ഫലം നെഗറ്റീവ്, ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയായി; 3000 തബ്‌ലീഗ് അംഗങ്ങളെ ഇനിയും വിട്ടയച്ചില്ല
ഇവരെ വിട്ടയയ്ക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ തേടി ഡല്‍ഹി ആരോഗ്യ വകുപ്പ് നേരത്തെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. അതേസമയം, തബ്‌ലീഗ് അംഗങ്ങളെ വിട്ടയയ്ക്കുന്നതില്‍ ഏതെങ്കിലും പ്രത്യേക പ്രോട്ടോകോള്‍ തടസ്സമുള്ളതായി സത്യേന്ദര്‍ ജെയിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയില്ല.
ന്യൂഡല്‍ഹി: രോഗമില്ലെന്ന് ഉറപ്പായ ശേഷവും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മൂവായിരത്തിലധികം പേര്‍ ഇപ്പോഴും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍. ഇവര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് പരിശോധനാഫലവും നെഗറ്റീവായിരുന്നു. എന്നാല്‍ ഇതിന് ശേഷവും തബ്‌ലീഗ് അംഗങ്ങളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നും വിട്ടയച്ചില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലായി 3,013 പേരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 567 പേര്‍ വിദേശ പൗരന്മാരും 2,446 പേര്‍ ഇന്ത്യക്കാരുമാണ്. 191 പേരാണ് ഡല്‍ഹി നിവാസികള്‍.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ മൂലമാണ് ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കിയിട്ടും തബ്‌ലീഗ് അംഗങ്ങളെ നേരത്തെ വിട്ടയയ്ക്കാന്‍ സാധിക്കാതിരുന്നതെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറയുന്നു. ഇവരെ വിട്ടയയ്ക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ തേടി ഡല്‍ഹി ആരോഗ്യ വകുപ്പ് നേരത്തെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. അതേസമയം, തബ്‌ലീഗ് അംഗങ്ങളെ വിട്ടയയ്ക്കുന്നതില്‍ ഏതെങ്കിലും പ്രത്യേക പ്രോട്ടോകോള്‍ തടസ്സമുള്ളതായി സത്യേന്ദര്‍ ജെയിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയില്ല.
കഴിഞ്ഞ ഏപ്രില്‍ 17 നും മെയ് മൂന്നിനുമാണ് നിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ആരോഗ്യവകുപ്പ് കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച കത്തയച്ചത്. എന്നാല്‍ ഇങ്ങനെ കത്ത് അയക്കേണ്ട അവശ്യകത എന്താണെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
മാര്‍ച്ചിലാണ് ഡല്‍ഹിയിലെ തബ് ലീഗ് ആസ്ഥാനത്ത് സമ്മേളനത്തിനായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇവര്‍ ഇവിടെ കുടുങ്ങുകയായിരുന്നു. ഇതില്‍ പങ്കെടുത്തു വിവിധ സംസ്ഥാനങ്ങളില്‍ തിരികെ എത്തിയവരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയിലെ മര്‍ക്കസ് കെട്ടിടം സീല്‍ ചെയ്തു ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിപോയവരെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിസ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാരോപിച്ച് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ തബ്ലീഗി ജമാഅത്തിലെ ചില അംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.