കെ പി ഒ റഹ്മത്തുല്ല
സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മലബാറില്‍നിന്നും ആറുമാസത്തോളം ഭരണത്തില്‍നിന്നും പുറത്താക്കിയ വാരയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് നൂറ്റൊന്ന് വയസ്സ് തികയുന്നു. 1922 ജനുവരി 20നാണ് ബ്രിട്ടീഷ് പട്ടാളക്കോടതിയുടെ വിധിയനുസരിച്ച് മലപ്പുറത്തെ കോട്ടക്കുന്നിന്റെ വടക്കേ ചെരിവില്‍വച്ച് വെള്ളപ്പട്ടാളം അദ്ദേഹത്തെ വെടിവച്ച് കൊല്ലുന്നത്. മൃതദേഹവും അതോടൊപ്പം സ്വതന്ത്രമലയാള രാജ്യം സര്‍ക്കാരിന്റെ അനേകം രേഖകള്‍ അടങ്ങുന്ന മരംകൊണ്ട് നിര്‍മിച്ച പെട്ടിയും പെട്രോളൊഴിച്ച് കത്തിച്ചു.
അമ്പതോളം രാജ്യങ്ങളില്‍ ഭരണം നടത്തിയിരുന്ന ഇംഗ്ലീഷ് സാമ്രാജ്യത്വത്തിന്റെ ഭരണം ഏറനാട് വള്ളുവനാട് താലൂക്കുകളിലെ വലിയ പ്രദേശത്ത് അവസാനിപ്പിക്കുകയും സ്വന്തം നിലയില്‍ പാസ്‌പോര്‍ട്ടും നികുതി സമ്പ്രദായങ്ങളും ഏര്‍പ്പെടുത്തിയ സമാന്തര ഭരണകൂടത്തിന്റെ നായകനായിരുന്നു വാരിയന്‍കുന്നന്‍. 1920ന് ആഗസ്ത് 20ന് മലബാര്‍ കലക്ടര്‍ തോമസ് ചുകോക് എന്നിവര്‍ തിരൂരങ്ങാടിയില്‍നിന്നും തോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ് എന്ന പ്രമുഖ ഇംഗ്ലീഷ് പത്രം മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചെന്ന തലക്കെട്ടിലാണ് വാര്‍ത്ത കൊടുത്തത്.
വാരിയന്‍കുന്നന്റെ രക്തസാക്ഷിത്വത്തിന്റേയും മഹത്തായ മലബാര്‍ വിപ്ലവത്തിന്റേയും നൂറാം വാര്‍ഷിക വേളയില്‍ കഴിഞ്ഞ വര്‍ഷം ധാരാളം പുതിയ പഠനങ്ങളും ഗ്രന്ഥങ്ങളും പുറത്തിറങ്ങയിട്ടുണ്ട്. മലയാളത്തില്‍ മാത്രം നൂറോളം പുസ്തകങ്ങളാണ് വന്നിട്ടുള്ളത്. വാരിയന്‍കുന്നന്റെ ജീവിതമാസ്പതമാക്കി മാത്രം പുറത്തിറങ്ങിയ പത്ത് പുസ്തകങ്ങളില്‍ റമീസ് മുഹമ്മദിന്റെ പുസ്തകം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കുഞ്ഞഹമ്മദ് ഹാജിയുടെ പുതിയ ഫോട്ടോയും അദ്ദേഹം വിദേശ രാജ്യങ്ങള്‍ക്കയച്ച കത്തുകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
ഈ ഐതിഹാസിക സമരത്തിന്റേയും സമരനായകന്റേയും അപദാനങ്ങളാണ് അവയില്‍ നിറയെ. സംഘപരിവാരം പുറത്തിറക്കിയ പത്തോളം പുസ്തകങ്ങളില്‍ മാത്രമാണ് സമരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വിഫല ശ്രമങ്ങള്‍. രക്തസാക്ഷികള്‍ കാലംകഴിയുന്തോറും കൂടുതല്‍ പ്രകാശപൂരിതമാവുമെന്ന് പഴമക്കാര്‍ പറയുന്നു. വാരിയന്‍കുന്നനും കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങളായി മാറുകയാണ്. അദ്ദേഹത്തിന്റെ അമുസ്‌ലിം സഹോദരന്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. കുഞ്ഞഹമ്മദ് ഹാജി വര്‍ഗീയ വാദിയാണെന്ന ആക്ഷേപങ്ങള്‍ക്ക് അതാണ് മറുപടി.
