രാജ്യദ്രോഹനിയമം സുപ്രിംകോടതി മരവിപ്പിച്ചു; കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്
ന്യൂഡല്‍ഹി: രാജ്യദ്രോഹനിയമം സുപ്രിംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ണായക തീരുമാനം. രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി. രാജ്യദ്രോഹ നിയമപ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. കേന്ദ്രം നിയമം പുനപ്പരിശോധിക്കാമെന്ന് സുപ്രിംകോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികള്‍ എല്ലാം നിര്‍ത്തിവയ്ക്കണം.
കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധന നടത്തുന്നതുവരെ 152 വര്‍ഷം പഴക്കമുള്ള ഈ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ജയിലിലുള്ളവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. സെക്ഷന്‍ 124 എ പ്രകാരം ചുമത്തിയിരിക്കുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാത്ത എല്ലാ കേസുകളും അപ്പീലുകളും നടപടികളും നിര്‍ത്തിവയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുറ്റാരോപിതര്‍ക്ക് മുന്‍വിധികളൊന്നുമുണ്ടാവാതെ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട വിധിനിര്‍ണയം തുടരാം.
അതേസമയം, രാജ്യദ്രോഹക്കേസുകള്‍ മരവിപ്പിക്കരുതെന്നാണ് കേന്ദ്രം സുപ്രിംകോടതിയില്‍ അറിയിച്ച നിലപാട്. നേരത്തെയുള്ള കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികളാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള കേസുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാജ്യദ്രോഹക്കേസുകളില്‍ 13,000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.
രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാവുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870ല്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ് 124എ. പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകര്‍ക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍, എഴുത്തുകള്‍, മറ്റ് ആവിഷ്‌കാരങ്ങള്‍ എന്നിവയാണ് രാജ്യദ്രോഹമാവുന്നത്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.