ബഷീര്‍ പാമ്പുരുത്തി
പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിക്കുന്നത് ഇസ്രായേല്‍ എന്ന അധിനിവേശകരുടെ ചൂഷണമാണ്. കൂട്ടക്കൊലകളും ഉപരോധവും കൊണ്ട് ചോരക്കളമായി മാറിയ ഫലസ്തീന്‍ ലോകത്തിന്റെയാകെ നൊമ്പരമാണ്. ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികളുണ്ടായിട്ടുണ്ട്. ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് കേരളമണ്ണില്‍നിന്ന് എന്നും പിന്തുണയും പ്രാര്‍ഥനയും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ അത് രാഷ്ട്രീയചര്‍ച്ചകള്‍ക്കും പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് സംഘമായ ഹമാസ് പോരാളികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയുടെ അലയൊലിയും കേരള രാഷ്ട്രീയത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും പ്രാര്‍ഥനാ സദസ്സുകളും മാത്രമല്ല, കളമശ്ശേരിയിലെ സ്‌ഫോടനപരമ്പരയിലും ഫലസ്തീനെയും ഹമാസിനെയും വലിച്ചിഴച്ചു. ഏറ്റവുമൊടുവില്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ തന്നെ ഫലസ്തീന്‍ രാഷ്ട്രീയം മാറ്റിമറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിന് കാരണവുമുണ്ട്.
ആഗോളതലത്തില്‍ തന്നെ ഇടതുപക്ഷ രാജ്യങ്ങള്‍ ഫലസ്തീനൊപ്പമാണ്. കേരളത്തിലും അതില്‍ വ്യത്യാസമുണ്ടായിട്ടില്ല. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് ചിലരെത്തിയപ്പോള്‍ എം എ ബേബിയും എം സ്വരാജുമെല്ലാം അതിരൂക്ഷമായ ഭാഷയിലാണ് പ്രതിരോധിച്ചത്. ഇടയ്ക്ക് കെ കെ ശൈലജയെ പോലുള്ളവരുടെ പരാമര്‍ശങ്ങളുമുണ്ടായെങ്കിലും സിപിഎം ഔദ്യോഗികമായി തന്നെ ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചു. ഏരിയാകേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തുകയാണ്. ഇതിനിടെയാണ് മുസ് ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് വന്‍ ജനാവലിയെ എത്തിച്ച് ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്. ലീഗിന്റെ സമീപകാല സമ്മേളനത്തിലെ അതിഗംഭീരമായ ഒന്നായിരുന്നു മനുഷ്യാവകാശ മഹാറാലി. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനാ നേതാക്കളെയോ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയോ സമ്മേളനത്തിന് ക്ഷണിച്ചിരുന്നില്ല. കോണ്‍ഗ്രസ് പക്ഷത്തുനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെയോ രമേശ് ചെന്നിത്തലയെയോ കെപിസിസി പ്രസിഡന്റ് കെ സുധാകരനെയോ പോലും ക്ഷണിച്ചിരുന്നില്ല. മുഖ്യാതിഥിയായി ക്ഷണിച്ചത് യുഎന്‍ പാരമ്പര്യമുള്ള എഐസിസി നേതാവ് ശശി തരൂരിനെയാണ്. എന്നാല്‍, സമ്മേളനത്തിന്റെയാകെ നിറംകെടുത്തിക്കൊണ്ടാണ് ശശി തരൂര്‍ എംപിയുടെ പരാമര്‍ശമുണ്ടായത്. ഗസയില്‍ ജീവന്‍ കൊടുത്തും പോരാടുന്ന ഹമാസ് പോരാളികളെ ഭീകരവാദികളാക്കിക്കൊണ്ടുള്ള ശശി തരൂരിന്റെ പ്രസംഗം കൂനിന്‍മേല്‍ കുരുവായി.
