''ഇസ്രായേലിനെ പോലെ ചെയ്യണം'': പഹല്‍ഗാം ആക്രമണവും ഹിന്ദുത്വരുടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും

Update: 2025-04-26 00:43 GMT
ഇസ്രായേലിനെ പോലെ ചെയ്യണം: പഹല്‍ഗാം ആക്രമണവും ഹിന്ദുത്വരുടെ  മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും

കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന്റെ മറവില്‍ മുസ്‌ലിംകളെ ആക്രമിക്കാനുള്ള ആഹ്വാനങ്ങള്‍ ഹിന്ദുത്വര്‍ ശക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന കാംപയിന് പുറമെ നിരവധി സ്ഥലങ്ങളില്‍ അവര്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തി. പശു സംരക്ഷണത്തിന് പ്രവര്‍ത്തിക്കുകയാണെന്ന് അവകാശപ്പെട്ട ക്ഷത്രിയ ഗോരക്ഷാ ദള്‍ എന്ന ഹിന്ദുത്വ സംഘടനയുടെ നേതാവ് മനോജ് ചൗധരി റസ്റ്ററന്റ് ജീവനക്കാരനായ ഗുല്‍ഫാം എന്ന മുസ്‌ലിം യുവാവിനെ ബുധനാഴ്ച്ച വെടിവച്ചു കൊന്നു. സെയ്ഫ് അലി എന്ന യുവാവ് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്.

ആഗ്രയില്‍ മുസ്‌ലിം യുവാവിനെ വെടിവച്ചു കൊന്ന ഹിന്ദുത്വന്‍(LEFT)

ആഗ്രയില്‍ മുസ്‌ലിം യുവാവിനെ വെടിവച്ചു കൊന്ന ഹിന്ദുത്വന്‍(LEFT)

പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് മനോജ് ചൗധരി അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. 2600 മുസ്‌ലിംകളെ കൊല്ലുമെന്നാണ് മനോജ് ചൗധരിയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഹരിയാനയില്‍ രണ്ട് മുസ്‌ലിംകളെ ഹിന്ദുത്വര്‍ ഗ്രാമത്തില്‍ നിന്നും അടിച്ചുപുറത്താക്കി. അംബാലയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള മൂന്നു ബിരിയാണിക്കടകള്‍ ആക്രമിച്ചു. പഹല്‍ഗാമില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് പ്രദേശവാസികളായ മുസ്‌ലിംകളാണെന്ന വാര്‍ത്തകളൊന്നും ഹിന്ദുത്വ പ്രചാരണങ്ങളെ ഇല്ലാതാക്കിയില്ല. തീവ്രവാദികളായ കശ്മീരികളെയും മുസ്‌ലിംകളെയും വെള്ളപൂശാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തെ കുറിച്ച് ഹിന്ദുത്വ സ്വഭാവമുള്ള ദേശീയ പത്രങ്ങളും ചാനലുകളും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കശ്മീരില്‍ റിപോര്‍ട്ടര്‍മാരും ബ്യൂറോകളും ഇല്ലാത്ത പ്രാദേശിക മാധ്യമങ്ങളും ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും കൂടി ഏറ്റെടുത്തതോടെ പൊതുമണ്ഡലത്തില്‍ മുസ്‌ലിം വിരുദ്ധ വികാരം ശക്തിപ്പെട്ടിരുന്നു. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഗസയില്‍ ഇസ്രായേല്‍ ചെയ്യുന്നതു പോലുള്ള ആത്യന്തിക പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വരെ ചില ടിവി ചാനലുകള്‍ വാദിച്ചു. ഇതിന്റെ കൂടി മറവിലാണ് ഓണ്‍ലൈനായും ഓഫ്‌ലൈനായും ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ ശക്തമാക്കിയത്.

ബംഗ്ലാദേശ് മുതല്‍ പശ്ചിമബംഗാള്‍ മുതല്‍ കശ്മീര്‍ വരെ കൊലയാളികള്‍ക്ക് ഒരു ഡിഎന്‍എയാണെന്നാണ് സംഘപരിവാര്‍ സഹയാത്രികയായ ഷെഫാലി വൈദ്യ എക്‌സില്‍ കുറിച്ചത്.


ഉത്തരാഖണ്ഡിലെ ഏല്ലാ കശ്മീരി മുസ്‌ലിംകളും സ്ഥലം വിടണമെന്നാണ് ഹിന്ദു രക്ഷാദള്‍ എന്ന ഹിന്ദുത്വ സംഘടനയുടെ നേതാവ് ലളിത് ശര്‍മ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ അലഹാബാദിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ഛണ്ഡീഗഡിലും കശ്മീരി വിദ്യാര്‍ഥികള്‍ ആക്രമണത്തിന് ഇരയായി. ഏപ്രില്‍ 24ന് മുമ്പ് എല്ലാ കശ്മീരി വിദ്യാര്‍ഥികളും ഉത്തരാഖണ്ഡ് വിട്ടുപോവണമെന്നാണ് ലളിത് ശര്‍മയുടെ ആവശ്യം. തന്റെ സംഘങ്ങള്‍ സര്‍വകലാശാലകളില്‍ പരിശോധന നടത്തി ആക്രമണം നടത്തുമെന്നും അയാള്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്‌ലാം ഈ രാജ്യത്തുള്ളിടത്തോളം കാലം ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുമെന്നും മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ സുരക്ഷാ ഭീഷണിയാണെന്നും ലളിത് ശര്‍മ പറഞ്ഞു. പിന്നീടും അവര്‍ തിട്ടൂരമിറക്കുകയുണ്ടായി.

