'ഓപറേഷന്‍ താമര': തുഷാര്‍ വെള്ളാപ്പള്ളിക്ക് വീണ്ടും തെലങ്കാന പോലിസിന്റെ നോട്ടിസ്
ആലപ്പുഴ: ടിആര്‍എസ് സര്‍ക്കാരിനെതിരായ 'ഓപറേഷന്‍ താമര' അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഡിഎ കേരള കണ്‍വീനറും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വീണ്ടും നോട്ടീസ് നല്‍കി തെലങ്കാന പോലിസ്. ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസാണ് കൈമാറിയത്. കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടില്‍ തെലങ്കാന പോലിസ് നേരിട്ടെത്തിയ നല്‍കിയ നോട്ടീസ് അദ്ദേഹത്തിന്റെ അഭിഭാഷകനായ സിനില്‍ മുണ്ടപ്പള്ളിയാണ് കൈപ്പറ്റിയത്.
നവംബര്‍ 25ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നല്‍കിയ നോട്ടീസിനെതിരേ തുഷാര്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെലങ്കാന പോലിസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു തുഷാറിന്റെ ആവശ്യം. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയില്‍ തുഷാറിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തെലങ്കാന പോലിസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ഉദ്ദേശത്തോടെ ടിആര്‍എസ്സിന്റെ നാല് എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഏജന്റുമാരെ നിയോഗിച്ചെന്നാണ് കേസ്.
ഇതുസംബന്ധിച്ച തെളിവുകള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടിരുന്നു. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപറേഷന്‍ ലോട്ടസ്' പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. പോലിസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും തുഷാറിന്റെ പങ്ക് തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി നേതാക്കള്‍ ഗൂഢാലോചന നടത്തിയതിന്റെയും തെളിവുകള്‍ പോലിസ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.