ഖുര്‍ആനിലെ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന ഹരജി സുപ്രീംകോടതി തള്ളി; അമ്പതിനായിരം രൂപ പിഴ ചുമത്തി
ഷിയ-സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാണ് വസീം റിസ്‌വയുടെ ശ്രമമെന്നാണ് ആക്ടിവിസ്റ്റ് അബ്ബാസ് കസ്മി ആരോപിക്കുന്നത്. ഖുര്‍ആനില്‍ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ഷിയയും ഇതുവരെ പറഞ്ഞിട്ടില്ല. ഇത് വെളിപ്പെടുത്തിയ പുസ്തകമാണെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'. കസ്മി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഖുര്‍ആനിലെ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ ഷിയാ നേതാവ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹരജി യാതൊരു പ്രസക്തിയും ഇല്ലാത്തതാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി ഹര്‍ജിക്കാരനില്‍ നിന്ന് 50,000 രൂപ പിഴയും ചുമത്തി. യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിയാണ് ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജഡ്ജിമാരായ റോഹിന്റണ്‍ എഫ് നരിമാരന്‍, ബി ആര്‍ ഗവായ്, ഋഷിഗേഷ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി തള്ളിയത്.
വാദങ്ങളില്‍ ഉറച്ച് നില്ക്കുന്നുണ്ടോ എന്ന് ഹരജി പരിഗണനക്കെടുത്തപ്പോള്‍ തന്നേ നരിമാന്‍ ഹരജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചിരുന്നു. കുറച്ച് സമയം അഭിഭാഷകന്റെ വാദം കേട്ട ശേഷം ഹരജി തള്ളുകയായിരുന്നു.
തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താന്‍ ഇസ്‌ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരാല്‍ ചേര്‍ക്കപ്പെട്ട സൂക്തങ്ങളാണിതെന്നും ഇവ അക്രമത്തിനും ആളുകളെ ജിഹാദിന്റെ പാതയിലേക്ക് കൊണ്ടു വരുന്ന തരത്തില്‍ പ്രകോപനം ഉയര്‍ത്തുന്നവയാണെന്നുമാണ് ഹര്‍ജിയില്‍ റിസ്‌വി ആരോപിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ ഈ വാക്യങ്ങള്‍ തിരുകിച്ചേര്‍ക്കപ്പെട്ടതാണെന്നും തീവ്രവാദികള്‍ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം റിസ്വിയുടെ ഹര്‍ജിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇദ്ദേഹം നല്‍കിയ ഹര്‍ജി തള്ളിക്കളയണം എന്നാവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസ അക്കാഡമിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഹര്‍ജിയാണിതെന്നും റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. റിസ്‌വിയുടെ ഹരജിയെ അപലപിച്ചു കൊണ്ട് ആള്‍ ഇന്ത്യ ഷിയ പെഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു.
'ഖുര്‍ആന്‍ വാക്യങ്ങളുടെ ആധികാരികതയെയും സത്യസന്ധതയെയും കുറിച്ചുള്ളഒരു ചര്‍ച്ചയും മുസ്‌ലീങ്ങള്‍ സ്വീകരിക്കില്ല. ഷിയാക്കളുടെ ആദ്യ ഇമാമായ ഹസ്രത്ത് ഇമാം അലി മുതല്‍ ആരും തന്നെ ഖുര്‍ആന്‍ വാക്യങ്ങളുടെ കൃത്യതയെക്കുറിച്ച് സംശയം ഉന്നയിച്ചിട്ടില്ല. 'സന്ദര്‍ഭാനുസൃതമല്ലാതെ വാക്യങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായവ്യത്യാസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് റിസ്‌വി. അതുകൊണ്ട് തന്നെ സുപ്രീംകോടതി ആ പൊതുതാല്‍പര്യ ഹര്‍ജി ഉപേക്ഷിക്കണം, 'ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയും വക്താവുമായ മൗലാന യാസൂബ് അബ്ബാസ് അറിയിച്ചു.
കഴിഞ്ഞ 14 നൂറ്റാണ്ടുകളായി ഖുര്‍ആനിലെ ഒരു വാക്കുപോലും മാറ്റപ്പെട്ടിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് ദര്യാബാദി പ്രതികരിച്ചത്. ഖുര്‍ആനിലെ ഒരു വാക്യവും ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ല. വാസിം റിസ്‌വി വാക്യങ്ങള്‍ സന്ദര്‍ഭാനുസൃതമായല്ല ഉദ്ധരിക്കുന്നതെന്നും ദര്യാബാദി വിമര്‍ശിച്ചു.
ഷിയ-സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാണ് വസീം റിസ്‌വയുടെ ശ്രമമെന്നാണ് ആക്ടിവിസ്റ്റ് അബ്ബാസ് കസ്മി ആരോപിക്കുന്നത്. ഖുര്‍ആനില്‍ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ഷിയയും ഇതുവരെ പറഞ്ഞിട്ടില്ല. ഇത് വെളിപ്പെടുത്തിയ പുസ്തകമാണെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'. കസ്മി വ്യക്തമാക്കി.