കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വസതിയില്‍ ലോകായുക്ത റെയ്ഡ്; ആറ് കോടി രൂപ കണ്ടെടുത്തു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വസതിയില്‍ നടന്ന ലോകായുക്ത റെയ്ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തു. മാദല്‍ വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്തിന്റെ വീട്ടില്‍ ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎല്‍എയുടെ മകന്‍ ഐഎഎസ് ഓഫിസറായ പ്രശാന്ത് മാദലിനെ ലോകായുക്ത അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീട്ടില്‍ നടന്ന പരിശോധനയിലാണ് പണം കണ്ടെടുത്തത്.
ബംഗളൂരുവിലെ വാട്ടര്‍ സപ്ലൈ ആന്റ് സ്വീവേജ് ബോര്‍ഡിലെ ചീഫ് അക്കൗണ്ടന്റ് ഓഫിസറാണ് പ്രശാന്ത്. കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എല്‍) ഓഫിസില്‍വച്ച് 40 ലക്ഷം രൂപ ഒരു കോണ്‍ട്രാക്ടറില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 81 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിച്ചതോടെ പണവുമായി തെളിവുകളോടെ ഇയാളെ പിടികൂടാന്‍ ലോകായുക്ത തീരുമാനിക്കുകയായിരുന്നു.
മൂന്നുബാഗുകളില്‍ പണവുമായാണ് ഇയാള്‍ പിടിയിലായത്. ഛന്നഗിരി മണ്ഡലത്തിലെ എംഎല്‍എയായ വിരുപക്ഷപ്പ കെഎസ്ഡിഎല്‍ കമ്പനിയുടെ ചെയര്‍മാനാണ്. 2008 ബാച്ച് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസറാണ് പ്രശാന്ത്. പണം വാങ്ങിയതില്‍ അച്ഛനും മകനും പങ്കുണ്ടെന്നും മുതിര്‍ന്ന ലോകായുക്ത ഓഫിസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത ലോകായുക്ത പോലിസ് രേഖകള്‍ പരിശോധിച്ചുവരികയാണ്. കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡിന് (കെഎസ്ഡിഎല്‍) അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതിന് ടെന്‍ഡര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.