ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്ത്: സെന്‍കുമാര്‍
തന്റെ കാലത്തല്ല ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയപ്പോഴാണ് പോലിസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത്. ജേക്കബ് പുന്നൂസ് ആയിരുന്നു അന്നത്തെ ഡിജിപി.
തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. തന്റെ കാലത്തല്ല ഫോണ്‍ ചോര്‍ത്തല്‍ ആരംഭിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയപ്പോഴാണ് പോലിസ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത്. ജേക്കബ് പുന്നൂസ് ആയിരുന്നു അന്നത്തെ ഡിജിപി. ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച നവാഗത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തനിക്കെതിരേ പല വ്യാജ ആരോപണങ്ങളും ഉയരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഇതാദ്യമായാണ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ പോലിസിന്റെ തലപ്പത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖരുടെ ഫോണുകള്‍ പോലിസ് ചോര്‍ത്തുന്നുവെന്നത് കാലങ്ങളായുള്ള ആരോപണമാണ്. 2012ല്‍ ഹൈടെക് സെല്ലിനോട് ഇ-മെയിലും ഫോണ്‍വിളികളും പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി നല്‍കിയ ഉത്തരവ് ചോര്‍ന്നത് വിവാദമുയര്‍ത്തിയിരുന്നു. സോളാര്‍ വിവാദവേളയിലും ഫോണ്‍ചോര്‍ത്തല്‍ വിവാദം ഉണ്ടായിരുന്നു.
താന്‍ മുമ്പ് പല വേദികളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത അയിത്തം ഇപ്പോള്‍ ചിലര്‍ കല്‍പ്പിക്കുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ എല്ലാവരും സംഘികളാകും. സേവാഭാരതിയുടെ ചടങ്ങിന് ഇനിയും പോകും. കുറേയധികം മനുഷ്യസ്‌നേഹികളുള്ള സംവിധാനമാണ് സേവാഭാരതി. ഇന്ത്യ നന്നാവണമെങ്കില്‍ മോദിക്കു ഭരണത്തുടര്‍ച്ച വേണം. 2019നു പുറമെ 2024ലും മോദി പ്രധാനമന്ത്രിയായി വരണമെന്നും സെന്‍കുമാര്‍ പറഞ്ഞു.