ഇനി ലോക്ഡാണ്‍ ഇല്ല: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തുടരും

രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിര്‍ദേശമുണ്ട്.

Update: 2020-11-26 06:10 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പേരില്‍ രാജ്യത്ത് ഇനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം. അതേ സമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ഡിസംബര്‍ ഒന്നുമുതല്‍ 31വരെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാവുക.


രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിര്‍ദേശമുണ്ട്. മൈക്രോ തലത്തില്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കും. ചികിത്സാ ആവശ്യത്തിനോ, അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനോ അല്ലാതെയുളള ആളുകള്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.


സമ്മേളനങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം പരിപാടി നടക്കുന്ന ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം ആയി നിലനിര്‍ത്തി. അടച്ചിട്ട സ്ഥലങ്ങളില്‍ 200 പേര്‍ക്കും, തുറന്ന സ്ഥലങ്ങളില്‍ മൈതാനത്തിന്റെ വലിപ്പവും അനുസരിച്ചായിരിക്കും പ്രവേശനം.




Tags:    

Similar News