കാസര്‍കോട്ടെ ആള്‍ക്കൂട്ടക്കൊല: കേസ് അട്ടിമറിക്കാന്‍ ശ്രമം; മര്‍ദനമേറ്റെന്ന പരാമര്‍ശമില്ലാതെ പോലിസ് എഫ്‌ഐആര്‍

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ റഫീഖിനെതിരെയും റഫീഖിന്റെ മരണത്തില്‍ ബന്ധുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Update: 2021-01-24 09:20 GMT

കാസര്‍കോട്: സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് കാസര്‍കോട് മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. ചെമ്മനാട് സ്വദേശി റഫീഖ്(45) കൊല്ലപ്പെട്ട സംഭവത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടും പോലിസിന്റെ അട്ടിമറി നീക്കം.

സ്ത്രീയെ ശല്യം ചെയ്‌തെന്നാരോപിച്ച് കാസര്‍കോട് മിംസ് ആശുപത്രിക്കകത്താണ് റഫീഖിന് നേരെ ആദ്യം മര്‍ദ്ദനമേല്‍ക്കുന്നത്. അവിടെ നിന്ന് പുറത്തേക്കോടിയ മധ്യവയസ്‌കനെ മര്‍ദിച്ചത് ആശുപത്രിക്ക് മുന്‍വശമുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ അടക്കമുള്ളവരാണെന്ന് നാട്ടുകാര്‍ പറയുന്നു. റഫീഖിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. റഫീഖിനെ കഴുത്തില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.



എന്നാല്‍, സംഭവത്തില്‍ ദൃക്‌സാക്ഷി തെളിവുകളുണ്ടായിട്ടും മധ്യവയസ്‌കന് മര്‍ദനമേറ്റ സംഭവം വ്യക്തമാക്കാതെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീയെ ശല്യം ചെയ്തയാളെ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പിന്‍തുടര്‍ന്ന് പിടിച്ച് കൊണ്ട് വരുന്ന സമയം കടയുടെ മുന്‍വശം കുഴഞ്ഞ് വീണ് മരണപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. റഫീഖിനെ ആള്‍ക്കൂട്ടം ആക്രമിച്ചത് സംബന്ധിച്ച വിവരങ്ങള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍ദനമേറ്റതായി വ്യക്തമായി തെളിവുണ്ടായിട്ടും ഇത് പരാമര്‍ശിക്കാതേയുള്ള പോലിസ് എഫ്‌ഐആര്‍ പ്രതികളെ സഹായിക്കാനുള്ള നടപടിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രദേശത്തെ സംഘപരിവാര അനുകൂലികളായ ചില ഓട്ടോ ഡ്രൈവര്‍മാരുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവം ആള്‍ക്കൂട്ടാക്രമണത്തിലേക്ക് മാറിയതെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ ഇയാള്‍ ഓടി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പ്രദേശവും ഓട്ടോറിക്ഷാ സ്റ്റാന്‍ഡും ആര്‍എസ്എസിന് സ്വാധീനമുള്ള പ്രദേശമാണ്. എന്നാല്‍ മര്‍ദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പോലിസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ റഫീഖിനെതിരെയും റഫീഖിന്റെ മരണത്തില്‍ ബന്ധുവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പുതിയ ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി ഓടിയ റഫീഖിനെ പിന്തുടര്‍ന്ന് വീണ്ടും മര്‍ദിച്ചെന്ന് ചിലര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളില്‍ കഴുത്തില്‍ പിടിച്ചു തള്ളുന്നത് വ്യക്തമായി കാണാം. നുരയും പതയും വന്ന് തുടങ്ങിയ റഫീഖിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മര്‍ദനം തന്നെയാണോ മരണകാരണമെന്ന് വ്യക്തമാകാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലിസ്.

Tags:    

Similar News