മാപ്പിള വിമതര്‍ മലബാറില്‍ സ്വയംഭരണം പ്രഖ്യാപിച്ചു,' വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരിയിലെ ഖിലഫത്ത് വളണ്ടിയര്‍മാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ച വാര്‍ത്ത 1921 ആഗസ്ത് 29 ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. ബ്രിട്ടീഷ് രേഖകള്‍ പ്രകാരം ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ 200 ഗ്രാമങ്ങള്‍ അടങ്ങുന്ന 2000 ചതുരശ്ര മൈല്‍ പ്രദേശം വിമതര്‍ നിയന്ത്രിച്ചിരുന്നു.
ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തിന് നേരിടേണ്ടിവന്ന അഭൂതപൂര്‍വമായ വെല്ലുവിളിയായിരുന്നു ഇത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് സൈന്യം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണ് നഷ്ടപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാന്‍ വേണ്ടി നടത്തിയത്. കനത്ത പോരാട്ടങ്ങളും ക്രൂരമായ അടിച്ചമര്‍ത്തലുകളുമാണ് പിന്നീട് കണ്ടത്. 1922 ജനുവരി 20ന് വാരിയംകുന്നത്തിനെ പിടികൂടുകയും ധൃതി പിടിച്ച വിചാരണക്ക് ശേഷം വെടിവച്ച് കൊല്ലുകയും ചെയ്തു. അതോടെ 'കലാപം അവസാനിച്ചു' എന്ന് ബ്രിട്ടീഷ് കമാന്‍ഡന്റ് കേണല്‍ ഇ ടി ഹംഫ്രീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സമീപകാല വിവാദങ്ങള്‍ പുതിയ ഗവേഷണങ്ങള്‍ക്ക് പ്രചോദനമാവുകയും മലബാര്‍ സമരത്തെക്കുറിച്ചുള്ള നിരവധി ജനപ്രിയ ധാരണകളെ വെല്ലുവിളിക്കുന്ന പുതിയ രേഖകള്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്തു. റമീസ് മുഹമ്മദിന്റെ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകം, സമരത്തിനെതിരായ വര്‍ഗീയ പ്രചരണത്തെക്കുറിച്ച് അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ സംഘടനയ്ക്ക് കുഞ്ഞഹമ്മദ് ഹാജി എഴുതിയ കത്ത് ഉള്‍പ്പെടെ നിരവധി സുപ്രധാന രേഖകള്‍ പുറത്ത് കൊണ്ടുവന്നു. കലാപത്തെ തീര്‍ത്തും മതഭ്രാന്തന്‍ പ്രസ്ഥാനമായി ചിത്രീകരിക്കാനുള്ള കൊളോണിയല്‍ ശ്രമത്തെ തുറന്നുകാട്ടുന്ന സിനിമയുടെ തിരക്കഥ കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. പി ശിവദാസന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കണ്ടെത്തി.
കൊളോണിയല്‍ സൈന്യം വിമതര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരേ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍, ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ശക്തമായ പ്രചാരണ തന്ത്രങ്ങളുമായി യുദ്ധം വിജയിപ്പിക്കുന്ന തിരക്കിലായിരുന്നു. കലാപം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍, ഹിന്ദു ഭൂവുടമകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുപ്പിച്ചുകാട്ടി, ഗില്‍ബര്‍ട്ട് സ്ലേറ്ററിന്റെ കീഴിലുള്ള പബ്ലിസിറ്റി ബ്യൂറോ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററി ഫിലിം നിര്‍മിച്ചു. ഇംഗ്ലീഷിലും തമിഴിലുമുള്ള സബ്‌ടൈറ്റിലുകളോടെ 'മലബാര്‍ മാപ്പിള കലാപം' എന്ന സിനിമ ഇന്ത്യയിലും വിദേശത്തും വ്യാപകമായി പ്രചരിപ്പിച്ചു.
