ശബരിമല യുവതീ പ്രവേശനം: പുനപ്പരിശോധനാ ഹരജികളില്‍ സുപ്രിംകോടതി വിധി നാളെ
ശബരിമല യുവതീ പ്രവേശന വിധി വന്ന് ഒരുവര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപ്പരിശോധനാ ഹരജികളില്‍ വിധി വരുന്നത്. വിധിക്കെതിരെയുള്ള 56 പുനപ്പരിശോധന ഹരജികളിലും നിരവധി കോടതിയലക്ഷ്യ ഹരജികളിലും സുപ്രിംകോടതി തീരുമാനം പറയും. ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം ഭരണഘടന ബെഞ്ചിലെത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടാവും ഇനി സുപ്രിംകോടതി തീരുമാനത്തില്‍ നിര്‍ണായകമാവുക.
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന ഉത്തരവിനെതിരായ പുനപ്പരിശോധന ഹരജികളില്‍ സുപ്രിംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് രാവിലെ 10.30ന് വിധിപറയുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതിയുടെ ഉത്തരവിനെതിരായ 56 പുനപ്പരിശോധന ഹരജികളിലാണ് വിധി പറയുന്നത്. രാജ്യത്തും കേരളത്തില്‍ പ്രത്യേകിച്ചും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്ന ശബരിമല കേസിലെ വിധി കോടതി പുനപ്പരിശോധിക്കുമോ അതോ ഹരജികള്‍ തള്ളിക്കളയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ശബരിമല യുവതീ പ്രവേശന വിധി വന്ന് ഒരുവര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപ്പരിശോധനാ ഹരജികളില്‍ വിധി വരുന്നത്. വിധിക്കെതിരെയുള്ള 56 പുനപ്പരിശോധന ഹരജികളിലും നിരവധി കോടതിയലക്ഷ്യ ഹരജികളിലും സുപ്രിംകോടതി തീരുമാനം പറയും. ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം ഭരണഘടന ബെഞ്ചിലെത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാടാവും ഇനി സുപ്രിംകോടതി തീരുമാനത്തില്‍ നിര്‍ണായകമാവുക. നവംബര്‍ 17ന് വിരമിക്കുന്ന ഗൊഗോയിക്ക് ഇനി നാളെയും മറ്റന്നാളുംകൂടി മാത്രമേ പ്രവൃത്തിദിനങ്ങളായി ബാക്കിയുള്ളൂ. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രിംകോടതി വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച അപൂര്‍വം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടനാവകാശം എല്ലാവര്‍ക്കും ഒരുപോലെ ആവണമെന്നതായിരുന്നു ശബരിമല വിധിയുടെ ഉള്ളടക്കം. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങളുണ്ടാക്കി. മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്.