ഇന്ത്യയില്‍ കോടി പിന്നിട്ട് കൊവിഡ്
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ അര്‍ത്ഥം ജനസംഖ്യയുടെ ഗണ്യമായ അനുപാതം ഒരുപക്ഷേ 40 മുതല്‍ 50 ശതമാനം വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇതിനകം രോഗം ബാധിക്കുകയും പ്രതിരോധശേഷി നേടുകയും ചെയ്തു എന്നതാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. യുഎസിനു ശേഷം കൊവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇതുവരെയായി 1.44 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരമായി മരിച്ചത്. 90 ലക്ഷം കേസുകളില്‍ നിന്നും ഒരു മാസം കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം കോടിയിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലുമടക്കം ഈ ഘട്ടത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ അര്‍ത്ഥം ജനസംഖ്യയുടെ ഗണ്യമായ അനുപാതം ഒരുപക്ഷേ 40 മുതല്‍ 50 ശതമാനം വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇതിനകം രോഗം ബാധിക്കുകയും പ്രതിരോധശേഷി നേടുകയും ചെയ്തു എന്നതാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഐസിഎംആര്‍ പലയിടങ്ങളിലും നടത്തിയ പരിശോധനകളില്‍ ജനസംഖ്യയിലെ 40 ശതമാനത്തോളം പേര്‍ക്ക് അവര്‍ പോലും അറിയാതെ കൊവിഡ് വന്നുപോയതായി രക്ത പരിശോധനയിലെ ആന്റിബോഡി സാനിധ്യം വഴി വ്യക്തമായിരുന്നു.
സെപ്റ്റംബര്‍ മധ്യത്തിലാണ് ഇന്ത്യയില്‍ കൊവിഡ് ഏറ്റവും രുക്ഷമായത്. ഒരു ദിവസം 90,000 ത്തിന് മുകളിലായിരുന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി രാജ്യത്ത് പിന്നീട് പുതിയ കേസുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയായിരുന്നു. സെപ്റ്റംബര്‍ മൂന്നാംവാരത്തില്‍ 10 ലക്ഷത്തിലധികമായിരുന്നു സജീവമായ കേസുകളെങ്കില്‍ ഇപ്പോള്‍ അത് വെറും മൂന്ന് ലക്ഷം മാത്രമാണ്. യുഎസില്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം വരെയാണ് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വര്‍ധന. ബ്രസീലില്‍ ഇത് അരലക്ഷത്തോളമാണ്. രാജ്യത്ത് കൊവിഡിനെ തുടര്‍ന്നുള്ള മരണത്തിലും കുറവുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ രാജ്യത്താകമാനം ആയിരത്തിലധികം മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ 400ല്‍ താഴെയാണ്.