'ഇപ്പോഴത്തെ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം മാപ്പിളമാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതഭ്രാന്തിന്റെ ആവേശമാണ്, 'ബാംഗ്ലൂര്‍ റെജിമെന്റിലെ പ്രൊപ്പഗണ്ട ഓഫിസര്‍ മേജര്‍ റോബിന്‍സണ്‍ തയ്യാറാക്കിയ തിരക്കഥ ആരംഭിക്കുന്നത് തന്നെ ഇങ്ങിനെയായിരുന്നു. എന്നാല്‍, മലബാറില്‍ അന്ന് നിലനിന്നിരുന്ന ചൂഷണാത്മകമായ കാര്‍ഷിക നികുതി ഘടനയെക്കുറിച്ച് എവിടെയും പരാമര്‍ശമില്ല. ജാതി വ്യവസ്ഥ, കടുത്ത ദാരിദ്ര്യം, കോണ്‍ഗ്രസ് ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങി സായുധ കലാപത്തിന് കാരണമായ മറ്റ് ഘടകങ്ങളെ കുറിച്ചൊന്നും ഒരു പരാമര്‍ശം പോലും സിനിമയിലില്ല. മഞ്ചേരിയെ 'മതഭ്രാന്തിന്റെ കേന്ദ്രം' എന്ന് വിശേഷിപ്പിക്കുമ്പോള്‍, 'കൊള്ളയടിക്കാന്‍ കഴിയുന്ന മിക്കവാറും എല്ലാ ഹിന്ദു വീടുകളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തു' എന്നും തിരക്കഥ പറയുന്നു.
ബ്രിട്ടീഷുകാരുടെ ഈ ആക്രമണാത്മക കുപ്രചരണത്തെ ചെറുക്കാനാണ് കുഞ്ഞഹമ്മദ് ഹാജി അന്താരാഷ്ട്ര സമൂഹത്തിന് സന്ദേശങ്ങള്‍ അയച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സാമ്രാജ്യത്വ വിരുദ്ധ സംഘടനയായ 'ദി ഫ്രണ്ട്‌സ് ഓഫ് ഫ്രീഡം ഫോര്‍ ഇന്ത്യ'ക്ക് അയച്ച കേബിള്‍ ടെലിഗ്രാമില്‍, കലാപത്തിന്റെ ശരിയായ വിശദാംശങ്ങള്‍ ലഭിക്കുന്നതുവരെ മലബാറിലെ യുദ്ധത്തെക്കുറിച്ചുള്ള അവരുടെ വിധിന്യായത്തിനായി കാത്തിരിക്കാന്‍ അദ്ദേഹം അമേരിക്കയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. 'നമ്മുടെ ഹിന്ദു സഹോദരങ്ങളെ മതപരിവര്‍ത്തനം ചെയ്തതിന്റെ ചില കേസുകള്‍ എനിക്ക് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കൃത്യമായ അന്വേഷണത്തിന് ശേഷം ഞങ്ങള്‍ യഥാര്‍ഥ ചതി കണ്ടെത്തി.
