28 വര്‍ഷം ജയിലില്‍ ഇട്ടാലും ഭീകര നിയമങ്ങള്‍ക്കെതിരായ പോരാട്ടം തുടരും: സിദ്ദിഖ് കാപ്പന്‍

Update: 2023-02-02 05:25 GMT

ന്യൂഡല്‍ഹി: ഭീകര നിയമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് 28 മാസം നീണ്ട ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖ് കാപ്പന്‍. 28 മാസമല്ല, 28 വര്‍ഷം ജയിലില്‍ അടച്ചാലും ഭീകരനിയമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് സിദ്ദിഖ് കാപ്പന്‍ വ്യക്തമാക്കി. തനിക്ക് ജാമ്യം ലഭിച്ചതിന് ശേഷവും അവരെന്നെ ജയിലില്‍ അടച്ചു.

താന്‍ ജയിലില്‍ കിടന്നതുകൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്ന് തനിക്കറിയില്ല. ഈ രണ്ട് വര്‍ഷങ്ങള്‍ വളരെ കഠിനമായിരുന്നു, പക്ഷേ, താന്‍ ഒരിക്കലും ഭയപ്പെട്ടില്ലെന്നും സിദ്ദിഖ് കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലഖ്‌നോ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ ഇനി ഡല്‍ഹിയിലേക്ക് പോവും. അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാവും കേരളത്തിലേക്ക് മടങ്ങുക.

ലഖ്‌നോവിലെ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള സിദ്ദിഖ് കാപ്പന്റെ ആദ്യവാക്കുകള്‍:

'സന്തോഷകരമായ നിമിഷമാണിത്. 28 മാസം പൂര്‍ത്തിയാക്കി. യുഎപിഎ എന്ന കരിനിയമത്തെക്കുറിച്ച് 15 വര്‍ഷമായി ബീറ്റ് ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. അതേ നിയമത്തിന്റെ പേരിലാണ് ഞാന്‍ ജയിലില്‍ ആവുന്നത്.

ഒരു ക്യാന്‍സര്‍ രോഗവിദഗ്ധന്‍ ക്യാന്‍സറിന്റെ പിടിച്ച് മരിക്കുന്നതുപോലെ.

ദലിത് വിഷയം ഉയര്‍ത്തിപ്പിടിച്ചതിന് അതേ വിഷയത്തില്‍ അകത്തിടുക, വ്യാജവും വളരെ മോശവുമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ്.

ഭീകരവാദിയെന്ന ആരോപണം നേരിട്ടാണ് 28 മാസം ജയില്‍ വാസം അനുഷ്ടിച്ചത്.

മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂനിയനും പൊതുസമൂഹവും ലോകത്തിലെ വിവിധ സാമൂഹിക പ്രവര്‍ത്തകരും പിന്തുണയും പ്രവര്‍ത്തനവും നടത്തിയതുകൊണ്ടാണ് നേരത്തെ പുറത്തിറങ്ങാനായത്.

ജയിലിലായ സമയത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഉമ്മ എന്നെ വിട്ടുപോയി. ഉമ്മയില്ലാത്ത ലോകത്തേക്കാണ് ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിവരുന്നത്. പരോളില്‍ ഇറങ്ങിയപ്പോഴും ഉമ്മയുമായി ഒരുവാക്ക് പോലും സംസാരിച്ചക്കാനായിട്ടി. അല്‍ഷിമേസ് രോഗമായിരുന്നതിനാല്‍ ഞാന്‍ വന്ന കാര്യം പോലും ഉമ്മയറിഞ്ഞിട്ടുണ്ടാവില്ല.

എന്റെ ഉമ്മയ്ക്ക് സന്തോഷമുണ്ടാവും.

നല്ലൊരു കാര്യത്തിന് വേണ്ടിയാണ് ഞാന്‍ 28 മാസം ജയിലില്‍ കിടന്നത്. ഒരു ദലിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി പോരട്ടത്തിനും അത് റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടയിലുമാണ് എന്നെ കള്ളകഥയുണ്ടാക്കി അറസ്റ്റ് ചെയ്തത്.

28 മാസമല്ല ഇരുപത്തിയെട്ട് വര്‍ഷം ജയിലില്‍ ഇട്ടാലും രാജ്യത്തെ കരിനിയമം, ദലിത്, സ്ത്രീ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. നെല്‍സണ്‍ മണ്ടേല ഇരുപത്തി ഏഴ് വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട് അതുകൊണ്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടം മാധ്യമ പ്രവര്‍ത്തനത്തിലൂടെ തന്നെ തുടരും.

നിയമപോരാട്ടത്തില്‍ ഭാര്യയും മക്കളുമാണ് മുന്‍നിരയിലുണ്ടായത് അവരോടൊപ്പം നിന്ന മാധ്യമപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ എന്നിങ്ങനെ എല്ലാവരോടും നന്ദിയുണ്ട്.' നിയമപോരാട്ടം നടത്തിയ അഭിഭാഷകരായ കപില്‍ സിബല്‍, ഹാരിസ് ബീരാന്‍, വില്‍സ് മാത്യു, മുഹമ്മദ് ഡാനിഷ് എന്നിവരോടും നന്ദിയുണ്ട്. നീതി പൂര്‍ണമായും ലഭിച്ചിട്ടില്ല. നമ്മുടെ കൂടെയുള്ളവര്‍ പലരും കള്ളക്കേസില്‍ ഇപ്പോഴും ജയിലിലാണല്ലോ. ഞാന്‍ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ് പുലര്‍ന്നത്. ഭീകരവാദി എന്ന മുദ്രകുത്തപ്പെട്ടാണ് ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. അങ്ങനെയൊരു ലോകത്തേക്ക് വരുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്,

' ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിയും ഭഗത് സിങ്ങുമൊക്കെ അവര്‍ക്ക് ഭീരകരരായിരുന്നു. ഒരോ കാലഘട്ടത്തിലും ടെററിസം എന്ന് പറയുന്നത് പൊളിറ്റിക്കല്‍ ടൂളാണ്. അതുകൊണ്ടൊന്നും ആരെയും അടിച്ചമര്‍ത്താന്‍ സാധിക്കില്ല. മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന പ്രത്യയശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദിയെന്ന് വിളികേള്‍ക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.'

Tags:    

Similar News