നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വ്യാഴം മുതല്‍

പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.

Update: 2019-03-26 14:43 GMT

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വ്യാഴം മുതല്‍. ഏപ്രില്‍ നാലു വരെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ക്കാണ് പത്രികകള്‍ സമര്‍പ്പിക്കേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ പത്രികകള്‍ സ്വീകരിക്കും.

സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമേ പത്രികാ സമര്‍പ്പണത്തിന് എത്താവൂ എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. റിട്ടേണിങ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവില്‍ സ്‌റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ സ്ഥാനാര്‍ഥിക്കൊപ്പം മൂന്നു വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഫോം 26 കൂടി സമര്‍പ്പിക്കണം. സ്ഥാനാര്‍ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങള്‍ തുടങ്ങിവ ഇതില്‍ രേഖപ്പെടുത്തണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രമിനില്‍ കേസുകള്‍ ഉണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര്‍. അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26ല്‍ പരാമര്‍ശിക്കണം. ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികളാകാന്‍ കെട്ടിവയ്‌ക്കേണ്ട തുക. ഏപ്രില്‍ അഞ്ചിനാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. മേയ് 23ന് വോട്ടെണ്ണല്‍.

Tags:    

Similar News