ബാബരി മസ്ജിദ് തകര്‍ക്കാന്‍ പങ്കാളിയായിരുന്നെന്ന പരാമര്‍ശം; പ്രജ്ഞാ സിങ്ങിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് മൂന്നുദിവസത്തേക്കാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ആറുമണി മുതലാണ് വിലക്ക് പ്രാബല്യത്തിലാവുക. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും കമ്മീഷന്‍ വിലയിരുത്തി.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ താന്‍ പങ്കാളിയായിരുന്നുവെന്ന പരാമര്‍ശത്തില്‍ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാല്‍ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിങ് താക്കൂറിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് മൂന്നുദിവസത്തേക്കാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ആറുമണി മുതലാണ് വിലക്ക് പ്രാബല്യത്തിലാവുക. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും കമ്മീഷന്‍ വിലയിരുത്തി.ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്നും താനതില്‍ പങ്കാളിയാണെന്നും പശ്ചാത്താപമില്ലെന്നുമായിരുന്നു പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന.
ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രജ്ഞാ സിങ്ങിന്റെ വിവാദപരാമര്‍ശങ്ങള്‍. ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനെന്തിന് പശ്ചാത്തപിക്കണം. വാസ്തവത്തില്‍ തങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണര്‍ത്തുന്നു. അയോധ്യയില്‍ വലിയ രാമക്ഷേത്രം പണിയും. കോണ്‍ഗ്രസ് 70 വര്‍ഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയില്‍ അല്ലാതെ പിന്നെവിടെയാണ് രാമക്ഷേത്രം പണിയുകയെന്നും സിങ് ചോദിച്ചു.
വിവാദപരാമര്‍ശത്തില്‍ മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഓഫിസര്‍ പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. 2011 ലെ മുംബൈ ആക്രണണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരയ്‌ക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലും പ്രജ്ഞാ സിങ്ങിനെതിരേ മധ്യപ്രദേശ് പോലിസ് കേസെടുത്തിരുന്നു. കര്‍ക്കരയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന. അതേസമയം, ഹേമന്ത് കര്‍ക്കരയ്‌ക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പ്രജ്ഞാ സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.