ഇപ്പോഴിതാ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സാണ് കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ചര്‍ച്ച. സെമിനാറിലേക്ക് സമസ്തയെ ക്ഷണിച്ചെങ്കിലും ആദ്യം ലീഗിനെ ക്ഷണിച്ചിരുന്നില്ല. അതിനു കാരണം, ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നടത്തിയ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചെങ്കിലും തള്ളിയതായിരുന്നു. ഇതിനിടെയാണ്, അപ്രതീക്ഷിതമായി ലീഗിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണമുണ്ടായത്. സിപിഎം ഔദ്യോഗികമായി ക്ഷണിച്ചാല്‍ അക്കാര്യം ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇടിയുടെ പരാമര്‍ശം. ഇതോടെ, സിപിഎം സടകുടഞ്ഞെഴുന്നേറ്റു. സംഘാടക സമിതിക്കു വേണ്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ തന്നെ ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചു. യുഡിഎഫില്‍ വിള്ളലുണ്ടാക്കുന്നതിനൊപ്പം മുസ് ലിം മനസ്സും തങ്ങള്‍ക്കൊപ്പം ആക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. പ്രത്യേകിച്ച്, പിണറായി ഭരണത്തില്‍ ജനം മനംമടുത്തിരിക്കുമ്പോള്‍. ഇടിയുടെ വാക്കില്‍ അപകടം മണത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ പതിവുപോലെ വാതുറന്നു. അത് അതിലേറെ അബദ്ധമായി. അടുത്ത ജന്‍മം പട്ടിയാവുമെന്ന് കരുതി ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. ഇടിയെ പട്ടിയോട് ഉപമിച്ചെന്നത് വന്‍ വിവാദമായി. ലീഗും വിട്ടുകൊടുത്തില്ല. മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നായി പി എം എ സലാമിന്റെ തിരിച്ചടി. വാക്കുകള്‍ സൂക്ഷിക്കണമെന്നും നേരത്തെയും ഇത്തരം കാര്യം പറഞ്ഞിരുന്നെന്നും സലാം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, സിപിഎം-ലീഗ് ബന്ധമുണ്ടാവുമെന്ന സൂചനകളുണ്ടായപ്പോഴെല്ലാം തുറന്നെതിര്‍ത്ത എം കെ മുനീറാവട്ടെ, തന്റെ അഭിപ്രായം പാര്‍ട്ടിയില്‍ പറയുമെന്നു പറഞ്ഞ് കൈയൊഴിഞ്ഞു. ഇതിനിടെ, നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പോയതിനെ കെ പി എ മജീദ് ഉള്‍പ്പെടെ പിന്തുണച്ചു. എന്നാല്‍, കേന്ദ്രം ഭരിക്കുന്ന സംഘപരിവാര നോമിനിയായ ഗവര്‍ണര്‍ക്കെതിരേയുള്ള പൊതുവികാരം മനസ്സിലാക്കാതെ കെ സുധാകരന്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചു. വീണുകിട്ടിയ അവസരം പോലെയാണ് മജീദിന്റെയും ഇടിയുടെയും പിന്തുണ സിപിഎം കണക്കാക്കിയത്. 'പട്ടി പ്രയോഗ'ത്തില്‍ അണികള്‍ അമര്‍ഷം പുറത്തുകാട്ടുന്നില്ലെങ്കിലും സങ്കീര്‍ണമാണെന്ന് കോണ്‍ഗ്രസിനു ബോധ്യപ്പെട്ടു. കെ സുധാകരന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇടിയെ ഉദ്ദേശിച്ചല്ലെന്നും മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് തന്നെത്തന്നെ ഉദ്ദേശിച്ചായിരുന്നുവെന്നും വിശദീകരിച്ചു. കെ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ചും കെ സുധാകരന്‍ അനുനയം നടത്തിയെന്നാണ് വിവരം.
