
സൗമശ്രീ സര്‍ക്കാര്‍
ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ 'മുസ്‌ലിം കമ്മീഷണര്‍' ആയിരുന്നുവെന്നാണ് ഏപ്രില്‍ 20ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞത്. ജാര്‍ഖണ്ഡില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍മാക്കിയെന്നും അതിന് ഉത്തരവാദി ഖുറൈഷിയാണെന്നും ദുബെ ആരോപിച്ചു.
2010നും 12നും ഇടയില്‍ ഒരു വര്‍ഷവും 316 ദിവസവും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എസ് വൈ ഖുറൈഷിയെ ആയിരുന്നു ദുബെ ആക്രമിച്ചത്. വഖ്ഫ് ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ എക്‌സിലെ പോസ്റ്റില്‍ ഖുറൈഷി വിമര്‍ശിച്ചിരുന്നു. അത് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് ദുബെ ആക്രമണം അഴിച്ചുവിട്ടത്.
ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യമായി, 63 വര്‍ഷങ്ങള്‍ക്ക് ശേഷം, നിയമിതനായ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നു എസ് വൈ ഖുറൈഷി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വതന്ത്ര ഏജന്‍സിയായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പദവി ഇതുവരെ ലഭിച്ചത് രണ്ട് മുസ്‌ലിംകള്‍ക്ക് മാത്രമാണ്.
ഭരണകക്ഷിയായ ബിജെപിയുടെ ടിക്കറ്റില്‍ നാലുതവണ എംപിയായ ഒരാള്‍, ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അസാധാരണ രീതിയില്‍ കടന്നാക്രമിക്കാന്‍ തീരുമാനിച്ചത് ശ്രദ്ധേയമാണ്. അതേസമയം, സുപ്രധാന സര്‍ക്കാര്‍ പദവികളിലുള്ള മുസ്‌ലിംകളോട് നരേന്ദ്രമോദിയുടെ 11 വര്‍ഷത്തെ ഭരണം എങ്ങനെ പെരുമാറി എന്നതിന്റെ പ്രതിഫലനവും കൂടിയാണ് ദുബെയുടെ ഈ നടപടി.
ഒരാളെ അവര്‍ വിമര്‍ശിക്കുമ്പോള്‍ അവരുടെ മതം ഉയര്‍ത്തിക്കാട്ടപ്പെടുകയും വിമര്‍ശത്തിന് ഉപയോഗിക്കുന്ന ഭാഷ അസഭ്യമാവുന്നതായും കാണാം. ഇങ്ങനെയാണെങ്കിലും സര്‍ക്കാരിലെ ഉന്നതപദവികളില്‍ ഇരിക്കുന്ന മുസ്‌ലിംകളെ ആക്രമിക്കല്‍ ഹിന്ദുത്വര്‍ക്ക് എളുപ്പമായിരുന്നില്ല. കാരണം, ഉന്നത പദവികളില്‍ മുസ്‌ലിംകള്‍ വളരെ കുറവാണ്.
1947 മുതല്‍ 2024 വരെയുള്ള കാലത്തെ 33 കാബിനറ്റ് സെക്രട്ടറിമാരില്‍ ഒരാളും 35 വിദേശകാര്യ സെക്രട്ടറിമാരില്‍ ഒരാളും മാത്രമേ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരായിട്ടുള്ളൂ എന്ന് മുഹമ്മദ് അബ്ദുല്‍ മന്നാന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ഒരിക്കലും പ്രതിരോധ, ആഭ്യന്തര, റവന്യൂ സെക്രട്ടറിമാരായിരുന്നില്ല. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനിലുണ്ടായ 32 ചെയര്‍പേഴ്‌സണ്‍മാരില്‍ മൂന്ന് പേരും 119 അംഗങ്ങളില്‍ 16 പേരുമായിരുന്നു മുസ്‌ലിംകള്‍.
