വെടിയേറ്റ് ആശുപത്രിയിലായിരുന്ന യൂസുഫ് ദീദാത്ത് മരിച്ചു
ചൊവ്വാഴ്ച രാവിലെ ഭാര്യയ്‌ക്കൊപ്പം നടന്നുപോവുന്നതിനിടെയാണ് വെടിയേറ്റത്
ഡര്‍ബന്‍: ദിവസങ്ങള്‍ക്കു മുമ്പ് വെടിയേറ്റ് ആശുപത്രിയിലായിരുന്ന ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതനും ആക്റ്റിവിസ്റ്റുമായ യൂസുഫ് ദീദാത്ത് മരിച്ചു. 65 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വെറുലം മജിസ്‌ട്രേറ്റ് കോടതിക്കു പുറത്തുവച്ച് ചൊവ്വാഴ്ച രാവിലെ ഭാര്യയ്‌ക്കൊപ്പം നടന്നുപോവുന്നതിനിടെയാണ് തലയ്ക്കു വെടിയേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന യൂസുഫ് ദീദാത്ത് ഉച്ചയ്ക്കു 2.40ഓടെയാണ് മരണപ്പെട്ടതെന്ന് യൂസുഫ് ദീദാത്തിന്റെ മകന്‍ റഈസ് ദീദാത്തും കുടുംബവും സുഹൃത്തുക്കളും അറിയിച്ചതായി ഇന്‍ഡിപെന്റന്റ് ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്തു. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും സമൂഹത്തില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും പിതാവിന് നിത്യശാന്തി ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നതായും മകന്‍ റഈസ് ദീദാത്ത് പറഞ്ഞു.
അക്രമി വെടിയുതിര്‍ത്തതിനു പിന്നാലെ ഗ്രൂം സ്ട്രീറ്റില്‍ കാത്തിരുന്ന വെള്ള മസ്ദ കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ റിയാക്്ഷന്‍ യൂനിറ്റ് ഡയറക്ടര്‍ പ്രേം ബല്‍റാം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വംശജനാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയമുയര്‍ന്നിരുന്നെങ്കിലും പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കെഇസഡ്എന്‍ പോലിസ് കേണല്‍ തെംബേക്ക എംബെലെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 8:30ഓടെ യൂസുഫ് ദീദാത്തും ഭാര്യയും വെരുളം ഫാമിലി കോടതിയിലേക്ക് നടന്നുപോവുന്നതിനിടെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. യൂസുഫ് ദീദാത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും മുഖം നിലത്തോടു ചേര്‍ത്ത് നടപ്പാതയില്‍ വീഴുകയുമായിരുന്നു. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍ അഹമ്മദ് ദീദാത്തിന്റെ മകനായ യൂസുഫ് ദീദാത്ത് അറിയപ്പെടുന്ന പ്രബോധകന്‍ കൂടിയാണ്. യൂസുഫ് ദീദാത്ത് നല്ലൊരു മനുഷ്യനായിരുന്നുവെന്നും സംഭവമം ഞെട്ടിപ്പിക്കുന്നതാണെന്നും വെറുലം ഇമാം ഹുസയ്ന്‍ മസ്ജിദ് ചെയര്‍പേഴ്‌സണ്‍ ആസാദ് സീദാത്ത് പറഞ്ഞു. അദ്ദേഹത്തെ 30 വര്‍ഷമായി പരിചയമുണ്ട്. എല്ലാവരുമായും നല്ല ബന്ധമായിരുന്നു. ഞങ്ങളുടെ പള്ളി സന്ദര്‍ശിക്കുകയും ആവശ്യമുള്ള സമയത്ത് ഞങ്ങള്‍ക്ക് സഹായം ചെയ്യുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഇസ് ലാമിക പ്രവര്‍ത്തകനാണ് യൂസുഫ് ദീദാത്തെന്നും എല്ലാവരെയും സഹായിക്കാന്‍ എപ്പോഴും സന്നദ്ധനായിരുന്നുവെന്നും യൂസുഫ് ദീദാത്തിന്റെ മുന്‍ അയല്‍വാസിയായ ഷര്‍മെയ്ന്‍ സ്വേഷന്‍ഗര്‍ പറഞ്ഞു. സഹായത്തിനായി തന്റെ വാതില്‍ക്കലെത്തുന്ന ആരെയും അദ്ദേഹം ഒരിക്കലും തിരിച്ചയച്ചിരുന്നില്ലെന്നും അദ്ദേഹം ഓര്‍മിച്ചു.
ക്രൂരമായ പ്രവൃത്തി ചെയ്ത കൊലപാതകിയെ കണ്ടെത്തി നീതിപീഠത്തിലേക്ക് കൊണ്ടുവരാന്‍ ദക്ഷിണാഫ്രിക്കന്‍ അധികൃതരോട് ശക്തമായി ആവശ്യപ്പെടുന്നതായി അമേരിക്കയിലെ പ്രമുഖ ഇസ് ലാമിക പ്രബോധകനായ യാസിര്‍ ഖാദി സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.യൂസുഫ് ദീദാത്തിന്റെ പിതാവും പ്രമുഖ ഇസ് ലാമിക പ്രബോധകനുമായിരുന്ന ഷെയ്ഖ് അഹമ്മദ് ദീദത്ത് 2005ലാണ് മരണപ്പെട്ടത്. ഇദ്ദേഹം ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുമായി നിരവധി സംവാദങ്ങള്‍ നടത്തുകയും ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും കുറിച്ച് നിരവധി ലേഖനങ്ങളും മറ്റും എഴുതുകയും ചെയ്തിരുന്നു.
Full View