ലോകത്തിന്റെ പലയിടത്തും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ഇസ്രായേല്‍ ആക്രണത്തിനെതിരേ പ്രതിഷേധവും ഉയരുമ്പോള്‍, ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണയൊന്നുമുണ്ടാവുന്നില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീനൊപ്പമാണെന്ന് പറയുമ്പോഴും ഹമാസിന്റേത് ചെറുത്തുനില്‍പ്പാണെന്ന് സമ്മതിക്കാന്‍ തയ്യാറാവുന്നില്ല. വിഷയത്തില്‍ എഐസിസി തൊട്ടുള്ള ഭിന്നത കെപിസിസിയിലുമുണ്ടെങ്കിലും അത്രയ്ക്കങ്ങ് തുറന്നുപറയാന്‍ പലരും തയ്യാറല്ല. എന്നാല്‍, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവുമായി മലപ്പുറത്ത് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും രംഗത്തെത്തി. ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ പേരില്‍ റാലി നടത്തുന്നത് നേതൃത്വം വിലക്കിയെങ്കിലും പുല്ലുവില കല്‍പ്പിക്കാതെ കനത്ത മഴയത്തും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഫലസ്തീനൊപ്പമുണ്ടെങ്കിലും പലരുടെയും മനസ്സ് രണ്ടുതട്ടിലാണെന്ന് വ്യക്തമാണ്. ഇക്കാര്യം സിപിഎം വന്‍തോതില്‍ പ്രചരിപ്പിക്കുക കൂടി ചെയ്യുന്നതോടെ യുഡിഎഫിലും ആശയക്കുഴപ്പമുണ്ട്. ഇതാണ് യുഡിഎഫിലെ പ്രബല കക്ഷിയായ മുസ് ലിം ലീഗിനെയും പ്രതിസന്ധിയിലാക്കുന്നത്. നേരത്തേ സിഎഎ, ഏകസിവില്‍കോഡ് വിഷയങ്ങളിലും സിപിഎം മുസ് ലിം ന്യൂനപക്ഷങ്ങളുടെ ആശങ്കയ്‌ക്കൊപ്പം നിലനിന്നത് പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലാണ് കലാശിച്ചത്. മേല്‍പ്പറഞ്ഞ വിഷയങ്ങളിലേതിനേക്കാള്‍ ഫലസ്തീന്‍ വിഷയത്തില്‍ മനുഷ്യാവകാശ പക്ഷത്തുനില്‍ക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നു പറഞ്ഞാണ് സിപിഎം സെമിനാറിനെ കാണുന്നത്. ഇനിയും ഭരണമില്ലാതെ പിടിച്ചുനില്‍ക്കുകയെന്നത് കോണ്‍ഗ്രസിനേക്കാളുപരി ലീഗിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രണ്ടാംപിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെപ്പോലും കോണ്‍ഗ്രസിനോ യുഡിഎഫിനോ വേണ്ടവിധം ജനങ്ങളിലെത്തിക്കാനാവുന്നില്ല. നേതാക്കളുടെ വടംവലിയെല്ലാം ജനങ്ങളുടെ കണ്‍മുന്നിലാണ് നടക്കുന്നത്. ഇങ്ങനെ പോയാല്‍ അധികാരമെന്നത് കിട്ടാക്കനിയാവുമെന്ന തോന്നലാണ് ലീഗിനുമുള്ളത്. സംഘപരിവാരത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരേ സിപിഎം സ്വീകരിക്കുന്ന നയങ്ങളാണ് സമസ്തയെ പോലും വിചിന്തനത്തിനു കാരണമാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ അഴകൊഴമ്പന്‍ നിലപാടുകള്‍ക്കെതിരേ ഈയിടെ തുറന്നെതിര്‍ക്കുന്നുണ്ട്. നവംബര്‍ 14ന് കോഴിക്കോട്ട് യാസര്‍ അറഫാത്ത് നഗറില്‍ നടത്തുന്ന ഫലസ്തീന്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ലീഗും പങ്കെടുക്കണമെന്നാണ് സമസ്തയില്‍ പലരുടെയും അഭിപ്രായം. പ്രത്യേകിച്ച്, ശശി തരൂരിനെതിരായ വികാരം കൂടി സമുദായത്തില്‍ നിലനില്‍ക്കുമ്പോള്‍. മുന്‍കാലത്ത് യാസിര്‍ അറഫാത്തിന്റെയും സദ്ദാം ഹുസയ്‌ന്റെയും ചിത്രങ്ങള്‍ പ്രകടനങ്ങളിലും സമ്മേളനങ്ങളിലും ഉപയോഗിച്ച് നേട്ടമുണ്ടാക്കിയവരാണ് സിപിഎം. ഇതെല്ലാം കേരള രാഷ്ട്രീയത്തിലെ ഗതിമാറ്റുമോയെന്ന് ശനിയാഴ്ച ചേരുന്ന മുസ് ലിം ലീഗ് യോഗത്തില്‍ കണ്ടറിയേണ്ടിവരും.