എട്ടുമണിക്കൂര്‍ കൊണ്ട് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന പുതിയ ഗ്രഹം കണ്ടെത്തി: ഒരു ദിവസം മൂന്ന് ജന്മദിനം ആഘോഷിക്കാം
ഭൂമിയുടെ പരിക്രമണകാലം 365.25 ദിവസമാണ്. അതായത് ഒരു വര്‍ഷം മാറണമെങ്കിലൊ ഒരു വയസ് കൂടണമെങ്കിലോ 365 ദിവസം കഴിയണം. എന്നാല്‍ ജി-ജെ 367ബിയില്‍ വെറും എട്ട് മണിക്കൂര്‍ക്കൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാകും
ന്യൂയോര്‍ക്ക്: എട്ടുമണിക്കൂര്‍ കൊണ്ട് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന പുതിയ ഗ്രഹത്തെ വാനശാസ്ത്രജ്ഞര്‍ കണ്ടെത്തി. G-J 367b എന്നാണ് പുതിയ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്.പരിക്രമണകാലം വളരെ കുറഞ്ഞ ഗ്രഹങ്ങളുടെ പട്ടികയില്‍പ്പെട്ട ഗ്രഹമാണിത്. എട്ടു മണിക്കൂര്‍ കൊണ്ട് അതിന്റെ സഞ്ചാരപഥത്തില്‍ ഒരു കറക്കം കഴിഞ്ഞ് തിരിച്ചെത്തുന്നതിനാല്‍ ഈ ഗ്രഹത്തിലെ ഒരു വര്‍ഷമെന്നത് എട്ടു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്. ഭൂമിയുടെ പരിക്രമണകാലം 365.25 ദിവസമാണ്. അതായത് ഒരു വര്‍ഷം മാറണമെങ്കിലൊ ഒരു വയസ് കൂടണമെങ്കിലോ 365 ദിവസം കഴിയണം. എന്നാല്‍ ജി-ജെ 367ബിയില്‍ വെറും എട്ട് മണിക്കൂര്‍ക്കൊണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാകും.
സൂര്യന്റെ പകുതി വലിപ്പമുള്ള അതിന്റെ കേന്ദ്ര നക്ഷത്രത്തെ എട്ട് മണിക്കൂര്‍ കൊണ്ട് വലം വയ്ക്കുന്നതുകൊണ്ടാണിത്. സൂര്യനില്‍ നിന്ന് 31 പ്രകാശവര്‍ഷം അകലെയാണ് ജി-ജെ 367 ബി സ്ഥിതി ചെയ്യുന്നത്. ഈ കുഞ്ഞന്‍ ഗ്രഹം അതിന്റെ നക്ഷത്രമായ ജി-ജെ 376 നോട് വളരെ അടുത്തായാണ് പരിക്രമണം ചെയ്യുന്നത്. അതിനാല്‍ ജി-ജെ 367ബി വാസയോഗ്യമല്ല. നമ്മുടെ സൗരയൂധത്തിലെ ബുധന്‍ ഗ്രഹത്തിനോട് സാമ്യമുള്ള ഒരു ഗ്രഹമാണിത്.വളരെ ചൂടുകൂടുതലുള്ളതിനാലാണ് ഇവിടെ ജീവികള്‍ക്ക് നില നില്‍ക്കാനാവാത്തത്. ഭൂമിയിലെ ജീവികളുടെ കോശ ഘടനയെ സംബന്ധിച്ചാണ് ഇവിടെ ജീവസാനിധ്യമുണ്ടാകാനിടയില്ലെന്ന അനുമാനിക്കുന്നത്. എന്നാല്‍ ഈ ഗ്രഹത്തിന് അനുയോജ്യമായ ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന കാര്യം ശാസ്ത്രം തിരിച്ചറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഓരോ എട്ടുമണിക്കൂരിലും അവ ജന്മദിനം ആഘോഷിക്കേണ്ടിവരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഏകദേശം 1,500 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഗ്രഹത്തിന്റെ ഉപരിതല താപനില. പാറകളെയും, ലോഹങ്ങളെയും വരെ ഉരുക്കാന്‍ സാധിക്കുന്ന അത്യുഷ്ണമായിരിക്കും ഇവിടെ. അതി തീക്ഷണ താപനില കാരണം ഗ്രഹത്തിന് കുറച്ച് കാലം മുമ്പ് അന്തരീക്ഷം ഇല്ലാതായിപ്പോയെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അതുപോലെ, ജി-ജെ 367ബി യുടെ ഒരു വശം അതിന്റെ നക്ഷത്രത്തെ എപ്പോഴും അഭിമുഖീകരിക്കുന്നു.ഇതിനാല്‍ മറുവശത്ത് താപനിലയില്‍ വളരേയധികം വ്യാത്യസമുണ്ട്. മറ്റുള്ള അതി സുക്ഷമ ഹ്രസ്വകാല ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമിയോട് വളരെ അടുത്താണ് എന്നൊരു പ്രത്യേകതയും ജി-ജെ 367ബി ക്കുണ്ട്. സൗരയൂഥത്തിന് പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹങ്ങളിലൊന്നാണിത്. ലോഹാം ശം കൂടുതലുള്ള ജി-ജെ 367ബിയുടെ 86 ശതമാനവും ഇരുമ്പ് കൊണ്ടുള്ളതാണെന്ന് കണക്കാക്കുന്നു.
സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനോട് സാമ്യമുള്ള ആന്തരിക ഘടനയാണ് ഇതിന്. ഗ്രഹത്തിന് ഏകദേശം 9,000 കിലോമീറ്റര്‍ വ്യാസവും 55 ശതമാനം പിണ്ഡവുമുണ്ട്. ജര്‍മ്മന്‍ എയ്‌റോസ്‌പേസ് സെന്ററിലെ (ഡിഎല്‍ആര്‍) ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനറ്ററി റിസര്‍ച്ചിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സയന്‍സ് ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2018 ല്‍ വിക്ഷേപിച്ച നാസയുടെ ട്രാന്‍സിറ്റിങ്്എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ജി-ജെ 367ബി കണ്ടെത്തിയത്. മില്‍ക്കിവേ ഗാലക്‌സിയില്‍ കണ്ടെത്തുന്ന പുതിയ ഗ്രഹങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ജി-ജെ 367ബി പ്രപഞ്ച ശാസ്ത്രത്തിന് പുതിയ വെളിച്ചം നല്‍കിയിരിക്കുകയാണ്.