പൂരം കലക്കലില്‍ പുനരന്വേഷണം; എഡിജിപിയുടെ റിപോര്‍ട്ട് തള്ളി

പൂരം കലക്കിയതാണെന്ന ആരോപണം സിപി ഐ ഉള്‍പ്പെടെ ആവര്‍ത്തിച്ചിരുന്നു.

Update: 2024-09-26 06:01 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. സംഭവത്തില്‍ വീണ്ടും അന്വേഷണം വേണമെന്നും ഡിജിപിതല അന്വേഷണം വേണമെന്നും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി അന്വേഷിച്ചേക്കുമെന്നാണ് വിവരം. മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ച സംബന്ധിച്ചും അന്വേഷണം നടത്തിയേക്കും. എന്നാല്‍, ആരോപണവിധേയനായ എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന് ശുപാര്‍ശയിലില്ലെന്നാണ് വിവരം. നേരത്തേ, തൃശൂര്‍ പൂരം അലങ്കോലമായതില്‍ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്നായിരുന്നു എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ റിപോര്‍ട്ട്. മാത്രമല്ല, ചില ദേവസ്വം വകുപ്പുകളെ കുറ്റപ്പെടുത്തിയും കമ്മീഷണറെ പഴിചാരിയുമായിരുന്നു റിപോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍, പൂരം കലക്കിയതാണെന്ന ആരോപണം സിപി ഐ ഉള്‍പ്പെടെ ആവര്‍ത്തിച്ചിരുന്നു. മാത്രമല്ല, പൂരം അലങ്കോലമായതു സംബന്ധിച്ച റിപോര്‍ട്ട് വൈകുകയും പി വി അന്‍വറിന്റെ വെളിപ്പെടുത്തലിനു ശേഷം നല്‍കിയതുമെല്ലാം ഏറെ വിവാദമായിരുന്നു. എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരുന്നത്. ഇതിനു പിന്നാലെ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപി ഐയുടെ ആവശ്യം പരിഗണിച്ച് എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു.

Tags:    

Similar News