ബ്രിട്ടീഷ് റിസര്‍വ് പോലിസിലെയും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിലെയും അംഗങ്ങളാണ് ഈ കുറ്റകൃത്യങ്ങള്‍ നടത്തിയത്. നമ്മുടെ സൈനികരെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം ഇത്തരം വൃത്തികെട്ട പ്രവൃത്തികള്‍ ചെയ്യാന്‍ അവര്‍ രാജ്യസ്‌നേഹികളായി നമ്മുടെ സേനയില്‍ ചേര്‍ന്നു. ഈ ബ്രിട്ടീഷ് ഏജന്റുമാരിലും ചാരന്‍മാരിലും ക്രിസ്ത്യാനികളും ഹിന്ദുക്കളും മാപ്പിളമാരുമുണ്ട്. അവര്‍ക്കെല്ലാം അര്‍ഹിക്കുന്ന വധശിക്ഷ തന്നെ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഇഗ്ലണ്ടുമായി യുദ്ധത്തിലാണ്. ഞങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്.
അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്കക്കാര്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ശത്രുവിനു സഹായമോ സ്വാസ്ഥ്യമോ നല്‍കുന്ന ഏതൊരുത്തനും, അയാളുടെ സാമൂഹിക പദവിയോ മതമോ നോക്കാതെ കഠിനമായി തന്നെ കൈകാര്യം ചെയ്യപ്പെടും. അതിനാല്‍, വാഷിങ്ടണെന്ന മഹാ പ്രദേശത്തിലെ ഉല്‍കൃഷ്ഠരായ ജനം, മലബാറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ മുഴുവന്‍ സത്യവും അറിയാന്‍ അവസരം ലഭിക്കുന്നത് വരെ തങ്ങളുടെ വിധി തീര്‍പ്പുകള്‍ നീട്ടിവെക്കുക' സന്ദേശം പറയുന്നു. അമേരിക്കന്‍ ദിനപത്രങ്ങളായ ഡെട്രോയിറ്റ് ഫ്രീ പ്രസ്സും ദി ബാള്‍ട്ടിമോര്‍ സണ്‍ പത്രവും 1921 ഡിസംബര്‍ 7 ന് ഈ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
1921 ഒക്ടോബര്‍ 7 ന് വാരിയംകുന്നത്തിന്റെ സമാനമായ ഒരു കത്ത് ദ ഹിന്ദു പത്രവും പ്രസിദ്ധീക രിച്ചിരുന്നു. മലബാര്‍ സമരത്തില്‍ കീഴാളജാതി കര്‍ഷകരുടെ പങ്ക് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ റമീസ് മുഹമ്മദിന്റെ പുസ്തകം യുദ്ധമുന്നണിയിലെ ഹിന്ദു നേതാക്കളുടെ സാന്നിധ്യത്തിന്റെ വിശദാംശങ്ങള്‍ കൂടി നല്‍കുന്നു. വിമത കൗണ്‍സിലിന്റെ ആദ്യ ഔദ്യോഗിക യോഗം നടന്നത് പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്റെ തെക്കേക്കളം വീട്ടില്‍ വെച്ചാണ്. ആ യോഗത്തില്‍ അധ്യക്ഷം വഹിച്ചതും അദ്ദേഹം തന്നെ. പറമ്പോട്ട് അച്യുതന്‍കുട്ടി മേനോന്‍, പൂന്താനം രാമന്‍ നമ്പൂതിരി തുടങ്ങിയ സവര്‍ണ ഹിന്ദു നേതാക്കളും ആ യോഗത്തില്‍ പങ്കെടുത്തു.
