ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ സ്പുട്‌നിക് 5 പ്രതിരോധിക്കുമെന്ന് റഷ്യ
ലോകത്ത് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന വാക്‌സിനുകള്‍ക്ക് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകന്‍ മുഗെ സെവിക് പറയുന്നു.
മോസ്‌കോ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയക്കേണ്ടതില്ലെന്നും അതിനെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങളുടെ വാക്‌സിനുണ്ടെന്നും റഷ്യ. ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി സ്പുട്‌നിക് 5ന് ഉണ്ടെന്ന് റഷ്യ വ്യക്തമാക്കി. സ്പുട്‌നിക്കിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിശദീകരണവുമായി റഷ്യ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ കിറില്‍ ഡിമിത്രിവാണ് രംഗത്തെത്തിയിരിക്കുന്നത്.
ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന് ഇരുപതോളം വകഭേദങ്ങളാണുള്ളത്. ലോകത്ത് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന വാക്‌സിനുകള്‍ക്ക് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകന്‍ മുഗെ സെവിക് പറയുന്നു. വാക്‌സിന് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. കൂടാതെ മരണ നിരക്ക് ഉയരുമെന്നോ വാക്‌സിനുകളെയോ ചികിത്സയെയോ ബാധിക്കുമെന്നോ പറയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്നാലും കൊവിഡ്19 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്ന വാര്‍ത്ത ഭീതിയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. അതിനിടയിലാണ് ഭയക്കേണ്ടതില്ലെന്നും പുതിയ ഇനം വൈറസിനും വാക്‌സിന്‍ ഫലപ്രദമാണെന്നും റഷ്യ അറിയിച്ചത്. ലോകത്ത് കൊവിഡ്19 വൈറസിനെതിരെ ആദ്യമായി രജിസ്റ്റര്‍ ചെയ്ത വാക്‌സിനാണ് സ്പുട്‌നിക്5. വൈറസിന്റെ ജനിതകമാറ്റത്തെ ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ വാക്‌സിന് കഴിയുമെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ജനിതക മാറ്റം സംഭവിച്ചിട്ടും സ്പുട്‌നിക് വാക്‌സിന്‍ ഫലപ്രാപ്തി ആവര്‍ത്തിച്ചിട്ടുണ്ടെന്ന് റഷ്യ പറയുന്നു.