കോഴിക്കോട് വയനാട് തുരങ്കപാത: പാരിസ്ഥിതികാഘാത പഠനം എങ്ങുമെത്തിയില്ല; സ്ഥലമേറ്റെടുക്കാന്‍ വിജ്ഞാപനം ഇറക്കി സര്‍ക്കാര്‍
കോഴിക്കോട്: പാരിസ്ഥിതികാഘാത പഠനം പോലും പൂര്‍ത്തിയാക്കാതെ കോഴിക്കോട്-വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ വിജ്ഞാപനം ഇറക്കി സംസ്ഥാന സര്‍ക്കാര്‍. 2200കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന തുരങ്കപാത ഇടതുസര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ്. കോഴിക്കോട്ടു നിന്ന് ചുരം കയറാതെ, വെറും എട്ടുകിലോമീറ്റര്‍ യാത്രകൊണ്ട് വയനാട്ടിലെത്താം.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ നിന്ന് മറിപ്പുഴ, സ്വര്‍ഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട തുരങ്കപാത. തുരങ്കം തുടങ്ങുന്ന തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.65 ഹെക്ടര്‍ ഭൂമിയും തുരങ്കമവസാനിക്കുന്ന മേപ്പാടി, കോട്ടപ്പടി , വില്ലേജുകളിലെ 4.82 ഹെക്ടര്‍ഭൂമിയുമാണ് ഏറ്റെടുക്കുക. മറിപ്പുഴയില്‍ പാലം, നാലുവരി അപ്രോച്ച് റോഡ് എന്നിവ നിര്‍മ്മിക്കാനാണ് സ്ഥലമേറ്റെടുക്കല്‍. കോഴിക്കോട് വയനാട് ജില്ല കളക്ടര്‍മാര്‍ക്കാണ് സ്ഥലമേറ്റെടുക്കല്‍ ചുമതല.
685 കോടിരൂപയാണ് പദ്ധതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. ഈ വര്‍ഷമാദ്യം ഡിപിആര്‍ സമര്‍പ്പിച്ച കൊങ്കണ്‍ റെയില്‍വെ , ഇതിന്റെ മുന്നിരട്ടിയെങ്കിലും പദ്ധതിക്കായി വേണ്ടിവരുമെന്ന് കണ്ടെത്തിയിരുന്നു. പദ്ധതിക്കായി വനഭൂമി ഏറ്റെടുക്കേണ്ടി വരുന്നില്ലെങ്കിലും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി വേണം. നിര്‍മ്മാണ ചുമതലയുള്ള കൊങ്കണ്‍റെയില്‍വെ തന്നെ ഇതിനായുളള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ധാരണ.
അതേസമയം, തുരങ്കപ്പാത പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും പാരിസ്ഥിതികസാമൂഹിക ആഘാത പഠനം എങ്ങുമെത്തിയില്ല. 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മപദ്ധതികളില്‍ ഉള്‍പ്പെടുത്തി ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരുതരത്തിലും ജനങ്ങളുടെ ആശങ്കകള്‍ ദൂരികരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
8.11 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലും 0.625 കിലോമീറ്റര്‍ അപ്രോച്ച് റോഡുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
8.11 കിലോ മീറ്റര്‍ തുരങ്കപ്പാത കടന്നുപോകുന്ന മേഖലയില്‍ 2.904 കിലോ മീറ്റര്‍ സ്വകാര്യ ഭൂമിയും 5.26 കിലോ മീറ്റര്‍ വനഭൂമിയുമാണ് ഉള്‍പ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ മറിപ്പുഴയില്‍ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ചൂരല്‍മലയിലെ മീനാക്ഷി ക്ഷേത്രത്തിനടുത്താണ് അവസാനിക്കുക. നാലുവരി തുരങ്കപ്പാതയും ഒരു എമര്‍ജന്‍സി എക്‌സിറ്റ് പാസേജുമായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചെങ്കിലും ഇപ്പോള്‍ പൂര്‍ത്തീകരിച്ച വിശദ പദ്ധതി റിപോര്‍ട്ട് പ്രകാരം നാലുവരിപ്പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കേണ്ട പാത വിശദ പദ്ധതി റിപോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒഴിവാക്കിയതായാണ് കാണാന്‍ കഴിയുന്നത്. സാമ്പത്തിക ലാഭം കണക്കിലെടുത്താണ് ഇത് ഒഴിവാക്കിയതെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇരുവരഞ്ഞി പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാലവും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ നിര്‍വഹിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചെങ്കിലും പാരസ്ഥിതികസാമൂഹികാഘാത പഠനം ഏല്‍പ്പിച്ചിരിക്കുന്നത് കിറ്റ്‌കോയെയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് പദ്ധതി വിഭാവനം ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പദ്ധതി നടത്തിപ്പ് പൂര്‍ണമായും കിഫ്ബിയിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന വിവരം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു. കോഴിക്കോട്ടുനിന്ന് കുന്നമംഗലം, എന്‍ഐടി, അഗസ്ത്യന്‍മുഴി, തിരുവമ്പാടി വഴിയാണ് മറിപ്പുഴയിലെത്തുന്നത്. പദ്ധതി നടത്തിപ്പ് പൂര്‍ണമായും കിഫ്ബിക്ക് നല്‍കിയതിന് പിന്നാലെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന അഗസ്ത്യന്‍മുഴി റോഡ് നിര്‍മാണവും കിഫ്ബിക്ക് കൈമാറിയതായാണ് വിവരം.
അതേസമയം തുരങ്കപ്പാത അവസാനിക്കുന്ന ചൂരല്‍മലയിലെ മീനാക്ഷി ക്ഷേത്രത്തില്‍ നിന്ന് വലിയ ദൂരമില്ല 2019ല്‍ മഹാദുരന്തത്തിന് ഇടയാക്കിയ പൊത്തുമലയിലേക്ക്. പുത്തുമലയിലെ ഉരുള്‍പൊട്ടല്‍ പ്രഭവകേന്ദ്രത്തിന് അടുത്തുകൂടിയാണ് തുരങ്കപ്പാത കടന്നുപോകുന്നതെന്ന് സാരം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുടെ സാധ്യതാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശത്തുകൂടിയാണ് തുരങ്കപ്പാത പോകുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
തുരങ്കപ്പാത പദ്ധതിക്കായി നിര്‍മിക്കുന്ന അപ്രോച്ച് റോഡിനായി ഇതുവരേയും മേപ്പാടി പഞ്ചായത്തില്‍ നിന്നുപോലും അനുമതി ലഭിച്ചില്ല. കിഫ്ബിയുടെ കീഴില്‍ പ്രഖ്യാപിക്കപ്പെട്ട വന്‍ പദ്ധതികളിലെല്ലാം സര്‍ക്കാര്‍ സമാന സമീപനമാണ് കൈക്കൊള്ളുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ഇത്രയും വലിയ തുക മുടക്കി നിര്‍മ്മിക്കുന്ന പദ്ധതിക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ സുതാര്യതയില്ലായ്മയും ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശക്തിപകരുന്നുണ്ട്.
അതേസമയം വലിയൊരു പ്രത്യാഘാതത്തിന് ഇടയൊരുക്കുന്ന പദ്ധതിയായിട്ടും ഇതിനെതിരേ കാര്യമായ പ്രതിഷേധങ്ങളൊന്നും പരിസ്ഥിതിസാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിന്ന് ഉയര്‍ന്നിട്ടില്ലെന്നാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോഴും ഇത്തരം പദ്ധതികള്‍ക്കെതിരേ തുടരുന്ന മൗനം സംശയാസ്പദമാണ്.