ദീര്‍ഘകാലമായി കുഞ്ഞമ്മദ് ഹാജിയുടെ സഹായി യായിരുന്ന കാപ്പാട്ട് കൃഷ്ണന്‍ നായരാണ് യോഗത്തിന്റെ മിനുട്‌സ് തയ്യാറാക്കിയത്, ഹിന്ദുക്കളെ നിര്‍ബന്ധിച്ചു മതം മാറ്റുന്നതിനെതിരെയുള്ള കര്‍ശനമായ താക്കീതുകളായിരുന്നു യോഗത്തിന്റെ ആദ്യ രണ്ട് തീരുമാനങ്ങളും. നായ്ക് നീലാണ്ടന്‍, നായിക് താമി എന്നീ രണ്ട് മുന്‍ സൈനികര്‍ വിമത സൈന്യത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. കലാപത്തിന് മുമ്പ് കോടതിയില്‍ പ്യൂണായി ജോലി ചെയ്തിരുന്ന താമി, വിമതര്‍ക്കെതിരായ ബ്രിട്ടീഷ് നീക്കങ്ങളെ കുറിച്ച് നിരവധി രഹസ്യങ്ങള്‍ കുഞ്ഞമ്മദ് ഹാജിക്ക് ചോര്‍ത്തി നല്‍കിയിരുന്നു. തന്റെ ഗവേഷണത്തിനിടെ താമിയുടെ ഡയറിക്കുറിപ്പുകള്‍ വീണ്ടെടുത്ത പ്രമുഖ പ്രാദേശിക ചരിത്രകാരന്‍ എ കെ കോഡൂര്‍ അത്തരം നിരവധി വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താമിയുടെ രേഖകള്‍ അനുസരിച്ച്, ഏകദേശം 75,000 ത്തോളം വരുന്ന പരിശീലനം ലഭിച്ച സൈന്യമാണ് ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത്.
വിമതര്‍ ഗറില്ലായുദ്ധ മാര്‍ഗം സ്വീകരിച്ചതോടെ ബ്രിട്ടീഷുകാര്‍ക്ക് ഗൂര്‍ഖ, ഗര്‍വാള്‍ റെജിമെന്റുക ളുടെയും ചിന്‍, കാച്ചിന്‍ സൈനികരുടെയും സഹായം തേടേണ്ടി വന്നു പോരാളികളെ നേരിടാന്‍. ബ്രിട്ടീഷ് സൈന്യത്തോടൊപ്പം യാത്ര ചെയ്ത് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ചിക്കാഗോ ട്രിബ്യൂണിലെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ തോമസ് സ്റ്റുവര്‍ട്ട് റയാന്‍, ബ്രിട്ടീഷ് സൈന്യത്തിനെതിരെ മാപ്പിള പോരാളികള്‍ നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പ് വിശദമായി റിപോര്‍ട്ട് ചെയ്തിരുന്നു.
1921 സപ്തംബറില്‍ വിമതര്‍ വെള്ളിനേഴിയില്‍ ഒരു ഗറില്ലാ പരിശീലന ക്യാംപ് സംഘടിപ്പിച്ചപ്പോള്‍, ദൃക്‌സാക്ഷി രേഖകള്‍ അനുസരിച്ച്, ക്യാംപില്‍ 1,000ത്തിലധികം ഹിന്ദു പോരാളികള്‍ ഉണ്ടായിരുന്നു. പ്രദേശത്തെ ഒരു പ്രമുഖ ഹിന്ദു കുടുംബമായ ഒളപ്പമണ്ണ മനയില്‍ നിന്നാണ് ക്യാംപിലേക്ക് ഭക്ഷണം നല്‍കിയത്. വിമതര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിച്ച പല കേസുകളിലും പ്രധാന പ്രതികള്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണ്. ചെര്‍പ്പുളശേരി പോലിസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ കുര്‍ശിക്കളത്തില്‍ കേശവന്‍ നായര്‍ ഒന്നാം പ്രതിയും ചൂരിയോട് പാലം ആക്രമണക്കേസില്‍ ഇടച്ചോല കുട്ടപ്പണിക്കര്‍ ഒന്നാം പ്രതിയും ചേനമ്പാറ അച്ചുപ്പണിക്കര്‍ രണ്ടാം പ്രതിയുമായിരുന്നു.
