാതെ മറ്റുള്ളവരുമായി കൂടിക്കലരുന്നത്.
മലപ്പുറം: ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്നും രോഗം പകരാന്‍ സാധ്യത ഏറെ . തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളെ സഹായിക്കുന്നവര്‍ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ പൊതു സ്ഥലങ്ങളില്‍ ഇടപെടുന്നതും ബസ് ഉള്‍പ്പടെയുള്ള പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗികള്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണമെത്തിക്കുന്ന പാത്രങ്ങള്‍ വരെ രാഗം പകരാന്‍ കാരണമാകുമെന്നതിനാല്‍ തിരിച്ചു കൊടുക്കാതിരുന്ന അത്രയും ജാഗ്രത പുലര്‍ത്തിയ ആശുപത്രിയിലാണ് ഇപ്പോള്‍ രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്കു പോലും ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താത്തത്.
കൊവിഡ് രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളിലൊന്ന് രോഗിയുമായി ബന്ധം പുലര്‍ത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റയ്‌നില്‍ പോകണം എന്നതാണ്. വിദേശത്തു നിന്നും വന്നവരുടെ വീട്ടിലുള്ളവര്‍ വരെ ഇത്തരത്തില്‍ ക്വാറന്റയിനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടിരുന്നു. രോഗിയുമായി ബന്ധം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നതു വരെ ഹോം ക്വാറന്റയിനില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. വീടുകളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവരും ക്വാറന്റയിനില്‍ തുടരുന്നുണ്ട്. ഇത്തരത്തിലെല്ലാം പലവധി നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോഴാണ് മഞ്ചേരി മെഡിക്കല് കോളജില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ പരിചരിക്കുന്നവര്‍ ഒരു നിയന്ത്രണങ്ങളുമില്ലാതെ മറ്റുള്ളവരുമായി കൂടിക്കലരുന്നത്. മെഡിക്കല്‍ കോളജിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലും ഇവര്‍ എത്തുന്നുണ്ട്. രോഗിയുമായി ഇടപെട്ടതിനു ശേഷം നേരെ പുറത്തിറങ്ങുന്ന ഇവര്‍ വഴി കൊറോണ വൈറസുകള്‍ പലയിടങ്ങളിലും പകരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ കുറവുള്ളതിനാല്‍ രോഗികളുടെ കൂട്ടിരിപ്പൂകാരാണ് തീവ്രപരിചരണ വിഭാഗത്തില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതും വൃത്തിയാക്കുന്നതും. സ്വകാര്യ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മറ്റുള്ളവരെ പ്രവേശിപ്പിക്കാറില്ല. നഴ്‌സുമാരുടെ കുറവുണ്ടെന്ന് പറഞ്ഞാണ് മഞ്ചേരി മെഡിക്കല് കോളജില്‍ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്നത്.