കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വൈദിക സമ്മേളനം: ഒടുവില്‍ സിഎസ്ഐ സഭയ്ക്കെതിരേ കേസെടുത്തു
കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഏപ്രില്‍ 13 മുതല്‍ 17 വരെ വരെയാണ് മൂന്നാറില്‍ വൈദിക സമ്മേളനം നടന്നത്. വിവിധ പള്ളികളില്‍ നിന്നായി 400ഓളം പുരോഹിതര്‍ പങ്കെടുത്തിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ച് വൈദികന്‍ റവ. ബിജുമോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. രോഗബാധിതരായ പുരോഹിതരില്‍ പലരെയും കാരക്കോണത്തെ ഡോ. സോമര്‍വെല്‍ സിഎസ് ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ വീടുകളില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പ്രദേശവാസിയായ വിശ്വാസി ഇതുസബംന്ധിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നെങ്കിലും ആദ്യം നടപടിയെടുത്തിരുന്നില്ല.
എന്നാല്‍, സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തുടര്‍ന്നും യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ വിശ്വാസികളുമായി ഇടപഴകിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. തുടര്‍ന്ന് ദേവികുളം സബ് കലക്ടര്‍ അന്വേഷണം നടത്തുകയായിരുന്നു. അതേസമയം, കൊവിഡ് ബാധിച്ച പുരോഹിതരാരും ഗുരുതരാവസ്ഥയില്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ സ്ഥിരീകരണം. കുറച്ചുപേര്‍ നേരത്തേ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായും ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യാ സെക്രട്ടറിയായ ജേക്കബ് മാത്യു പറഞ്ഞു.
പ്രോട്ടോകോള്‍ പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നാണ് സിഎസ്ഐ വൈദിക നേതൃത്വത്തിന്റെ അവകാശവാദം. ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും യോഗത്തില്‍ നിന്ന് ആര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നും അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പ് ലക്ഷ്യമിട്ട് സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള സിഎസ്ഐ വിരുദ്ധലോബികളുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും വൈദികര്‍ വിശദീകരിക്കുന്നു.
priests retreat violate covid protocol: case against CSI church