'അമേരിക്കന്‍ മോഡല്‍ പ്രക്ഷോഭം ഇവിടെയും വേണം'; ട്വീറ്റിന്റെ പേരില്‍ ആംനസ്റ്റി നേതാവ് ആകാര്‍ പട്ടേലിനെതിരേ കേസ്
ബെംഗളൂരു: കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ വെളുത്ത വര്‍ഗക്കാരനായ പോലിസുദ്യോഗസ്ഥന്‍ കാല്‍മുട്ടുകൊണ്ട് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ അമേരിക്കന്‍ മോഡല്‍ പ്രക്ഷോഭം ഇവിടെയും വേണമെന്ന് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതിനു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ആംനസ്റ്റ് ഇന്റര്‍നാഷനല്‍ ഇന്ത്യ മുന്‍ മേധാവിയുമായ ആകാര്‍ പട്ടേലിനെതിരേ പോലിസ് കേസെടുത്തു. ജെസി നഗര്‍ പോലിസ് സ്‌റ്റേഷനിലെ പോലിസ് ഇന്‍സ്‌പെക്ടര്‍ ഡി ആര്‍ നാഗരാജയുടെ പരാതിയിലാണ് ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ആകാര്‍ പട്ടേലിന്റെ ട്വീറ്റില്‍ 'കുറ്റകരമായ' ഉള്ളടക്കമുണ്ടെന്നും സര്‍ക്കാരിനെതിരേ ഒരു വിഭാഗം ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നതാണെന്നുമാണ് ആരോപണം.
ഇക്കഴിഞ്ഞ മെയ് 31നാണ് മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആകാര്‍ പട്ടേല്‍, അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തത്. 'ദലിതര്‍, മുസ് ലിംകള്‍, ആദിവാസികള്‍, ദരിദ്രര്‍, സ്ത്രീകള്‍ എന്നിവരില്‍ നിന്ന് ഇത്തരമൊരു പ്രതിഷേധം ഞങ്ങള്‍ക്ക് ആവശ്യമാണ്. ലോകം ശ്രദ്ധിക്കുമെന്നുമായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിന്റെ പേരിലാണ് സംഘര്‍ഷങ്ങള്‍ക്കു കാരണമായേക്കാവുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിനും കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചതിനും ആകാര്‍ പട്ടേലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505(1-ബി), 153, 117 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, ആകാര്‍ പട്ടേലിനെതിരേ ബെംഗളൂരു പോലിസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ രാജ്യത്ത് വിയോജിപ്പിക്കാനുള്ള അവകാശത്തിനെതിരായ ആക്രമണത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ പ്രസ്താവിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ വിനിയോഗിച്ചതിന് ബെംഗളൂരു പോലിസ് അധികാരം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം. ആകാര്‍ പട്ടേലിനെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമാണു നീക്കം. അധികാരികളോട് യോജിക്കാനും വിയോജിക്കാനും, സമാധാനപരമായ പ്രതിഷേധങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാരിനെതിരേ സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമല്ല. അധികാരത്തിലിരിക്കുന്നവരുടെ നയങ്ങളോട് യോജിക്കാത്തതിനാല്‍ ആരെയും രാജ്യദ്രോഹിയാക്കാനാവില്ലെന്നും ആംനസ്റ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.