പാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി

പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി ശരിവച്ചു

Update: 2023-09-21 09:32 GMT

ന്യൂഡല്‍ഹി: എറണാകുളം ആലുവയ്ക്കടുത്ത് പാനായിക്കുളത്ത് സ്വാതന്ത്ര്യദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചതിനെ സിമി ക്യാംപ് നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി ശരിവച്ച് സുപ്രിംകോടതി. ഹൈക്കോടതി വിധിക്കെതിരേ എന്‍ ഐഎ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. എന്‍ഐഎ അന്വേഷിച്ച് വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരേയാണ് എന്‍ ഐഎ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ഇതോടെ പ്രമാദമായ കേസില്‍ എന്‍ഐഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ പ്രതികളും കുറ്റവിമുക്തരായി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഷാദുലി, നടയ്ക്കല്‍ പാറയ്ക്കല്‍ വീട്ടില്‍ അബ്ദുര്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ് വി, പാനായിക്കുളം ജാസ്മിന്‍ മന്‍സില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരേയാണ് എന്‍ ഐഎ ഹരജി നല്‍കിയിരുന്നത്. സുപ്രിംകോടതിയിലെ ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

    2006 ആഗസ്ത് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ നടത്തിയ സ്വാതന്ത്ര്യദിന സെമിനാറിനെയാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യ ക്യാംപാണെന്നു പറഞ്ഞ് കേസെടുത്തത്. തുടര്‍ന്ന് രാജ്യദ്രോഹം, ഗൂഢാലോചന, നിരോധിത സംഘടനയില്‍ പങ്കാളിയാവല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു. കേസില്‍ 11 പേരെ വെറുതെ വിട്ട വിചാരണ കോടതി അഞ്ചുപേരെ ശിക്ഷിച്ചു. ഷാദുലിക്കും അബ്ദുര്‍ റാസിഖിനും 14 വര്‍ഷം തടവും 60,000 രൂപ പിഴയും മൂന്നുപേര്‍ക്ക് 12 വര്‍ഷം തടവും 55,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഡിവിഷന്‍ ബെഞ്ച് എല്ലാവരെയും വെറുതേ വിട്ടു. മാപ്പു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശിക്ഷ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എല്ലാവരെയും വെറുതെവിട്ടത്. ഗൂഢാലോചന നടത്തിയതിനോ രാജ്യത്തിനെതിരേ വിരോധം ഉണര്‍ത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നതിന് വ്യക്തമായ തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. മാത്രമല്ല, പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതിലും ശിക്ഷ വിധിച്ചതിലും ഗുരുതരമായ പിഴവുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നിരോധനത്തിനു മുമ്പ് തയ്യാറാക്കിയ ലഘുലേഖകളും മറ്റും കൈയിലുള്ളതുകൊണ്ടു മാത്രം ഒരാള്‍ നിരോധിക്കപ്പെട്ട സംഘടനയിലെ അംഗമാണെന്ന് പറയാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെറുതെവിട്ടിരുന്നത്. ഇതിനെതിരേ എന്‍ ഐഎ നല്‍കിയ ഹരജി സുപ്രിംകോടതി കൂടി തള്ളിയതോടെ കെട്ടിച്ചമച്ച കേസാണിതെന്ന വാദം ശരിവയ്ക്കുകയാണ്.

Tags:    

Similar News