ബന്ധു നിയമനം; കെ ടി ജലീലിന് സുപ്രിം കോടതിയിലും തിരിച്ചടി

നേരത്തെ കേസില്‍ ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടിരുന്നു

Update: 2021-10-01 06:45 GMT

ന്യൂഡല്‍ഹി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും കെ ടി ജലീലിന് തിരിച്ചടി. വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലോകായുക്താ ഉത്തരവില്‍ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇതോടെ കേസ് തള്ളാന്‍ തീരുമാനിച്ചതോടെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കെടി ജലീലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു.


നേരത്തെ കേസില്‍ ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടിരുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഫയലില്‍ സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് കെ ടി ജലീല്‍ സുപ്രിം കോടതിയെ സമീപിച്ചത്. ലോകായുക്തയുടെ ഉത്തരവില്‍ വീഴ്ചയില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.


ബന്ധു കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. അന്ന് മന്ത്രിയായിരുന്ന മന്ത്രി ജലീലിനെ മൂന്നുമാസത്തിനുളളില്‍ പുറത്താക്കണമെന്നായിരുന്നു ഉത്തരവ്. തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭാ കാലയളവില്‍ മന്ത്രിസ്ഥാനത്ത് നിന്ന് ജലീല്‍ രാജിവെക്കുകയായിരുന്നു.




Tags:    

Similar News