ആലിക്കുന്നത്ത് കൃഷ്ണന്‍ നായര്‍ കുറ്റിപ്പുറം റെയില്‍വേ ആക്രമണക്കേസിലും അപ്പുള്ളി കേശവന്‍ നായര്‍ നെല്ലിപ്പുഴ പാലം ആക്രമണക്കേസിലും പ്രതിയായിരുന്നു. ഗാന്ധിജിയുടെയും മൗലാനമാരുടെയും ആഹ്വാനം കേട്ട് ഹാലിളകിയ മാപ്പിളമാര്‍ മലബാറില്‍ ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ ആയുധമെടുക്കുകയും ബ്രിട്ടീഷുകാരുടെ അത്യാധുനിക പടക്കോപ്പുകള്‍ക്ക് മുമ്പില്‍ ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുകയും ചെയ്തു എന്നാണല്ലോ മലബാര്‍ സമരത്തെക്കുറിച്ചു കാലങ്ങളായി നാം ചൊല്ലിപഠിച്ച പാഠം. എന്നാല്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നയിച്ച സായുധ സമരം തികഞ്ഞ ആസൂത്രണവും സംഘാടനവും പ്രകടമാക്കിയിരുന്നു എന്ന് കൂടി പുതുതായി കണ്ടെടുത്ത രേഖകര്‍ തെളിയിക്കുന്നു.
ഇന്ത്യയുടെ തെക്കേ കോണില്‍ മൂന്നു താലൂക്കുകളില്‍ ഒതുങ്ങി നിന്ന സമരം പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയായിരുന്ന ബ്രിട്ടനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ യുദ്ധം വിശദമായി തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു. 'ശ്രദ്ധാപൂര്‍വ്വം സംഘടിപ്പിക്കപ്പെട്ട തികഞ്ഞ മുന്നൊരുക്കത്തോടെയുള്ള ഒരു കലാപത്തെയാണ് അധികാരികള്‍ക്ക് ഇപ്പോള്‍ നേരിടേണ്ടി വന്നത്. പോരാട്ടത്തില്‍ മതഭ്രാന്തരായ മാപ്പിളമാര്‍ മാത്രമല്ല യൂനിഫോം ധരിച്ച വളണ്ടിയര്‍മാരും മുന്‍ പട്ടാളക്കാരും അക്കൂട്ടത്തിലുണ്ട്.
മുന്‍ കലാപങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തമായ ആസൂത്രണ രീതിയും കാണാനുണ്ട്,' ബ്രിട്ടനിലെ ന്യൂ കാസില്‍ ഡെയ്‌ലി ക്രോണിക്കിള്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്. 1921, ആഗസ്ത് 26 ന്, പോരാട്ടം തുടങ്ങി അഞ്ചു ദിവസത്തിനകം ഇങ്ങനെ ഒരു വാര്‍ത്ത നല്‍കണമെങ്കില്‍ പോരട്ടത്തെ കുറിച്ച് വ്യക്തമായ രൂപം ലഭ്യമായിരുന്നു എന്നാണ്. പോരാട്ടം തുടങ്ങിയ ആദ്യ ദിവസം തന്നെ ഗവണ്മെന്റ് ഓഫീസുകള്‍ക്കും മറ്റ് സ്ഥാപങ്ങള്‍ക്കും നേരെ ഒരേ സമയം വ്യാപകമായ അക്രമങ്ങള്‍ നടന്നു. ആഗസ്ത് 25 ആയപ്പോഴേക്കും ഏറനാട് വള്ളുവനാട് വള്ളുവനാട് താലൂക്കുകളിലെ 200 ഗ്രാമങ്ങള്‍ പോരാളികളുടെ കീഴിലായി. ഉടനെ തന്നെ വ്യവസ്ഥാപിത ഭരണകൂടത്തിന്റെ പ്രഖ്യാപനവും മഞ്ചേരിയില്‍ വെച്ച് നടന്നു.
