ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി രാജിവയ്ക്കണം-പി അബ്ദുല്‍ ഹമീദ്

Update: 2024-09-26 14:44 GMT

തിരുവനന്തപുരം: ഭരണകക്ഷി എംഎല്‍എ തന്നെ ഇടതു ഭരണത്തിലെ അഴിമതിയും ആര്‍എസ്എസ് വിധേയത്വവും അക്കമിട്ട് നിരത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ഇടതുഭരണത്തിന്റെ നേട്ടം പൊതുപ്രവര്‍ത്തകരെ നിശബ്ദമാക്കിയതാണെന്ന ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് ബിജെപിക്ക് സീറ്റുറപ്പിച്ചത് എഡിജിപി അജിത്ത് കുമാറാണെന്ന് ഓരോ മിനിട്ടിലും വ്യക്തമായിക്കൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് ദുരൂഹമാണ്. മുഖ്യമന്ത്രി എല്ലാ രംഗത്തും സമ്പൂര്‍ണ പരാജയമാണെന്ന് പാര്‍ട്ടി എംഎല്‍എ തന്നെ ഏറ്റുപറഞ്ഞിരിക്കുന്നു. ഇതു തന്നെയാണ് കഴിഞ്ഞ കുറേ നാളുകളായി എസ്ഡിപിഐ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. പോലിസ്-ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംസ്ഥാനത്ത് സിപിഎമ്മുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു എന്ന എംഎല്‍എയുടെ വാക്കുകള്‍ ഗൗരവതരമാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതല ആര്‍എസ്എസ്സിന്റെ വരുതിയില്‍ കൊണ്ടു വരുന്നതിന് ശ്രമിക്കുന്ന ഉന്നത പോലിസുദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിസഹായാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രി സ്വയം രാജിവയ്ക്കാത്തപക്ഷം അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് മാറ്റാനുള്ള രാഷ്ട്രീയ ധാര്‍മികത സിപിഎം കേന്ദ്ര നേതൃത്വം കാണിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Tags:    

Similar News