സുപ്രിംകോടതിയില്‍ ഉണ്ടായിരുന്നതും നിലവിലുള്ളതുമായ 265 ജഡ്ജിമാരില്‍ 16 പേരാണ് (6 ശതമാനം) മുസ്‌ലിംകളെന്ന് പഠനം പറയുന്നു. 50 ചീഫ് ജസ്റ്റിസുമാരില്‍ നാലുപേര്‍ മുസ്‌ലിംകളായിരുന്നുവെന്നും 3,649 ഹൈക്കോടതി ജഡ്ജിമാരില്‍ പേരില്‍ 207 പേര്‍ മുസ്‌ലിംകളാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്ത് നിയമിക്കപ്പെട്ട 15 രാഷ്ട്രപതിമാരില്‍ നാലു പേരും (26.7 ശതമാനം) ഉപരാഷ്ട്രപതിമാരില്‍ 14ല്‍ അഞ്ചും (35.7 ശതമാനം) മുസ്‌ലിംകളായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ മുസ്‌ലിം പ്രധാനമന്ത്രിമാരോ ഉപപ്രധാനമന്ത്രിമാരോ ഉണ്ടായിട്ടില്ല.
കാബിനറ്റ് മന്ത്രിമാരില്‍ മുസ്‌ലിം പ്രാതിനിധ്യം പലതോതിലുണ്ടായിട്ടുണ്ട്. ആരോഗ്യം (ഏഴ്), ജലവിഭവം (ആറ്), ന്യൂനപക്ഷകാര്യം (ആറ്) തുടങ്ങിയ മന്ത്രാലയങ്ങളിലാണ് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചത്. എന്നിരുന്നാലും, ധനകാര്യം, പ്രതിരോധം, വാണിജ്യം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്, അല്ലെങ്കില്‍ ഒട്ടും തന്നെയില്ല.
നയരൂപീകരണ, ചട്ട രൂപീകരണ വകുപ്പുകളില്‍ കുറച്ച് മാത്രമേ മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായിട്ടുള്ളൂ എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഉന്നത സ്ഥാനങ്ങള്‍ ഒരിക്കലും മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നില്ല. ഉദാഹരണത്തിന്, ഒരു മുസ്‌ലിമും ഇതുവരെ ആര്‍ബിഐ ഗവര്‍ണറായിട്ടില്ല.
'അധികാരത്തിന്റെ ഇടനാഴികളില്‍ മുസ്‌ലിം ഉദ്യോഗസ്ഥര്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നു' എന്ന തലക്കെട്ടില്‍ 2012 ജൂലൈയില്‍ ടൈംസ് ഓഫ് ഇന്ത്യ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. 'ഒരു ഘട്ടത്തില്‍ സെക്രട്ടറി തലത്തിലുള്ള ആറ് മുസ്‌ലിം ബ്യൂറോക്രാറ്റുകള്‍ ഉണ്ടായിരുന്നത് ഒരുതരം റെക്കോര്‍ഡാണെന്ന്' ആ ലേഖനം പരാമര്‍ശിക്കുന്നു.
ഷംഷേര്‍ കെ ഷെരീഫ് (ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സെക്രട്ടറി), സയ്യിദ് നാസിം അഹമ്മദ് സൈദി (സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും പിന്നീട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി), നവേദ് മസൂദ് (കോര്‍പറേറ്റ് കാര്യ സെക്രട്ടറി), മുഹമ്മദ് ഹലീം ഖാന്‍ (ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് സെക്രട്ടറി), രാജന്‍ ഹബീബ് ഖ്വാജ (ടൂറിസം സെക്രട്ടറി) എന്നിവരാണ് ഈ ആറു ഉദ്യോഗസ്ഥര്‍.
മോദിയും ഉപരാഷ്ട്രപതിയും
2024ല്‍ എത്തിയപ്പോള്‍ പ്രാതിനിധ്യം വന്‍തോതില്‍ കുറഞ്ഞു. അധികാരത്തിന്റെ ഉന്നത പദവിയിലുണ്ടായിരുന്ന ഒരു മുസ്‌ലിമിനെ, ദുബെക്ക് ഭാവിയില്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ 2024 ജൂലൈയില്‍ നരേന്ദ്രമോദി വഴി വെട്ടിയിരുന്നു.
