മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദുമഹാസഭയുടെ ഹരജി സുപ്രിംകോടതി തള്ളി

ഹരജിയുമായി മുസ്‌ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി

Update: 2019-07-08 06:46 GMT
മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദുമഹാസഭയുടെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ്ദ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ കേരള ഘടകം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹരജി തള്ളിയത്. ഹരജിയുമായി മുസ്‌ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹരജി നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടി കോടതിയെ സമീപിക്കാന്‍ അഖില ഭാരത ഹിന്ദു മഹാസഭയ്ക്ക് അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടാന്‍ ഹരജിക്കാരന് എന്ത് അവകാശമാണുള്ളതെന്നും ഹര്‍ജിയില്‍ മുസ്‌ലിം സ്ത്രീകള്‍ ആരെങ്കിലും കക്ഷിയായിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹിന്ദു മഹാസഭ സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News