ഇഡിയുടെ അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി;ഹരജികള്‍ തള്ളി

കാര്‍ത്തി ചിദംബരം,എന്‍സിപി നേതാവ് അനില്‍ ദേശ്മുഖ്,ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖര്‍ അടക്കം സമര്‍പ്പിച്ച 242 ഹരജികളാണ് കോടതി തള്ളിയത്

Update: 2022-07-27 06:17 GMT

ന്യൂഡല്‍ഹി:ഇഡിയുടെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി.ഇഡിയുടെ അധികാരങ്ങള്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന ഹരജിക്കാരുടെ വാദം സുപ്രിംകോടതി തള്ളി.ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

കാര്‍ത്തി ചിദംബരം,എന്‍സിപി നേതാവ് അനില്‍ ദേശ്മുഖ്,ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖര്‍ അടക്കം സമര്‍പ്പിച്ച 242 ഹരജികളാണ് കോടതി തള്ളിയത്. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനും,അറസ്റ്റിനും,സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നും, ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി വ്യക്തമാക്കി.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ്, കണ്ടുകെട്ടല്‍, അന്വേഷണം ഉള്‍പ്പെടുള്ള നടപടികളില്‍ ഇഡിക്ക് വിശാല അധികാരം നല്‍കുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹരജികള്‍ കോടതിക്ക് മുന്നില്‍ എത്തിയത്.

ഇഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍, ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കുറ്റാരോപിതര്‍ നല്‍കുന്ന മൊഴി കോടതികളില്‍ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉള്‍പ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടന വിരുദ്ധമാണ് എന്നായിരുന്നു ഹരജിക്കാര്‍ ഉന്നയിച്ചിരുന്നത്.അറസ്റ്റിന്റെ കാരണങ്ങള്‍ റിപോര്‍ട്ട് ചെയ്യാതിരിക്കല്‍, ഇസിഐആര്‍ പകര്‍പ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു ഹരജി.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട ഇസിഐആര്‍ ഇഡിയുടെ സുപ്രധാന രേഖയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ഇസി ഐആര്‍ പ്രതിക്ക് നല്‍കേണ്ടെതില്ലെന്നും ഇതിലെ കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ മതിയാകുമെന്നും കോടതി നിരീക്ഷിച്ചു.ജാമ്യവുമായി ബന്ധപ്പെട്ട പിഎംഎല്‍ ആക്ടിലെ സെക്ഷന്‍ 45, സെക്ഷന്‍ 3, സെക്ഷന്‍ 18 ഒന്ന് എന്നിവയും കോടതി ശരിവച്ചു. അറസ്റ്റിലായാല്‍ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നും തെളിവുകള്‍ പ്രതി ഹാജരാക്കണമെന്നും വിധിയില്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നു എന്ന പ്രതിപക്ഷ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

Tags:    

Similar News