''ലോക്‌സഭയില്‍ എത്ര അംഗസംഖ്യ അവകാശപ്പെട്ടാലും, 2014ല്‍ രാജ്യസഭയില്‍ ഞങ്ങളുടെ അംഗബലം വളരെ കുറവായിരുന്നു. രാജ്യസഭാ ചെയര്‍മാന്റെ ചായ്‌വ് മറുവശത്തായിരുന്നു. എന്നാല്‍ അഭിമാനത്തോടെ രാജ്യത്തെ സേവിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയില്ല.'' ലോക്‌സഭയില്‍ രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കവേ മോദി പറഞ്ഞതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
ഉപരാഷ്ട്രപതിയായതിനാല്‍ 2012 മുതല്‍ 2017 വരെ ഹാമിദ് അന്‍സാരിയായിരുന്നു രാജ്യസഭാ ചെയര്‍മാന്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കിയത്. മോദിയുടെ ഭരണകാലത്താണ് അദ്ദേഹം വിരമിക്കുന്നത്. സര്‍വേപ്പള്ളി രാധാകൃഷ്ണനു ശേഷം രണ്ടു തവണ തുടര്‍ച്ചയായി ഈ പദവി വഹിച്ച രണ്ടാമത്തെ ആളാണ് ഹാമിദ് അന്‍സാരി.
കാലാവധി കഴിഞ്ഞപ്പോള്‍ 2017ല്‍ ഹാമിദ് അന്‍സാരി സ്ഥാനം രാജിവച്ചു. അവസാന ഉപരാഷ്ട്രപതി അസ്വസ്ഥതകളുണ്ടാക്കിയെന്നാണ് വിടവാങ്ങല്‍ ചടങ്ങില്‍ മോദി രാജ്യസഭയില്‍ പറഞ്ഞത്. ''നിങ്ങളില്‍ ഒരുതരം പിടച്ചില്‍ ഉണ്ടായിരുന്നിരിക്കാം, പക്ഷേ ഇന്ന് കഴിഞ്ഞ് നിങ്ങള്‍ക്ക് ആ പ്രതിസന്ധി നേരിടേണ്ടി വന്നേക്കില്ല. കൂടാതെ നിങ്ങള്‍ക്ക് വിമോചനത്തിന്റെ ആനന്ദം അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ യഥാര്‍ത്ഥ ചിന്താഗതി (പശ്ചിമേഷ്യയിലെ നിങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെട്ടതാണ്) അനുസരിച്ച് പ്രവര്‍ത്തിക്കാനും സ്വയം പ്രകടിപ്പിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.''-മോദി പറഞ്ഞു.
ഉപരാഷ്ട്രപതിയാവുന്നതിന് മുമ്പ് മുസ്‌ലിം രാഷ്ട്രങ്ങളുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹാമിദ് അന്‍സാരി നയതന്ത്ര പദവികള്‍ വഹിച്ചിരുന്നു. അലീഗഡ് മുസ്‌ലിം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവികളും വഹിച്ചിരുന്നു. ഇവയെല്ലാം ഇസ്‌ലാമുമായി ബന്ധപ്പെട്ടതായിരുന്നു.
ബിജെപി സര്‍ക്കാരിനു കീഴില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ അന്‍സാരി പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് മോദി അന്‍സാരിക്കെതിരേ കടന്നാക്രമണം നടത്തിയത്.
ഒരു പ്രധാനമന്ത്രിയും മോദിയെ പോലെ മുന്‍ ലോക്‌സഭാ സ്പീക്കറെയോ രാജ്യസഭാ ചെയര്‍മാനെയോ ആക്രമിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയിലും ആസ്‌ത്രേലിയയിലും ഹാമിദ് അന്‍സാരി ഇന്ത്യയെ പ്രതിനിധീകരിച്ച കാര്യം മോദി സൗകര്യപൂര്‍വ്വം പരാമര്‍ശിച്ചില്ലെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. ഇതൊന്നും പോരാഞ്ഞിട്ട് പാകിസ്താന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് അവകാശപ്പെട്ട പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകയായ നുസ്‌റത്ത് മിര്‍സയെ ഹാമിദ് അന്‍സാരി ഇന്ത്യയിലേക്ക് ക്ഷണിച്ചു എന്ന ആരോപണം 2022ല്‍ ബിജെപി ഉയര്‍ത്തുകയും ചെയ്തു. വളരെ ഗൗരവകരമായ നിരവധി വിവരങ്ങള്‍ ഹാമിദ് അന്‍സാരി തന്നോട് പറഞ്ഞതായി നുസ്‌റത്ത് മിര്‍സ തന്നോട് പറഞ്ഞെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ''വെളിപ്പെടുത്തി.''
