വഖ്ഫ് ബോര്‍ഡ് വിവാദം: വെളിപ്പെടുന്നത് വിശാല താല്‍പ്പര്യമോ വിഭാഗീയതയോ
ആയിരക്കണക്കിന് ദേവസ്വം നിയമനങ്ങളും പതിനായിരക്കണക്കിന് എയിഡഡ് സ്‌കൂള്‍ നിയമനങ്ങളും പിഎസ്‌സിക്കു വിടാതെ തുച്ഛമായ വഖ്ഫ് നിയമനങ്ങള്‍ മാത്രം പിഎസ്‌സിക്കു വിട്ടതിനു പിന്നിലെ പിണറായി സര്‍ക്കാരിന്റെ താല്‍പ്പര്യം ദുരൂഹം തന്നെയാണ്.
പിസി അബ്ദുല്ല
കോഴിക്കോട്: ദേവസ്വം നിയമനങ്ങളും വഖ്ഫ് ബോര്‍ഡ് നിയമനങ്ങളും പിഎസ്‌സിക്കു വിടുമെന്നായിരുന്നു 2017 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ദേവസ്വം നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച പിണറായി സര്‍ക്കാര്‍ 120 ല്‍ താഴെ വരുന്ന വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പ്രത്യേക ഓര്‍ഡിനന്‍സ് വഴി പിഎസ്‌സിക്കു വിട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിട്ടത് എകെജി സെന്ററിലെ 'മുസ്‌ലിം വിരുദ്ധ സെല്ലിന്റെ' ഗൂഢാലോചനയുടെ ഫലമാണെന്ന ആക്ഷേപം ശക്തമാണ്. നിയമനങ്ങളിലും പ്രവേശനങ്ങളിലും നടപ്പാക്കിയ സവര്‍ണ സംവരണം, സച്ചാര്‍ സമിതി ആനുകൂല്യങ്ങളുടെ അട്ടിമറി, ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സമുദായത്തില്‍ നിന്ന് എടുത്തു മാറ്റിയ നടപടി തുടങ്ങി ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ മുസ്‌ലിം വിരുദ്ധ നീക്കത്തിന്റെ തുടര്‍ച്ചയാണ് വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിട്ടതെന്നാണ് പല കേന്ദ്രങ്ങളും അഭിപ്രായപ്പെടുന്നത്.
ആയിരക്കണക്കിന് ദേവസ്വം നിയമനങ്ങളും പതിനായിരക്കണക്കിന് എയിഡഡ് സ്‌കൂള്‍ നിയമനങ്ങളും പിഎസ്‌സിക്കു വിടാതെ
തുച്ഛമായ വഖ്ഫ് നിയമനങ്ങള്‍ മാത്രം പിഎസ്‌സിക്കു വിട്ടതിനു പിന്നിലെ പിണറായി സര്‍ക്കാരിന്റെ താല്‍പ്പര്യം ദുരൂഹം തന്നെയാണ്.
അതേസമയം, വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമുദായത്തില്‍നിന്ന് ഒറ്റക്കെട്ടായ പ്രതിഷേധം ഉയരുന്നില്ല എന്നത് വിവാദത്തിന്റെ പല പ്രധാന തലങ്ങളിലേക്കും വെളിച്ചം വീശുന്നു. വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ട സര്‍ക്കാര്‍ നടപടിയോട് സ്വകാര്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ തന്നെയാണ് പരസ്യമായി സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുന്നത്. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം എന്ന പൊതു താല്‍പ്പര്യത്തിനു മീതെ ചില മുസ്‌ലിം സംഘടനകളുടെ വിഭാഗീയ താല്‍പ്പര്യങ്ങളും സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും രാഷ്ട്രീയ താല്‍പ്പര്യങ്ങളുമാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. കാലങ്ങളായി വഖ്ഫ് ബോര്‍ഡില്‍ നടമാടുന്ന ഉപജാപവും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും സങ്കുചിത രാഷ്ട്രീയ മേധാവിത്വവും തകരണമെന്നാഗ്രഹിക്കുന്നവര്‍ നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ട സര്‍ക്കാര്‍ നടപടിയില്‍ തെറ്റു കാണുന്നില്ല. അതേസമയം, പിഎസ്‌സി വഴിയുള്ള വഖ്ഫ് നിയമനങ്ങള്‍ മുസ്‌ലിം സമുദായത്തിനു മാത്രമായി നിജപ്പെടുത്തിയുള്ള നിയമ പരിരക്ഷ ലഭിക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണക്കുന്നവര്‍ക്കും കടുത്ത ആശങ്കയുണ്ട്.
കാലങ്ങളായി വഖ്ഫ് ബോര്‍ഡില്‍ നടപ്പാവുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അവരുടെ ആശ്രിതരുടെയും താല്‍പ്പര്യങ്ങളാണ്. ഉപജാപമായി പടര്‍ന്നു പന്തലിച്ച ഉദ്യോഗസ്ഥവാഴ്ച. ബോര്‍ഡില്‍ പുതിയ രജിസ്‌ട്രേഷന്‍ പോലും ഒരു കടമ്പയാണ്.
അന്യാധീനപ്പെട്ടുപോയ കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍...
അതേക്കുറിച്ച് നാളെ:
(വഖ്ഫ് ബോര്‍ഡ് എന്ന വെള്ളാനയും തീരാ വിവാദങ്ങളും..).