നവംബര്‍ 10 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണം: സുപ്രിംകോടതി; അടുത്തവാദം നവംബര്‍ 11ന്

139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിച്ചാല്‍ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

Update: 2021-10-28 10:28 GMT

ന്യൂഡല്‍ഹി: നവംബര്‍ പത്ത് വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയുടെ ഇടക്കാലവിധി. ഇതുസംബന്ധിച്ച മേല്‍നോട്ട സമിതി ശുപാര്‍ശ കോടതി അംഗീകരിച്ചു. കേസ് ഇനി നവംബര്‍ പതിനൊന്നിനു പരിഗണിക്കും.

കേരളത്തിന്റെ വാദം ഭാഗീകമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിര്‍ത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പ്രതികരണം കുറിപ്പായി എഴുതി നല്‍കിയിട്ടുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത അറിയിച്ചു. ജലനിരപ്പ് നിശ്ചയിക്കുന്നതിന് തമിഴ്‌നാട് പിന്തുടരുന്ന റൂള്‍ കര്‍വില്‍ എതിര്‍പ്പ് അറയിച്ച കേരളം ഇക്കാര്യത്തില്‍ വിശദ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയാണെങ്കില്‍ കനത്ത മഴയുണ്ടായാലുള്ള നീരൊഴുക്ക് അണക്കെട്ടിന് താങ്ങാനാവില്ലെന്ന് കേരളം സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു. 139 അടിക്ക് താഴെ ജലനിരപ്പ് ക്രമീകരിച്ചാല്‍ വലിയ പ്രതിസന്ധിയുണ്ടാവില്ലെന്നും കേരളം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

അണക്കെട്ടിന്റെ ബലക്ഷയവും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും കേരളം ഇന്ന് സുപ്രിംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കേരളം സമര്‍പ്പിച്ച റൂള്‍ കര്‍വ്വ് പ്രകാരം ഒക്ടോബര്‍ 31 വരെ 136 അടിയായും നവംബര്‍ 10 138.3 അടിയായും അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് നിര്‍ദേശിക്കുന്നത്. 139.5 അടിയായി നവംബര്‍ പത്ത് വരെ ജലനിരപ്പ് നിജപ്പെടുത്താനാണ് തമിഴ്‌നാട് നിര്‍ദേശിച്ചത്. ഇതു തന്നെ മേല്‍നോട്ടസമിതിയുടെ നിര്‍ദേശത്തിലുമുള്ളത്. ഈ നിര്‍ദേശം അംഗീകരിച്ചാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ വിധി.

കഴിഞ്ഞ 100 വര്‍ഷത്തെ സാഹചര്യം പരിഗണിച്ചാണ് കേരളം റൂള്‍കര്‍വ് തീരുമാനിക്കുന്നതെന്നും എന്നാല്‍ തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വാണ് മേല്‍നോട്ട സമിതി അംഗീകരിക്കുന്നതെന്നും ഇന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ രൂള്‍ കര്‍വ് അനുസരിച്ച് മുന്നോട്ട് പോകാനാവില്ലെന്നും കേരളം നിലപാടറിയിച്ചു. മേല്‍നോട്ട സമിതി ഇത്തരം കാര്യങ്ങളില്‍ കൃത്യമായി തീരുമാനമെടുക്കുന്നില്ലെന്ന വിമര്‍ശനം ജസ്റ്റിസ് കന്‍വില്‍ക്കര്‍ ഇന്ന് ഉന്നയിച്ചു.

നവംബര്‍ എട്ടിനകം കേരളം വിശദ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അടുത്ത വാദം കേള്‍ക്കല്‍ വരെ ജലനിരപ്പ് മേല്‍നോട്ട സമിതി നിര്‍ദേശിച്ച 139.5 അടിയായി നിജപ്പെടുത്തും. മേല്‍നോട്ട സമിതിക്ക് ഇതില്‍ പുനപ്പരിശോധനയ്ക്ക് അധികാരമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.

Tags:    

Similar News