ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ പീഡനത്തിനിരയാവുന്നുവെന്നത് പ്രചാരണം മാത്രം; ആഗോള മത ഉച്ചകോടിയില്‍ ആര്‍എസ്എസ് നേതാവ്

Update: 2022-11-05 07:24 GMT

ജക്കാര്‍ത്ത: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ പീഡനത്തിനിരയാവുന്നുവെന്ന വാദങ്ങള്‍ തള്ളി ആഗോള മത ഉച്ചകോടിയായ ആര്‍20യില്‍ ആര്‍എസ്എസ് നേതാവ് രംഗത്ത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നത് പ്രചാരണം മാത്രമാണെന്നും അതില്‍ യാഥാര്‍ഥ്യമില്ലെന്നും ആര്‍എസ്എസ് നേതാവ് റാം മാധവ് പറഞ്ഞു. ലോകത്തിലെ എല്ലാ മതങ്ങളുടെയും ഭവനമാണ് ഇന്ത്യ. 180 ദശലക്ഷം മുസ്‌ലിംകള്‍ ഇന്ത്യയില്‍ താമസിക്കുന്നു. ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറുന്നു. പീഡനത്തെക്കുറിച്ചുള്ള പ്രചരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ഇന്ത്യ എപ്പോഴും അഭയം നല്‍കി.

മുസ്‌ലിം നേതാക്കളെ രാഷ്ട്രപതി, വൈസ് പ്രസിഡന്റ്, ചീഫ് ജസ്റ്റിസ് സ്ഥാനങ്ങളില്‍ നിയമിച്ചെന്നും വ്യാഴാഴ്ച നടന്ന ആഗോള ഉച്ചകോടിക്കിടെ റാം മാധവ് പറയുന്നു. ഇന്ത്യയുടെ പൊതുജീവിതത്തില്‍ മുസ്‌ലിംകള്‍ മറ്റ് പല പ്രധാന സ്ഥാനങ്ങളും അലങ്കരിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ അവരുടെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നില്ല. 2050 ഓടെ ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യ ഇന്ത്യയിലായിരിക്കും. ഇന്തോനേസ്യയിലെ ബാലിയില്‍ വ്യാഴാഴ്ച നടന്ന ജി 20 മത ഉച്ചകോടിയുടെ (ആര്‍ 20) സമാപന ചടങ്ങിലാണ് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി മാധവ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

സമ്മേളനത്തിന്റെ രണ്ടാം ആവര്‍ത്തനത്തിന് 2023 ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലി മതസൗഹാര്‍ദ്ദത്തിന്റെ അതുല്യവും സമ്പൂര്‍ണവുമായ മിശ്രിതമാണ്. ചൈനക്കാര്‍ ബുദ്ധമതവും താവോയിസവും ഇവിടെ കൊണ്ടുവന്നു. ജാവനീസ് രാജാക്കന്‍മാര്‍ ഹിന്ദുമതം കൊണ്ടുവന്നു. പിന്നീട് വന്ന മുസ്‌ലിം ഭരണാധികാരികള്‍ക്കൊപ്പമാണ് ഇസ്‌ലാം കടന്നുവന്നത്. ഇത് സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ്. 86% മുസ്‌ലിം ജനസംഖ്യയുള്ള രാജ്യത്ത് 83.5% ഹിന്ദു ഭൂരിപക്ഷമുള്ള ഒരു പ്രവിശ്യ-' മാധവ് പരിപാടിയില്‍ പറഞ്ഞു.

2023 ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഫോറത്തിന്റെ മതവിഭാഗം, ആര്‍20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേസ്യ ഇന്ത്യയ്ക്ക് കൈമാറി. ജി20ക്ക് മുന്നോടിയായി 'നൂറ്റാണ്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം മതം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ഇന്തോനേസ്യയില്‍ ലോകനേതാക്കളെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

ജി20 യിലെ പ്രധാന വിഭാഗമായിട്ടാണ് ആര്‍20 യെ കാണുന്നത്. ഇന്നലെ ബാലിയില്‍ നടന്ന ആര്‍20 യില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ഉദ്ഘാടനം ചെയ്തു. ഈ കൊല്ലം ഡിസംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 30 വരെയാണ് ജി20 യുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇന്തോനേസ്യയും തമ്മില്‍ ദീര്‍ഘകാല വാണിജ്യബന്ധമാണുള്ളത്. ഇന്ത്യയില്‍ നിന്നാണ് ഇസ്‌ലാം, ബുദ്ധമതം, ജൈനമതം എന്നിവ ഇന്തോനേസ്യയിലേക്ക് വ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയിലും വിവിധ തലങ്ങളിലായി കാലങ്ങളുടെ ബന്ധമാണുള്ളത്.

Tags:    

Similar News