എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് മൂന്ന് പാഠങ്ങള്‍ ഒഴിവാക്കി; ചാന്നാര്‍ ലഹളയും കാര്‍ഷിക പ്രശ്‌നങ്ങളും പുറത്ത്
ഇന്ത്യ ആന്റ് ദി കണ്ടംപററി വേള്‍ഡ്-1 എന്ന പുസ്‌കത്തില്‍ നിന്നുള്ള 70ഓളം പേജുകളാണ് മാനുഷിക വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവേദ്കര്‍ തുടക്കമിട്ട പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നീക്കുന്നത്.
ന്യൂഡല്‍ഹി: ഒമ്പതാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ്(എന്‍സിഇആര്‍ടി) മൂന്ന് പാഠങ്ങള്‍ ഒഴിവാക്കി. തിരുവിതാംകൂറിലെ നാടാര്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ മാറുമറക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തിയ ചാന്നാര്‍ ലഹളയെക്കുറിച്ചുള്ള പാഠഭാഗവും ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യ ആന്റ് ദി കണ്ടംപററി വേള്‍ഡ്-1 എന്ന പുസ്‌കത്തില്‍ നിന്നുള്ള 70ഓളം പേജുകളാണ് മാനുഷിക വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവേദ്കര്‍ തുടക്കമിട്ട പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നീക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഇത് രണ്ടാം തവണയാണ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നത്. 2017ല്‍ മാത്രം എന്‍സിഇആര്‍ടി 1,334 മാറ്റങ്ങളാണ് പാഠപുസ്തകങ്ങളില്‍ വരുത്തിയത്. ഇതിലൂടെ 182 പുസ്തകങ്ങളില്‍ കുട്ടിച്ചേര്‍ക്കലുകള്‍, തിരുത്തലുകള്‍, വിവരങ്ങള്‍ പുതുക്കല്‍ നടത്തി. പല പുസ്തകങ്ങളിലും കാവിവല്‍ക്കരണ അജണ്ടയ്ക്ക് അനുസൃതമായ മാറ്റങ്ങളാണ് വരുത്തിയതെന്ന ആരോപണമുണ്ട്. പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മാറ്റിയ പുസ്തകം വിപണിയിലെത്തും.
ക്ലോത്തിങ്: എ സോഷ്യല്‍ ഹിസ്റ്ററി(വസ്ത്രധാരണം: ഒരു സാമൂഹിക ചരിത്രം) എന്ന പാഠഭാഗം സാമൂഹിക പ്രസ്ഥാനങ്ങള്‍ വസ്ത്രധാരണത്തെ എങ്ങിനെ സ്വാധീനിച്ചു എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. കീഴാള വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ മാറുമറക്കരുതെന്ന മേല്‍ജാതി ധാര്‍ഷ്ട്യത്തിനെതിരേ സമരം നടത്തിയ നാടാര്‍ സ്ത്രീകളുടെ ചാന്നാര്‍ ലഹളയെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇതിലാണ്. 2016ല്‍ ഈ പാഠഭാഗം വിവാദമായ വേളയില്‍ 2017ലെ പരീക്ഷയില്‍ ഇതില്‍ നിന്ന് ചോദ്യങ്ങളുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പാഠഭാഗം അതില്‍ നിലനിര്‍ത്തി. ഇതാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്.
ഹിസ്റ്ററി ആന്റ് സ്‌പോര്‍ട്ട്: ദി സ്‌റ്റോറി ഓഫ് ക്രിക്കറ്റ്(ചരിത്രവും സ്‌പോര്‍ട്‌സും: ക്രിക്കറ്റിന്റെ കഥ) എന്നതാണ് നീക്കം ചെയ്യുന്ന മറ്റൊരു പാഠം. ഇന്ത്യയിലെ ക്രിക്കറ്റിന്റെ ചരിത്രവും ജാതി, മത, സാമുദായിക രാഷ്ട്രീയവുമായി അതിനുള്ള ബന്ധവുമാണ് പരാമര്‍ശ വിഷയം.
മുതലാളിത്തവും കോളനിവല്‍ക്കരണവും കര്‍ഷകരുടെ ജീവിതത്തെയും കൃഷിരീതികളെയും എങ്ങിനെ മാറ്റി മറിച്ചു എന്നത് വിവരിക്കുന്ന പെസന്റ്‌സ് ആന്റ് ഫാര്‍മേഴ്‌സും നീക്കം ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ കുടില്‍ വ്യവസായങ്ങള്‍, അമേരിക്കയിലെ ഗോതമ്പ് കര്‍ഷകര്‍, ബംഗാളിലെ ഓപിയം നിര്‍മാതാക്കള്‍ എന്നിവയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ആധുനിക കൃഷിരീതി വന്നതോടെ ഗ്രാമീണര്‍ക്ക് എന്ത് സംഭവിച്ചുവെന്നും മുതലാളിത്ത ലോക വിപണിയുമായുള്ള ബന്ധം ഇത്തരം പ്രദേശങ്ങളെ എങ്ങിനെ മാറ്റി എന്നതും വിദ്യാര്‍ഥികള്‍ ഇതിലൂടെ പഠിക്കുന്നു. കോളനി ഭരണത്തില്‍ ഇന്ത്യ ലോക വിപണിക്കു വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ കൃഷി തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
എല്ലാ വിഷയങ്ങളിലുമായി പാഠഭാഗങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് മന്ത്രി ജാവേദ്കറിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി സാമൂഹിക ശാസ്ത്ര പുസതകത്തിന്റെ ഉള്ളടക്കം 20 ശതമാനം വരെ കുറച്ചിട്ടുണ്ട്. അതേ സമയം, ഗണിതം, സയന്‍സ് പുസ്തകങ്ങളില്‍ ചുരുങ്ങിയ മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ഹിന്ദി ടെക്സ്റ്റ് ബുക്കില്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒരു കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്.