കോഴിക്കോട് എന്‍ഐടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം
ഇന്ത്യയില്‍ ഇരുപത്തിരണ്ട് സര്‍വകലാശാലകളും കോര്‍പ്പറേഷനുകളും വെഗാന്‍ ഔട്ട്‌റീച്ചിന്റെ ഗ്രീന്‍ ട്യൂഡ്‌സേ പ്രതിജ്ഞയില്‍ ഒപ്പുവച്ചിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി)യില്‍ മാംസാഹാരവും മുട്ടയും നിരോധിക്കാന്‍ നീക്കം. മാംസാഹാരം ഒഴിവാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വെയ്ഗന്‍ ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ (ഗ്രീന്‍ ട്യൂസ്‌ഡേ) പദ്ധതി കാംപസില്‍ നടപ്പിലാക്കാന്‍ ധാരണയായി. ഇതിന്റെ ആദ്യപടിയായി ചൊവ്വാഴ്ചകളില്‍ കാന്റീനില്‍ മാംസാഹാരം വിളമ്പില്ല. സസ്യാഹാരം മാത്രം ഉപയോഗിക്കും. കോഴിക്കോട് എന്‍.ഐ.ടി അധികൃതരും ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്‌സ് പിലാനി) ഇതു സംബന്ധിച്ച് ധാരണയുണ്ടാക്കി.
ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തുവിടല്‍, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് വളര്‍ത്തുമൃഗ പരിപാലനം ഏറ്റവും വലിയ കാരണമാകുന്നു എന്നാണ് വെയ്ഗന്‍ ഔട്ട് റീച്ച് പറയുന്നത്. മാംസവും മുട്ടയും കഴിച്ചില്ലെങ്കില്‍ ഭക്ഷ്യാധിഷ്ടിത കാര്‍ബണ്‍ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം.
ഇന്ത്യയില്‍ ഇരുപത്തിരണ്ട് സര്‍വകലാശാലകളും കോര്‍പ്പറേഷനുകളും വെഗാന്‍ ഔട്ട്‌റീച്ചിന്റെ ഗ്രീന്‍ ട്യൂഡ്‌സേ പ്രതിജ്ഞയില്‍ ഒപ്പുവച്ചിട്ടുണ്ട്. കോഴിക്കോട് എന്‍ഐടിയും ഇതില്‍ പങ്കാളിയാകുന്നതോടെ മാംസാഹാരം, മുട്ട, എന്നിവ കാന്റീനില്‍ വിളമ്പില്ല. അതേസമയം ഇത്തരം ധാരണ പത്രം ഒപ്പിട്ടതായി അറിയില്ലെന്നാണ് കോഴിക്കോട് എന്‍.ഐ.ടി രജിസ്ട്രാര്‍ ലെഫ്.കേണല്‍ കെ.പങ്കജാക്ഷന്‍ പറയുന്നത്. എന്നാല്‍ ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇത്തരം തീരുമാനമെടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.