ബിജെപിയുമായി ഇടഞ്ഞ് അദ്വാനിയും ജോഷിയും; അതൃപ്തി പ്രകടിപ്പിച്ച് സുമിത്ര മഹാജനും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയുമായി ഇടഞ്ഞ് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും രംഗത്തെത്തി.

Update: 2019-04-05 09:40 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയുമായി ഇടഞ്ഞ് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും രംഗത്തെത്തി. സ്വന്തം മണ്ഡലമായ ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പരസ്യമായി രംഗത്തെത്തിയത്. മല്‍സരിക്കാനില്ലെന്ന് സുമിത്ര മഹാജന്‍ വ്യക്തമാക്കി. ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ ഇതുവരെ കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടില്ല. അടുത്തമാസം 76 വയസാകും, ബിജെപി കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന തീരുമാനവുമുണ്ട്.

വിമര്‍ശനം ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നതായിരുന്നില്ല ബിജെപിയുടേയും വാജ്‌പേയുടേയും ശൈലിയെന്ന് തുറന്നടിച്ച് അദ്വാനി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മുരളി മനോഹര്‍ ജോഷിയും രംഗത്തെത്തി. തനിക്ക് സീറ്റ് നിഷേധിച്ച രീതി വേദനയുളവാക്കിയെന്ന് അടുപ്പമുള്ള ചില നേതാക്കളോട് മുരളീമനോഹര്‍ ജോഷി പറഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇനി മത്സരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോ തന്നോട് പറഞ്ഞില്ല. അതിനാല്‍ തന്നെ മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംലാല്‍ ഇക്കുറി സീറ്റുണ്ടാവില്ലെന്ന വിവരം തന്നെ അറിയിക്കുന്നതെന്നും മുരളീമനോഹര്‍ ജോഷി പറഞ്ഞതായി വിവരമുണ്ട്.

ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുരളീമനോഹര്‍ ജോഷിയുമായി ചില പ്രതിപക്ഷ കക്ഷി നേതാക്കള്‍ ആശയവിനിമയം നടത്തിയതായി ഇതിനിടയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. ജോഷിയെ സ്ഥാനാര്‍ഥിയാക്കാനും ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരിക്കാന്‍ ജോഷി തയ്യാറണെങ്കില്‍ വാരാണാസിയില്‍ പ്രതിപക്ഷകക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയായി പിന്തുണയ്ക്കാം എന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ വാഗ്ദാനം. കോണ്‍ഗ്രസാണ് പ്രധാനമായും ഈ രീതിയില്‍ ചില നീക്കങ്ങള്‍ നടത്തുന്നത്.

ഈ സാഹചര്യത്തിലാണ് ഇരുവരേയും അനുനയിപ്പിക്കാന്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും നേതാക്കള്‍ ശ്രമം ആരംഭിച്ചത്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും ചില നേതാക്കള്‍ ഇന്നലേയും ഇന്നുമായി അദ്വാനിയേയും ജോഷിയേയും നേരില്‍ കണ്ടു സംസാരിച്ചുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സ്ഥാപകനേതാക്കളാണ് അതിനാല്‍ തന്നെ അവരില്‍ നിന്നുണ്ടാവുന്ന എത് വിമതനീക്കവും ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഇരട്ടപ്രഹരമായി മാറും. ഇതൊഴിവാക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ശ്രമിക്കുന്നത്.

മോദി തരഗം സൃഷ്ടിക്കപ്പെട്ട 2014ലെ തെരഞ്ഞെടുപ്പ് കാലത്താണ് മുതിര്‍ന്ന നേതാക്കളെ നിര്‍ണായക സമിതികളില്‍ നിന്ന് അകറ്റുന്നത്. അദ്വാനി പക്ഷത്തെ പല നേതാക്കള്‍ക്കും അന്ന് സീറ്റ് നിഷേധിക്കപ്പെടുകയോ മണ്ഡലം മാറി മത്സരിക്കേണ്ടി വരികയോ ചെയ്തു. മുരളീമനോഹര്‍ ജോഷി പതിറ്റാണ്ടുകളായി മത്സരിച്ചു പോന്ന വാരണാസി സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടു. യുപിയിലെ തന്നെ കാണ്‍പൂര്‍ സീറ്റാണ് അമിത് ഷാ അന്ന് മുരളീ മനോഹര്‍ ജോഷിക്കായി വിട്ടു നല്‍കിയത്.

തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് അമിത് ഷാ നിയമിക്കപ്പെടുകയും ചെയ്തതോടെ മുതിര്‍ന്ന നേതാക്കളുടെ സ്വാധീനം പാടെ കുറഞ്ഞു. ബിജെപി പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ ജോഷിയേയും അദ്വാനിയേയും മാര്‍ഗ്ഗനിര്‍ദേശക് മണ്ഡല്‍ എന്ന പുതിയ ഘടകത്തിലേക്ക് ഒതുക്കി. ഇതോടെ പാര്‍ട്ടിയുടെ നിര്‍ണായക നയരൂപീകരണത്തില്‍ ഇവര്‍ക്കുള്ള സ്വാധീനം ഇല്ലാതെയായി.

2013ല്‍ ഗോവയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരകനായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതോടെയാണ് അദ്വാനിയും ബിജെപി നേതൃത്വവും തമ്മിലുള്ള അകല്‍ച്ച ആരംഭിക്കുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന വേദിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അദ്വാനി ശ്രമിച്ചെങ്കിലും ആര്‍എസ്എസ് നേതൃത്വവും ഗഡ്കരി അടക്കമുള്ള ബിജെപി നേതാക്കളും ചേര്‍ന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം പരസ്യപ്രതിഷേധങ്ങള്‍ക്ക് പോകാതെ ഒതുങ്ങി നിന്ന അദ്വാനിക്കും ജോഷിക്കും ഇക്കുറി മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല. കാല്‍ നൂറ്റാണ്ടിലേറെയായി അദ്വാനി മത്സരിച്ചു പോരുന്ന ഗാന്ധിനഗര്‍ സീറ്റില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ തന്നെ സ്ഥാനാര്‍ഥിയായി വരികയും ചെയ്തു.ഇതോടെയാണ് ഇരുവരും പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നത്. ഇന്നലെ രാത്രി തന്നെ ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും അതുണ്ടായില്ല. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമില്ലെന്ന് മാധ്യമങ്ങളെ കണ്ടു പറയണമെന്ന് ബിജെപി നേതൃത്വം നിര്‍ദേശിച്ചെങ്കിലും മുരളീമനോഹര്‍ ജോഷി അതിന് തയ്യാറായില്ലെന്നാണ് വിവരം.

Tags:    

Similar News