രാജസ്ഥാനിലെ ജോധ്പൂരിലെ ജലോരി ഗേറ്റ് പോലിസ് സ്‌റ്റേഷന് സമീപം ഹിന്ദുത്വര്‍ വലിയ തോതിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. '' തീവ്രവാദത്തിന് ഒരു പേരേയുള്ളു അത് ഇസ്‌ലാം എന്നാണ്. മുസ്‌ലിംകളെ കൊല്ലും. റാം റാം വിളിക്കും. അവരുടെ വീടുകള്‍ കയറി ആക്രമിക്കും.'' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ വിളിച്ചു.

ഹിന്ദുത്വരുടെ പ്രചരണത്തിനൊപ്പം റിപ്പബ്ലിക്ക് ടിവിയിലെ അര്‍ണബ് ഗോസ്വാമിയും യുദ്ധക്കൊതിയുള്ള പ്രസ്താവന നടത്തി. പ്രശ്‌നങ്ങള്‍ക്ക് ആത്യന്തിക പരിഹാരം വേണമെന്നാണ് ഗോസ്വാമി ഒരു ചര്‍ച്ചയില്‍ പറഞ്ഞത്. ഹിന്ദുത്വര്‍ക്ക് പിന്തുണയെന്ന പോലെ ഇസ്രായേലി സര്‍ക്കാരും രംഗത്തെത്തി. ഇസ്രായേലിന് എതിരെ ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയും പഹല്‍ഗാം ആക്രമണവും ഒരുപോലെയാണെന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റൂവന്‍ അസാര്‍ പറഞ്ഞത്. ഇസ്രായേല്‍ ഗസയില്‍ ചെയ്യുന്നതു പോലെ ഇന്ത്യ കശ്മീരില്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിരവധി പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലും എക്‌സിലും നിരവധി പേര്‍ക്ക് റെക്കമന്‍ഡ് ചെയ്യപ്പെട്ടു. ഇസ്രായേലില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നും ഫലസ്തീനികളെ പോലെ മുസ്‌ലിംകള്‍ ശല്യക്കാരാണെന്നും പറയുന്ന പോസ്റ്റുകളായിരുന്നു ഇവ. മുസ്‌ലിംകളെ വംശഹത്യ നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണം തന്നെയായിരുന്നു ഇത്.

മുസ്‌ലിംകളെ ഭീകരരാക്കി ചിത്രീകരിക്കാനുള്ള ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. മുസ്‌ലിം ഭീകരത, ഹിന്ദു ഇര തുടങ്ങിയ വാക്കുകള്‍ അവര്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യിച്ചു. തോക്ക് കിട്ടിയാല്‍ പ്രദേശത്തെ എല്ലാ മുസ്‌ലിംകളെയും കൊല്ലുമെന്നാണ് ഗോപാല്‍ ശുക്ല ഹിന്ദു എന്ന എക്‌സ് അക്കൗണ്ട് പോസ്റ്റ് ചെയ്തത്. ഹിന്ദുക്കള്‍ ഉണരണമെന്നും പ്രതികാരം ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളെ കൊണ്ട് സോഷ്യല്‍മീഡിയ നിറഞ്ഞിരുന്നു. ഇസ്‌ലാം ചുവപ്പന്‍ ഭീകരതയാണെന്ന് തെളിഞ്ഞുവെന്നും നിരവധി ഹിന്ദുത്വര്‍ പ്രചരിപ്പിച്ചു.

ഗോപാല്‍ ശുക്ല ഹിന്ദു

''പേരുകള്‍ ചോദിച്ച് അവര്‍ കൊല്ലുന്നു, പേരുകള്‍ ചോദിച്ച് സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ ?''-വര്‍ഗീയതയല്ലാതെ മറ്റൊന്നും പ്രചരിപ്പിക്കാത്ത സുദര്‍ശന്‍ ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫായ

സുരേഷ് ചാവ്ഹാങ്കെ എക്‌സില്‍ പോസ്റ്റ് ചെയ്തു. മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം. പഹല്‍ഗാമിലുണ്ടായ ആക്രമണത്തെ കശ്മീരികള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരായ ആക്രമണങ്ങള്‍ ശക്തമാക്കാന്‍ ഹിന്ദുത്വര്‍ ഉപയോഗിക്കുന്നുവെന്നു തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.


അതേസമയം, പഹല്‍ഗാം ആക്രമണത്തെ അപലപിച്ച ലിബറല്‍ ചിന്താഗതിക്കാര്‍ക്കെതിരെയും ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടു. മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കാത്തതിനായിരുന്നു ഇത്.

Similar News