ആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച നിമിഷങ്ങള്‍

Update: 2023-06-03 08:30 GMT

ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാത്രി ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് രാജ്യം. 300 ഓളം പേരുടെ ജീവനെടുത്താണ് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപോര്‍ട്ടുകള്‍. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാറിലാണ് മൂന്ന് ട്രെയിനുകള്‍ ദുരന്തം വിതച്ചത്. യശ്വന്ത്പുരില്‍ നിന്നു ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്, ഒരു ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടി പാളംതെറ്റി മറിഞ്ഞു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറി. ഇതിലേക്ക് ഒരു ചരക്കുതീവണ്ടി കൂടി വന്നിടിച്ചതാണ് അപകടത്തിന്റെ തകീവ്രത വര്‍ധിപ്പിച്ചത്. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചുകളും യശ്വന്ത്പുര്‍-ഹൗറ തീവണ്ടിയുടെ നാലുകോച്ചുകളും പാളം തെറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

    ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ എന്നത് പ്രഹസനമായി തുടരുകയാണ്. രാജ്യത്ത് നാലു ദശകത്തിനിടെ ഒട്ടനവധി ട്രെയിന്‍ ദുരന്തങ്ങളാണുണ്ടായത്. 1981 ജൂണില്‍ ചുഴലിക്കാറ്റ് കാരണം തിങ്ങിനിറഞ്ഞ പാസഞ്ചര്‍ ട്രെയിനിന്റെ ഏഴ് കോച്ചുകള്‍ പാളംതെറ്റി നദിയിലേക്ക് മറിഞ്ഞ് 800 പേരാണ് മരണപ്പെട്ടത്. 1988 ജൂലൈയില്‍ ദക്ഷിണേന്ത്യയിലെ ക്വയിലോണിനടുത്ത് തടാകത്തിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ മറിഞ്ഞ് 106 പേര്‍ മരണപ്പെട്ടിരുന്നു. 1988 ജൂലൈ 8നാണ് കേരളത്തിലെ അഷ്ടമുടിക്കായലിനു കുറുകെയുള്ള പെരുമണ്‍ പാലത്തില്‍ ട്രെയിന്‍ പാളം തെറ്റി 10 ബോഗികള്‍ വെള്ളത്തില്‍ വീണ പെരുമണ്‍ ദുരന്തമുണ്ടായത്. 105 പേര്‍ മരണപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1995 ആഗസ്തില്‍ ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 350 പേര്‍ മരിച്ചു. 1995 ആഗസ്ത് 20ന് ഒരു പാസഞ്ചര്‍ ട്രെയിന്‍ നീലഗൈയില്‍ ഇടിച്ച ശേഷം നിര്‍ത്തിയ ട്രെയിനുമായി കൂട്ടിയിടിച്ചാണ് ഫിറോസാബാദ് ദുരന്തം സംഭവിച്ചത്. 1999 ആഗസ്തില്‍ കൊല്‍ക്കത്തയ്ക്ക് സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 285 പേരാണ് മരണപ്പെട്ടത്. പശ്ചിമ ബംഗാളിലെ ഗൈസാല്‍ എന്ന സ്‌റ്റേഷനില്‍നിന്ന് 2,500 ഓളം ആളുകളുമായി വരുന്ന രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. സിഗ്‌നലിംഗ് പിശകായിരുന്നു അപകട കാരണം. ലൈനിലെ നാല് ട്രാക്കുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതിനാല്‍ രണ്ട് ട്രെയിനുകളും ഒരേ ട്രാക്കിലൂടെയാണെത്തിയത്. 2005ല്‍ ആന്ധ്രാപ്രദേശിലെ വെലുഗൊണ്ടയ്ക്ക് സമീപം പാസഞ്ചര്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി. 2005 ഒക്ടോബര്‍ 29ന് നടന്ന അപകടത്തില്‍ 77 പേരാണ് കൊല്ലപ്പെട്ടത്. 2011 ജൂലൈ 10ന് ഉച്ചയ്ക്ക് 12.20ന് ഹൗറകല്‍ക്ക മെയിലിന്റെ 15 കോച്ചുകള്‍ മാല്‍വാന് സമീപം പാളം തെറ്റി 70 പേര്‍ മരണപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2012 മെയ് 22 ന് ആന്ധ്രാപ്രദേശിന് സമീപം ഹുബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസും ഒരു കാര്‍ഗോ ട്രെയിനും കൂട്ടിയിടിച്ച് 25 ഓളം പേര്‍ മരണപ്പെടുകയും 43 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2014 മെയ് 26ന്, ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറില്‍ ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ഗോരഖ്ധാം എക്‌സ്പ്രസ്, ഖലീലാബാദ് സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് 25 പേര്‍ മരണപ്പെടുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016 നവംബര്‍ 20ന് പുലര്‍ച്ചെ 3.10ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പൊഖ്രായന് സമീപം ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് പാളം തെറ്റിയാണ് ദുരന്തമുണ്ടായത്. പതിനാലോളം ബോഗികള്‍ പാളം തെറ്റി 146 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2017 ജനുവരി 21 ന് തെക്കന്‍ ആന്ധ്രാപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി 41 പേര്‍ മരിച്ചു. ജഗദല്‍പൂരില്‍ നിന്ന് ഭുവനേശ്വറിലേക്കുള്ള ഹിരാഖണ്ഡ് എക്‌സ്പ്രസ് വിജയനഗരത്തിലെ കുനേരു ഗ്രാമത്തിന് സമീപമാണ് പാളം തെറ്റിയത്. 2017 ആഗസ്ത് 19ന് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലിക്ക് സമീപം പുരിഹരിദ്വാര്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 പേരാണ് മരണപ്പെട്ടത്. ട്രെയിനിന്റെ 23 കോച്ചുകളില്‍ 14 എണ്ണവും പാളം തെറ്റിയിരുന്നു. 2017 ആഗസ്റ്റ് 23ന് ഉത്തര്‍പ്രദേശിലെ ഔറയ്യയ്ക്ക് സമീപം ഡല്‍ഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്പ്രസിന്റെ ഒമ്പത് കോച്ചുകള്‍ പാളം തെറ്റി, 70ഓളം പേര്‍ക്കാണ് പരിക്കേറ്റത്. 2018 ഒക്‌ടോബറില്‍ ഉത്തരേന്ത്യയിലെ അമൃത്‌സറില്‍ ദസറ ഉല്‍സവം കാണാന്‍ ട്രാക്കുകളില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഒരു കമ്മ്യൂട്ടര്‍ ട്രെയിന്‍ പാഞ്ഞുകയറി 59 പേരാണ് മരിച്ചത്. ദസറ ആഘോഷിക്കാനെത്തിയ 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News