'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം'; വാജ്‌പേയിയുടെ 'രഹസ്യജീവിതം' വെളിപ്പെടുത്തി സുബ്രഹ്മണ്യന്‍ സ്വാമി(വീഡിയോ)
നേരത്തെയും വെട്ടിത്തുറന്നു പറഞ്ഞ് വിവാദത്തിലായിരുന്ന സ്വാമി, വാജ്‌പേയി സംശയാസ്പദമായ വ്യക്തിജീവിതമാണ് നയിച്ചതെന്നും ആരോപിച്ചു. പൊതു പ്രതിച്ഛായ ഉണ്ടായിരുന്നിട്ടും, ഗ്വാളിയോറിലെ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ഒരു കശ്മീരി സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വാമി പറയുന്നുണ്ട്.
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ വ്യക്തിജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ബിജെപി മുന്‍ നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. കശ്മീരി സ്ത്രീയുമായുള്ള ബന്ധം, എയര്‍ഹോസ്റ്റസുമാരുമായുള്ള പ്രണയം തുടങ്ങിയ വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. ആജ് തക് അവതാരകന്‍ ശുഭങ്കര്‍ മിശ്രയുമായി നടത്തിയ അണ്‍പ്ലഗ്ഡ് വിത്ത് ശുഭങ്കര്‍ എന്ന അഭിമുഖത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളത്. സ്വാമിയുടെ സ്‌ഫോടനാത്മകമായ പരാമര്‍ശങ്ങള്‍ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. അഭിമുഖത്തിനിടെ, വാജ്‌പേയിയുടെ ജീവിതത്തിലെ രഹസ്യങ്ങള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ബന്ധങ്ങളും വ്യക്തിപരമായ കാര്യങ്ങളും എന്ന് വിശേഷിപ്പിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി സംസാരിക്കുന്നത്.
നേരത്തെയും വെട്ടിത്തുറന്നു പറഞ്ഞ് വിവാദത്തിലായിരുന്ന സ്വാമി, വാജ്‌പേയി സംശയാസ്പദമായ വ്യക്തിജീവിതമാണ് നയിച്ചതെന്നും ആരോപിച്ചു. പൊതുവെ മെച്ചപ്പെട്ട പ്രതിച്ഛായ ഉണ്ടായിരുന്നിട്ടും, ഗ്വാളിയോറിലെ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ഒരു കശ്മീരി സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വാമി പറയുന്നുണ്ട്. കശ്മീരി യുവതിയുമായുള്ള ബന്ധം വാജ്‌പേയിയുടെ പിതാവ് അംഗീകരിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തെ കാണ്‍പൂരിലേക്ക് സ്ഥലം മാറ്റാന്‍ നിര്‍ബന്ധിച്ചു. അവിടെ ആര്‍എസ്എസ് പ്രചാരകനായി നിയമിച്ചു. ഒരു വൃദ്ധന് വിവാഹം കഴിച്ചുകൊടുത്തതിനാല്‍ അവളുടെ ജീവിതം 'നശിക്കപ്പെട്ട'തായി കരുതിയെന്നും പറയുന്നുണ്ട്. വാജ്‌പേയി വര്‍ഷങ്ങള്‍ക്കുശേഷം താന്‍ എംപിയായിരുന്നപ്പോള്‍ അതേ കശ്മീരി സ്ത്രീയുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. അവളെയും ഭര്‍ത്താവിനെയും ഡല്‍ഹിയിലെ ഫിറോസ് ഷാ റോഡിലെ വസതിയില്‍ താമസിക്കാന്‍ ക്ഷണിച്ചു. ഭര്‍ത്താവിനൊപ്പം താമസിക്കുമ്പോള്‍ വാജ്‌പേയി അവളുടെ ഭര്‍ത്താവിനെ സേവകൻമാർക്കുള്ള വാസസ്ഥലത്താണ്
പാര്‍പ്പിച്ചത്. ഇതോടെ, ശ്രീമതി കൗള്‍ എന്ന സ്ത്രീ വാജ്‌പേയിയുടെ ജീവിതത്തില്‍ അറിയപ്പെടുന്ന വ്യക്തിയായി മാറി. കൗളിന്റെ മകള്‍ ഗന്നു യഥാര്‍ഥത്തില്‍ അവരുടെ ഭര്‍ത്താവിലുണ്ടായ മകളല്ലെന്നു അതിഗുരുതര ആരോപണവും സ്വാമി ഉന്നയിക്കുന്നുണ്ട്.
ഞെട്ടിക്കുന്ന മറ്റൊരു പ്രസ്താവനയില്‍, മുന്‍ പ്രധാനമന്ത്രിക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. എയര്‍ ഹോസ്റ്റസുമാരുമായുള്ള വാജ്‌പേയിയുടെ പ്രണയബന്ധത്തെക്കുറിച്ചും സ്വാമി സംസാരിക്കുന്നുണ്ട്. വാജ്പേയി വിവാഹിതനാണെന്നും എന്നാല്‍ സ്ത്രീസംസര്‍ഗമില്ലാത്തയാള്‍ അല്ലെന്നും ഒരുപാട് പേരുണ്ടെന്നു പറയേണ്ടി വന്നതായും സ്വാമി പറയുന്നുണ്ട്. സംഭവം വിവാദമായതോടെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദങ്ങളിലെ സമയത്തെയും കൃത്യതയെയും പലരും ചോദ്യം ചെയ്തു. വാജ്‌പേയിയെയും മിസിസ് കൗളിനെയും കുറിച്ചുള്ള കഥകള്‍ സുപരിചിതമാണെന്ന് സമ്മതിച്ചുകൊണ്ട് പോഡ്കാസ്റ്റ് അവതാരകനായ ശുഭങ്കര്‍ മിശ്ര, അഭിമുഖത്തിനിടെ ചെറിയതോതില്‍ ഇടപെട്ടെങ്കിലും സ്വാമിയോട് തുടരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ വെളിപ്പെടുത്തലുകളുടെ കൂടുതല്‍ സെന്‍സിറ്റീവ് ഭാഗങ്ങള്‍ പോഡ്കാസ്റ്റില്‍ നിന്ന് എഡിറ്റ് ചെയ്യാമെന്ന് സ്വാമി തമാശയായി നിര്‍ദേശിക്കുന്നുണ്ട്. ബിജെപിയുടെയും സംഘപരിവാരത്തിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് പ്രധാന ശില്‍പ്പികളിലൊരാളായി പുകഴ്ത്തപ്പെടുന്ന വാജ്‌പേയി മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. വാജ്‌പേയിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ബിജെപി മുന്‍ എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ വരുംദിവസങ്ങളിലും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുമെന്ന് ഉറപ്പാണ്.