പ്ലസ് വണ്‍: വിദ്യാര്‍ഥികള്‍ പടിക്കുപുറത്തായിട്ടും കള്ളക്കണക്കും അധിക്ഷേവുമായി സിപിഎം
മലപ്പുറം: ഹയര്‍സെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കള്ളക്കണക്കുമായി സിപിഎം രംഗത്തെത്തിയപ്പോഴും നിരവധി വിദ്യാര്‍ഥികള്‍ പടിക്കുപുറത്ത്. മലപ്പുറം ജില്ലയില്‍ മാത്രം ഇഷ്ടപ്പെട്ട വിഷയം ലഭിക്കാതെയും അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ വന്‍ തുക നല്‍കി നല്‍കിയും നിരവധി പേരുണ്ട്. എന്നാല്‍, കള്ളക്കണക്കുകളും അധിക്ഷേപവുമാണ് സിപിഎമ്മും പാര്‍ട്ടി പത്രവും സൈബറിടങ്ങളിലും തുടരുന്നത്. പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 7462 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സിപിഎം പത്രമാണ് ആദ്യം റിപോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്താകെ 53253 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നും ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ മലപ്പുറത്തെന്നുമായിരുന്നു കണക്കിലുണ്ടായിരുന്നത്. എന്നാല്‍, പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അധികബാച്ചും അധിക സീറ്റും അനുവദിച്ചതിലെ കാലതാമസമോ കോഴ്‌സുകളിലെ അപര്യാപ്തതയോ കുത്തിനിറച്ചുള്ള ബാച്ചുകളോ ഒന്നും പറയാതെയാണ് ദേശാഭിമാനി നുണക്കഥ പ്രചരിപ്പിച്ചത്. മുഖ്യ അലോട്ട്‌മെന്റും രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളും പൂര്‍ത്തിയായ ശേഷമാണു സര്‍ക്കാര്‍ ജില്ലയില്‍ 120 അധിക ബാച്ചുകളിലായി 7200 സീറ്റുകള്‍ അനുവദിച്ചത്. എന്നാല്‍, ഇതില്‍ ഒറ്റ ബാച്ച് പോലും സയന്‍സിന് അനുവദിച്ചിരുന്നില്ല. ഇത്തരത്തില്‍ മികച്ച ഗ്രേഡ് ഉണ്ടായിട്ടും സയന്‍സ് വിഷയം ലഭിക്കാതെ അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നവര്‍ നിരവധിയാണ്. ഇതിനുപുറമെയാണ്, ജില്ലയില്‍ ഇതുവരെ 6113 പേര്‍ വന്‍തുക നല്‍കി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയെന്ന വിവരം. ഈ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രവേശനത്തിനു ശ്രമിച്ചിരുന്നെങ്കില്‍ ജില്ലയില്‍ 3644 സീറ്റുകള്‍ ഇനിയും ആവശ്യമായി വരും. അതിനേക്കാള്‍ വിവേചനപരമായതാണ് മറ്റു പല ജില്ലകളിലും ക്ലാസില്‍ 50 വിദ്യാര്‍ഥികളാണെങ്കില്‍ മലപ്പുറത്ത് 65 വരെയാണെന്നുള്ളത്. മുന്‍കാലങ്ങളില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ അധികബാച്ചുകള്‍ക്ക് പകരം അധികസീറ്റുകളാണ് നല്‍കിയിരുന്നത്. വിദ്യാഭ്യാസ ചട്ടങ്ങളെല്ലാം ലംഘിച്ച് ഒരു ക്ലാസില്‍ 65 കുട്ടികള്‍ വരെയാണ് പഠിച്ചിരുന്നത്. ഇങ്ങനെ നോക്കുകയാണെങ്കില്‍ മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ജില്ലയില്‍ ഈ വര്‍ഷം 70,689 പേരാണ് പ്ലസ് വണ്‍ പ്രവേശനം നേടിയത്. ഇതുതന്നെ സര്‍വകാല റെക്കോര്‍ഡാണ്. എസ്എസ്എല്‍സി ഫലം പുറത്തുവന്നതിനു പിന്നാലെ ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഉയര്‍ത്തി പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, സീറ്റ് ക്ഷാമമില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എസ് ഡിപി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, കെ എസ് യു, എംഎസ്എഫ് തുടങ്ങിയവയ്ക്കു പുറമെ സമസ്തയും കാന്തപുരം വിഭാഗവുമെല്ലാം സമരത്തിലുണ്ടായിരുന്നു. ഒരുവേള, എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയും പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ സമരം നടത്തിയിരുന്നു. ഇതിനു ശേഷം സമിതിയെ നിയോഗിച്ചാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. അപ്പോഴേക്കും പല വിദ്യാര്‍ഥികളും അണ്‍എയ്ഡഡിനെയും മറ്റും ആശ്രയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍, ഈ കണക്കുകളെല്ലാം മറച്ചുവച്ചാണ് സിപിഎം പ്രചാരണം. മാത്രമല്ല, പ്രതിഷേധ സമരം നടത്തിയവരെ പാര്‍ട്ടി പത്രം കലാപകാരികള്‍ എന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിവേചനവും ഇരട്ടത്താപ്പുമാണ് പ്ലസ് വണ്‍ വിഷയത്തില്‍ തുടരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍കാലങ്ങളില്‍ യുഡിഎഫ് ഭരണകാലത്തും മലബാറില്‍ പ്ലസ് വണ്‍ പ്രവേശനത്തിനു സീറ്റ് കിട്ടാതെ നിരവധി വിദ്യാര്‍ഥികള്‍ വലഞ്ഞിരുന്നു.