മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മല്‍സരിക്കുന്ന രണ്ടു സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറുമാണ് ജനവിധി തേടുക. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒഴിവുവരുന്ന മുറയ്ക്ക് ലീഗിന് രണ്ട് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതായും മുസ്‌ലിംലീഗ് അറിയിച്ചു. മൂന്ന് ലോക്‌സഭാസീറ്റ് വേണ്ടെന്നുവച്ചത് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകണം എന്നതുകൊണ്ടാണ് ഈ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പൊന്നാനിയില്‍ നിലവിലെ എംപി ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റണമെന്നുമുള്ള അഭ്യൂഹങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്നിരുന്നു. ഇ ടിക്കെതിരേ പൊന്നാനിയിലെ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം പ്രമേയം പാസാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ പരീക്ഷിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.