ന്യൂഡല്‍ഹി: മുഖ്യമന്ത്രിമാര്‍ രാജാക്കന്‍മാരല്ലെന്ന താക്കീതുമായി സുപ്രിംകോടതി. വിവാദ ഐഎഫ്എസ് ഓഫിസര്‍ രാഹുലിനെ രാജാജി ടൈഗര്‍ റിസര്‍വ് ഡയറക്റ്ററായി നിയമിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നടപടിയിലാണ് സുപ്രിം കോടതിയുടെ വിമര്‍ശനം. ''നമ്മള്‍ ജീവിക്കുന്നത് ഫ്യൂഡല്‍ യുഗത്തിലല്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് രാജാവിനെ പോലെ പെരുമാറാനാവില്ല. മുഖ്യമന്ത്രിയാണെന്ന് വച്ച് എന്തും ചെയ്യാന്‍ കഴിയില്ല''-സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് പരാമര്‍ശം.
2022 ജനുവരിയില്‍ കോര്‍ബറ്റ് കടുവാസങ്കേതത്തിനുള്ളിലെ മരങ്ങള്‍ അനധികൃതമായി വെട്ടിമാറ്റിയതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാഹുലിനെ റിസര്‍വ് ഡയറക്റ്റര്‍ സ്ഥാനത്തു നിന്ന് നീക്കിയിയിരുന്നു. സെക്ഷന്‍ ഓഫിസര്‍, ഡെപ്യൂട്ടി സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാന വനം മന്ത്രി തുടങ്ങിയവരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി രാഹുലിനെ നിയമിച്ചത്. രാഹുലിനെതിരേ ചില അച്ചടക്ക നടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ രാഹുലിന്റെ നിയമനം തെറ്റായ സന്ദേശം നല്‍കുമെന്ന സുപ്രിംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെയാണ് ബെഞ്ചിന്റെ നിരീക്ഷണം.