പുതിയ രാജ്യത്തിര്‍ത്തിക്കുള്ളില്‍ പാസ്സ്‌പോര്‍ട്ടും കറന്‍സിയും കോടതിയും നിലവില്‍ വന്നു. ഇതെല്ലാം മുന്‍കൂട്ടി ഒരു ആസൂത്രണവും ഇല്ലാതെ അസാധ്യമായ കാര്യങ്ങളാണ്. ബ്രിട്ടീഷ് പത്രമായ നോറ്റിങ്ഹാം ജെര്‍ണല്‍ എഴുതിയത് ഇങ്ങനെ, 'ഷൊര്‍ണൂരില്‍ നിന്നുള്ള വിശ്വസിനീയമായ വിവരങ്ങളില്‍നിന്നും വ്യക്തമാവുന്നത് ഈ ലഹള ബ്രിട്ടീഷ് ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ സസൂക്ഷ്മം ആസൂത്രണം ചെയ്തതാണെന്നാണ്.'
വിമത രാജാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആധുനിക യുദ്ധമുറകളാണ് പിന്തുടരുന്നത് എന്നത് മലയ ട്രിബ്യൂണ്‍ പത്രം റിപോര്‍ട്ട് ചെയ്തത്. പോരാട്ടത്തെ ഹിന്ദുമുസ്‌ലിം വര്‍ഗീയ ലഹളയായി ചിത്രീകരിക്കാന്‍ നിര്‍മിച്ച ഡോക്യൂമെന്ററി സിനിമയില്‍ ബ്രിട്ടീഷുകാര്‍ തന്നെ ഈ വസ്തുത തുറന്ന് സമ്മതിക്കുന്നുണ്ട്. 'ഇതിനു മുമ്പും ഒട്ടേറെ ലഹളകളുണ്ടായിട്ടുണ്ട്. പക്ഷെ, ആസൂത്രണത്തിന്റെയും സംഘാടനത്തിന്റെയും കാര്യത്തില്‍ ഈ ലഹള തികച്ചും വ്യത്യസ്തമാണ്' എന്നാണ് സിനിമ കലാപത്തെ വിലയിരുത്തുന്നത്.
മലബാര്‍ സമരത്തിനെതിരായ പ്രചാരണ യുദ്ധത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. കൊളോണിയല്‍ രേഖകളെ അടിസ്ഥാനമാക്കിയുള്ള രചനകള്‍ ഈ ആഖ്യാനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സമീപകാല കണ്ടെത്തലുകള്‍ ഈ ധാരണകളെ തിരുത്താന്‍ വലിയൊരാളവോളം സഹായിച്ചിട്ടുണ്ട്. ഓര്‍ക്കേണ്ട ഒരു പ്രധാന വസ്തുത എല്ലാ വിമതരും 'ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ യുദ്ധം ചെയ്തതിനാണ്' ശിക്ഷിക്കപ്പെട്ടത്, വര്‍ഗീയ അക്രമത്തിന്റെ പേരിലല്ല,'വിപ്ലവത്തിന്റെ ഹിന്ദുത്വ വിവരണത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, കലാപത്തിന്റെ ചരിത്രരചനയെ കൂടുതല്‍ ചരിത്ര സ്രോതസ്സുകള്‍ കണ്ടെത്തുകയും കൂടുതല്‍ സാധുതയുള്ള വിശകലന ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയെ വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ്.
നിലവിലുള്ള പഠനങ്ങള്‍ക്ക് ഇത് കൂടുതല്‍ വ്യക്തത കൊണ്ടുവരും. ഒരു വൈകാരിക സംരംഭം എന്നതിലുപരി, അത് ചരിത്ര വസ്തുതകളുടെ പിന്‍ബലത്തിലായിരിക്കണം' ചരിത്രകാരന്‍മാര്‍ പറയുന്നു. വാരിയന്‍കുന്നനേയും മലബാര്‍ സമരത്തേയും കുറിച്ചുള്ള സത്യസന്ധമായ ചരിത്രാന്വേഷണങ്ങള്‍ തുടരുകയാണ്. നമ്മെ അത്ഭുതപ്പെടുത്തുന്ന അക്കാലത്തെ യഥാര്‍ഥ സംഭവങ്ങള്‍ ഇനിയും പുറത്തുവരുമെന്ന് തീര്‍ച്ച.