നേരത്തേ, ഹാദിയ കേസിന്റെ സമയത്ത് ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന പേരില്‍ സംഘപരിവാരം ഉണ്ടാക്കിയതിനു സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ എന്ന സംഘടനയുണ്ടാക്കിയിരുന്നു. എന്നാല്‍, ഇതിനു പിന്നില്‍ സംഘപരിവാരവും അവരുടെ ഐടി സെല്ലും തന്നെയാണെന്നു താമസിയാതെ കണ്ടെത്തി. ഇതിനു ശേഷം തുര്‍ക്കിയിലെ ഹാഗിയ സോഫിയ മസ്ജിദിന്റെ പേരിലും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രതികരണമെന്ന വ്യാജേന സംഘപരിവാരം നിരവധി നുണക്കഥകളാണു പ്രചരിപ്പിച്ചത്. ഇത്തരം പ്രചാരണത്തിനു വേണ്ടി മാത്രം ചില ഗ്രൂപ്പുകളും പേജുകളും അക്കൗണ്ടുകളും തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇവയില്‍ പല അഡ്മിന്റെയും സ്ഥലം ഇസ്രായേല്‍, ജറുസലേം എന്നിങ്ങനെയാണു നല്‍കിയിട്ടുള്ളത്. ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍, ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്്ഷന്‍, മലയോരത്തിന്റെ ക്രൈസ്തവ ശബ്ദം, അച്ചായന്റെ ഉമ്മച്ചിക്കുട്ടി തുടങ്ങി നിരവധി ഗ്രുപ്പുകളും അക്കൗണ്ടുകളുമാണ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഏറ്റവുമൊടുവില്‍ ഹലാല്‍ വിരുദ്ധ കാംപയിനുമായാണ് ഇത്തരം വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നത്.
കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ എന്ന സംഘടനയുടെ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി ക്രിസ്തുമസിനു ഹലാല്‍ മാംസം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ദേശീയ മാധ്യമങ്ങള്‍ വരെ ഇക്കാര്യം റിപോര്‍ട്ട് ചെയ്‌തെങ്കിലും പിന്നില്‍ സംഘപരിവാരമാണെന്നു വെളിപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു ആഹ്വാനവും നടത്തിയിട്ടില്ലെന്ന് കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ തന്നെ പ്രസ്താവനയിറക്കിയതോടെയാണ് പ്രചാരണങ്ങള്‍ക്കു പിന്നില്‍ സംഘപരിവാരമാണെന്നു കണ്ടെത്തിയത്. ഇത്തരത്തില്‍ വ്യാജ ക്രിസ്ത്യന്‍ അക്കൗണ്ടുകളിലൂടെയുള്ള മുസ് ലിം വിരുദ്ധ കാംപയിനുകള്‍ക്കു വ്യാജ മുസ് ലിം പേരിലുണ്ടാക്കിയ ഐഡിയിലൂടെ വെറുപ്പുണ്ടാക്കുന്ന കമ്മന്റുകളും മറ്റും നല്‍കി വെറുപ്പ് നിലനിര്‍ത്താനും ശ്രമിക്കുന്നുണ്ട്. മുസ് ലിം വിരുദ്ധ പ്രചാരണങ്ങളിലൂടെ ക്രിസ്ത്യന്‍ മേഖലയില്‍ കടന്നുകൂടാനുള്ള പദ്ധതിക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരിമിതമായ സ്ഥലങ്ങളിലെങ്കിലും അനുകൂല സാഹചര്യമുണ്ടാക്കാനായെന്നു സംഘപരിവാരം വിലയിരുത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇത്തരം പ്രചാരണങ്ങള്‍ ശക്തിപ്പെടുത്താനാണ് സംഘപരിവാര ഐടി സെല്ലുകളുടെ തീരുമാനമെന്നും റിപോര്‍ട്ടുകളുണ്ട്.
Sangh Parivaar spreads anti-Muslim propaganda through fake Christian IDs