എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങും
രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ ഒരുമിച്ച് നടത്തും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങി 26ന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ തന്നെ നടത്താനും ക്യുഐപി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. എസ്എസ്എല്‍സി, എച്ച്എസ്എസ്, വിഎച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് അഞ്ചിനുമുള്ളില്‍ നടത്തും. എസ്എസ്എല്‍സി ഐടി പരീക്ഷകള്‍ ജനുവരി 31നു മുമ്പ് തീര്‍ക്കും.
വാര്‍ഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ അതാത് സ്‌കൂളുകളില്‍ സൂക്ഷിക്കും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം പോലിസ് സുരക്ഷയും ഉറപ്പാക്കും. പരീക്ഷാ ജോലികള്‍ക്കായി നിയമിക്കപ്പെടുന്ന ഇന്‍വിജിലേറ്റര്‍, ഡെപ്യൂട്ടി ചീഫ്, ചീഫ് സൂപ്രണ്ട് എന്നിവരുടെ പ്രതിഫലം വര്‍ധനവോടെ ഏകീകരിക്കാനും യോഗം ശുപാര്‍ശ ചെയ്തു. രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ ഒരുമിച്ച് നടത്തും. ഒന്നുമുതല്‍ അഞ്ചുവരെയും 10, 11, 12 ക്ലാസുകള്‍ക്കും രാവിലെയും ആറുമുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമായിരിക്കും പരീക്ഷ.