കാണാതായ മകളെ തേടിയെത്തിയ മാതാപിതാക്കള്‍ക്ക് പോലിസുകാരുടെ മര്‍ദ്ദനം

പെണ്‍കുട്ടിയും കാമുകനുമെത്തിയത് സംഘപരിവാര്‍ സംരക്ഷണത്തില്‍

Update: 2023-05-04 17:06 GMT

തേഞ്ഞിപ്പലം: കാണാതായ മകളെ തേടിയെത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും പോലിസ് സ്റ്റേഷന്‍ വളപ്പിലിട്ട് പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മര്‍ദ്ദനത്തിലും ലാത്തിയടിയിലും പരിക്കേറ്റവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. മൂന്ന് ദിവസം മുമ്പ് പുത്തൂര്‍ പള്ളിക്കലില്‍ നിന്ന് കാണാതായ മുസ് ലിം പെണ്‍കുട്ടിയെ തേടിയെത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് തേഞ്ഞിപ്പലം പോലിസില്‍ മൂന്നുദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തേഞ്ഞിപ്പലം സ്‌റ്റേഷനില്‍ നിന്ന് ബന്ധുക്കളോട് കുട്ടിയെ കണ്ടത്തിയെന്നും ഉച്ചയ്ക്ക് രണ്ടോടെ പോലിസ് സ്‌റ്റേഷനിലെത്താനും പറഞ്ഞ് വിളിക്കുകയായിരുന്നു. സംഘപരിവാര്‍ അനുഭാവിയായ പെരുവള്ളൂര്‍ കാടപ്പടിയിലെ വിഷ്ണുവിന്റെ കൂടെയാണ് കുട്ടിയെ കണ്ടത്തിയത്.

    എന്നാല്‍, സ്‌റ്റേഷനിലെത്തിയ ബന്ധുക്കള്‍ വൈകീട്ട് വരെ കാത്തിരിന്നിട്ടും എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച ബന്ധുക്കളോട് പോലിസ് മോശമായി പെരുമാറുകയായിരുന്നു. വൈകീട്ടോടെ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരോടൊപ്പമാണ് യുവാവും പെണ്‍കുട്ടിയുമെത്തിയത്. എന്നാല്‍, പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പോലും അനുവദിക്കാതെ ബന്ധുക്കളെ തടഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് വൈകീട്ട് ആറോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി ആദ്യം ബന്ധുക്കള്‍ക്കൊപ്പം പോവാന്‍ തയ്യാറായെങ്കിലും കോടതി വളപ്പില്‍ വച്ച് പെണ്‍കുട്ടിയുടെ കൈപിടിച്ച് വിഷ്ണു ആത്മാഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ഭയന്ന പെണ്‍കുട്ടി വീണ്ടും മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തി നിലപാട് മാറ്റിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ ഇരുഭാഗത്ത് നിന്നുമെത്തിയവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പോലിസ് തൊട്ടടുത്ത പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലേക്ക് യുവാവിനെയും യുവതിയെയും എത്തിച്ചു. പോലിസ് സ്‌റ്റേഷനില്‍ കരഞ്ഞ് നിലവിളിച്ചെത്തിയ മാതാവിനെയും ബന്ധുക്കളെയും പോലിസ് തടഞ്ഞതായും പരാതിയുണ്ട്. പെണ്‍കുട്ടിയെയും യുവാവിനെയും പുറത്തേക്ക് കൊണ്ടുപോവുന്നതിനിടെ കാണാന്‍ ശ്രമിച്ച മാതാപിതാക്കളെയും സഹോദരിയേയും ബന്ധുക്കളെയും പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. പുരുഷ പോലിസുകാരാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വസ്ത്രം കീറിനശിപ്പിക്കുകയും മറ്റും ചെയ്തതെന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ പറഞ്ഞു.

Tags:    

Similar News