പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: അധ്യാപകന് സസ്‌പെന്‍ഷന്‍

യുപി സ്‌കൂള്‍ സയന്‍സ് അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര സസ്‌പെന്റ് ചെയ്തത്. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇവിടെവച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഉടനടി നടപടിയുണ്ടായത്.

Update: 2019-11-21 10:08 GMT

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികില്‍സ നല്‍കാന്‍ വൈകിയെന്ന ആരോപണം നേരിട്ട അധ്യാപകനെതിരേ നടപടി. യുപി സ്‌കൂള്‍ സയന്‍സ് അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര സസ്‌പെന്റ് ചെയ്തത്. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഡപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇവിടെവച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഉടനടി നടപടിയുണ്ടായത്. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ബത്തേരി ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസുകാരി ഷഹ്‌ല ഷെറിന്‍ (10) എന്ന വിദ്യാര്‍ഥിനിയാണ് പാമ്പുകടിയേറ്റ് ഇന്നലെ മരിച്ചത്. പാമ്പുകടിച്ചതായി വിദ്യാര്‍ഥിനി പലതവണ പറഞ്ഞിട്ടും അധ്യാപകര്‍ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ തയ്യാറായില്ലെന്ന് സഹപാഠികള്‍ ആരോപണമുന്നയിച്ചിരുന്നു. സംഭവം നടന്ന് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കുട്ടിയുടെ പിതാവ് എത്തിയശേഷമാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ കാലില്‍ ആണികൊണ്ടതായിരിക്കുമെന്നായിരുന്നു അധ്യാപകരുടെ നിലപാട്.

അതിനിടെ, പാമ്പുകടിയേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെത്തിയ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാര്‍ തടഞ്ഞു. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകര്‍ക്കുനേരെ ഒരുസംഘം നാട്ടുകാര്‍ കൈയേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിന്റെ വാതില്‍പൂട്ട് കല്ലുകൊണ്ട് തല്ലിത്തകര്‍ത്ത ഒരുസംഘം നാട്ടുകാരും രക്ഷിതാക്കളുമാണ് അകത്തുകയറിയത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ അനാസ്ഥ കാണിച്ച അധ്യാപകന്‍ മുറിയ്ക്ക് അകത്തുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ പൂട്ടുതകര്‍ത്ത് അകത്ത് കയറിയത്. ഈ അധ്യാപകന്‍ പിന്‍വാതില്‍ വഴി ഓടിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്റ്റാഫ് റൂമിനുള്ളില്‍ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അനാസ്ഥ കാണിച്ചെന്ന് ആരോപണമുയര്‍ന്ന അധ്യാപകന്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നില്ല. പ്രധാനാധ്യാപകനു നേരെ ആക്രോശങ്ങളുമായി പാഞ്ഞടുത്ത നാട്ടുകാര്‍ ഏറെ നേരം സംഘര്‍ഷസ്ഥിതിയുണ്ടാക്കി. സ്റ്റാഫ് റൂമില്‍ കയറിയ നാട്ടുകാര്‍ വാതില്‍ തകര്‍ക്കുകയും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി വികാരനിര്‍ഭരമായി പ്രതികരിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചത്. പിന്നീട് പോലിസെത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്. 

Tags:    

Similar News