പാലക്കാട്ട് മുസ് ലിം കുടുംബത്തെ ആര്‍എസ്എസുകാര്‍ വീട്ടില്‍ക്കയറി ആക്രമിച്ചു

Update: 2020-03-15 13:30 GMT

പാലക്കാട്: വാളയാര്‍ കനാല്‍ പിരിവില്‍ മുസ് ലിം കുടുംബത്തിനു നേരെ ആര്‍എസ്എസ് ആക്രമണം. ചങ്ങാനശ്ശേരി സ്വദേശിയായ ആസിഫ്, ഭാര്യ നാജിയ, ആസിഫിന്റെ സഹോദരന്‍ അനീഷ്, സുഹൃത്ത് അര്‍ഷിദ് എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. ഇവരുടെ ഫാമിനു സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം സ്ത്രീകളുള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. പച്ചക്കറി, തേങ്ങ വ്യാപാരം നടത്തുന്ന ഇവര്‍ രാത്രി 12ഓടെ വീട്ടിലെത്തിയപ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ ആദ്യം ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാഹനം പരിശോധിക്കുകയും മതപരമായ അധിക്ഷേപം നടത്തുകയും താടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. അസഭ്യം പറഞ്ഞതോടെ കുടുംബാംഗങ്ങള്‍ ചോദ്യംചെയ്തു. ഇക്കാര്യം പോലിസിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെ 12ഓളം പേര്‍ ബൈക്കിലും മറ്റുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു. താടിയില്‍ പിടിച്ച് വലിച്ച് മര്‍ദ്ദിക്കുകയും നിങ്ങളെ വച്ച് വാഴിക്കില്ലെന്നു പറയുകയും ചെയ്തു. കമ്പിവടിയും മറ്റും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. നാലഞ്ചുപേര്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിച്ചു. വീട് അടച്ചപ്പോള്‍ വാതില്‍ ചവിട്ടിത്തുറന്നാണ് അക്രമികള്‍ അകത്തുകയറിയത്. പിഞ്ചുകുട്ടികളുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചതെന്നും പരിക്കേറ്റവര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ആക്രമണമാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയതെന്നും പരിക്കേറ്റവര്‍ പറഞ്ഞു.

    പോലിസ് നിസ്സംഗതയോടെ പെരുമാറിയെന്നും ആദ്യം മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു മനസ്സിലായതോടെ പോലിസ് നിസ്സാരമാക്കുകയായിരുന്നുവെന്നും മര്‍ദ്ദനത്തിനിരയായ കുടുംബത്തിലെ സ്ത്രീ പറഞ്ഞു. പോലിസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിച്ചിട്ടില്ല. നീതി തേടി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. മര്‍ദ്ദിച്ചവരെ അറിയാമെന്നും പരിസരത്തെ പറമ്പിലും മറ്റും തൊഴിലെടുക്കുന്നവരാണെന്നും ഇവര്‍ പറഞ്ഞു. പരിക്കേറ്റ നാല് യുവാക്കളെയും രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീയെയും പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ക്കയറി ആക്രമിച്ചു, ആയുധം ഉപയോഗിച്ചു, മര്‍ദിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി വാളയാര്‍ പോലിസ് കേസെടുത്തിട്ടുണ്ട്.




Tags:    

Similar News