ചാണകസംഭരണ പദ്ധതിയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍; പിന്തുണച്ച് ആര്‍എസ്എസ്, എതിര്‍ത്ത് ബിജെപി

Update: 2020-07-10 05:10 GMT

ന്യൂഡല്‍ഹി: കര്‍ഷകരില്‍ നിന്നു നേരിട്ട് ചാണകം സംഭരിക്കാനുള്ള പദ്ധതിയുമായി കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനത്തെ ആര്‍എസ്എസ് പിന്തുണച്ചപ്പോള്‍ ബിജെപി എതിര്‍പ്പുമായി രംഗത്തെത്തി. 'ഗോദാന്‍ ന്യായ് യോജന' എന്ന പേരിലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേശ് ബഘേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജൂലൈ 21 മുതല്‍ ന്യായവില നല്‍കി കര്‍ഷകരില്‍നിന്ന് ചാണകം സംഭരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം ഒരുകിലോഗ്രാം ചാണകത്തിന് 1.50 രൂപ നിരക്കിലാണ് സംഭരിക്കുക. പദ്ധതിയെ പിന്തുണച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനും സംഘപരിവാര സംഘടനയായ ഗൗ-ഗ്രാം സ്വാവലംഭന്‍ അഭിയാന്റെ പ്രാന്ത പ്രമുഖുമായ സുബോധ് രതിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കത്ത് നല്‍കുകയും ചെയ്തു. 'ഞങ്ങളുടെ ജനകീയ മുഖ്യമന്ത്രി' തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു തന്നെന്നും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും ആര്‍എസ്എസ് മേഖലാ കണ്‍വീനര്‍ ബിശ്ര റാം യാദവിന്റെ ഒപ്പോടുകൂടിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

    അതേസമയം, സംസ്ഥാനത്തെ പ്രധാനപ്രതിപക്ഷമായ ബിജെപി പദ്ധതിയെ എതിര്‍ത്തും പരിഹസിച്ചും രംഗത്തെത്തി. വിദ്യാഭ്യാസമുള്ള യുവാക്കളെ ചാണകത്തിനു പിന്നാലെ പോവാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ പഞ്ചായത്ത് മന്ത്രിയുമായ അജയ് ചന്ദ്രാകര്‍ പരിഹസിച്ചു. ഇതിനു പിന്നാലെ ആര്‍എസ്എസിലെ ഒരു വിഭാഗവും അഭിനന്ദന കത്തിനെതിരേ രംഗത്തെത്തി. മുഖ്യമന്ത്രിയെ അഭിനന്ദിച്ചുള്ള കത്തുമായി സംഘടനയ്ക്കു ബന്ധമില്ലെന്നു ആര്‍എസ്എസ് നേതാവ് പ്രഭാത് മിശ്ര വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. കത്തുമായി ആര്‍എസ്എസിനു ബന്ധമില്ലെന്നും സംഘത്തിനു നിരവധി പോഷക സംഘടനകളുണ്ട്. അതില്‍ ചില വ്യക്തികള്‍ പിന്തുണച്ചതിനെ ആര്‍എസ്എസ് പിന്തുണയായി വ്യാഖ്യാനിക്കരുതെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

    അതിനിടെ, ആര്‍എസ്എസ് നേതാക്കളുടെ പിന്തുണയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ പരിഹസിച്ചു. അവരുടെ പിന്തുണയില്‍ അല്‍ഭുതമില്ലെന്നും രാഷ്ട്രീയമായി ഒറ്റപ്പെട്ടെന്ന തോന്നലും സമൂഹത്തിലെ എല്ലാ വിഭാഗവും തങ്ങളുടെ സര്‍ക്കാരിനെ അംഗീകരിക്കുന്നുവെന്ന് മനസ്സിലാക്കി തങ്ങളാണ് പദ്ധതിക്കുപിന്നിലെന്നു തെളിയിക്കാനുള്ള ശ്രമമാണ് അവരുടേതെന്നും ഭൂപേശ് ബഘേല്‍ വ്യക്തമാക്കി.




Tags:    

Similar News