എന്നാല്‍, നുസ്‌റത്ത് മിര്‍സയെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണ് ഹാമിദ് അന്‍സാരി പറഞ്ഞത്. ''2010 ഡിസംബര്‍ 11ന് അന്താരാഷ്ട്ര ഭീകരതയെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള നിയമജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനം ഞാന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സംഘാടകരാണ് പ്രാസംഗികരെ വിളിച്ചത്. ഞാന്‍ ആരെയും ക്ഷണിക്കുകയോ കാണുകയോ ചെയ്തിട്ടില്ല.''-അന്‍സാരി പറഞ്ഞു. പക്ഷേ, അതിനുമുമ്പ് നിരവധി ബിജെപി അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരേ ഏറ്റവും മോശമായ അധിക്ഷേപം അഴിച്ചുവിട്ടു.
രാജ്യസഭയിലെ ബഹളം വകവയ്ക്കാതെ ഒരു ബില്ല് പാസാക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നോട് ആവശ്യപ്പെട്ടതായി വിരമിച്ച ശേഷം പ്രസിദ്ധീകരിച്ച ആത്മകഥയായ ബൈ മെനി എ ഹാപ്പി ആക്‌സിഡന്റില്‍ ഹാമിദ് അന്‍സാരി പറഞ്ഞിരുന്നു. രാജ്യസഭ ടിവിയുമായി മോദിക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും അതില്‍ ഇടപെടാന്‍ തന്നോട് പറഞ്ഞെന്നും ഹാമിദ് അന്‍സാരി വെളിപ്പെടുത്തി. എന്നാല്‍, രാജ്യസഭാ ടിവിയില്‍ എഡിറ്റോറിയല്‍ നിയന്ത്രണമില്ലെന്ന് പറഞ്ഞ് മടക്കേണ്ടി വന്നു.
2011ല്‍ അന്‍സാരിയുടെ നേതൃത്വത്തിലാണ് രാജ്യസഭാ ടിവി ആരംഭിച്ചത്. അന്‍സാരി വിരമിച്ച് രണ്ടു വര്‍ഷത്തിന് ശേഷം, 2019ല്‍, ലോക്‌സഭ, രാജ്യസഭ ടിവി ചാനലുകളുടെ ലയനം നടന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ അത് നടക്കുന്നത്.
അനിഷ്ട സംഭവങ്ങള്‍ക്ക് അവസാനമില്ല
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ ശിശുരോഗവിദഗ്ധനായ കഫീല്‍ ഖാന്‍ എന്ന ഡോക്ടര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച പ്രതികാര നടപടികളും ഓര്‍ക്കണം. മരണത്തിന് മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അദ്ദേഹം പ്രതികാര നടപടികള്‍ നേരിട്ടത്. നല്ല കാര്യം ചെയ്താലും മുസ്‌ലിംകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ഒരറുതിയും ഉണ്ടാവില്ല എന്നതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തലാണ് അത്.
പൊതുസമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുള്ള പുസ്തകം വിതരണം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസാണ് കഫീല്‍ ഖാനെതിരെ അവസാനമായി രജിസ്റ്റര്‍ ചെയ്തത്. അത് കഫീല്‍ ഖാനെതിരായ ആറാം കേസാണ്.
പാര്‍ലമെന്റില്‍ പോലും മുസ്‌ലിം വിരുദ്ധത ബിജെപിക്ക് മികച്ച ഉപകരണമാണ്. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി രമേശ് ബിധുരി, ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി. ഇതില്‍ നടപടിയെടുക്കാന്‍ ഡാനിഷ് അലി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സമീപിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ബിധുരി ബിജെപിയില്‍ നിരവധി സ്ഥാനങ്ങള്‍ നേടി. ഒടുവില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടു.
മോദിയുടെയും ബിധുരിയുടെയും കാര്യത്തിലെന്ന പോലെ മുതിര്‍ന്ന എംപിമാര്‍ നടത്തുന്ന ആക്രമണങ്ങളെ സഭയില്‍ അധ്യക്ഷനും സ്പീക്കറും സഹിഷ്ണുതയോടെ കൈകാര്യം ചെയ്യുന്നു. ഇത് മുസ്‌ലിം ജനപ്രതിനിധിയെ ഉപദ്രവിക്കുന്നത് സ്വീകാര്യമായ പെരുമാറ്റമാണെന്നും അതിന് ഔദ്യോഗിക അനുമതിയുണ്ടെന്നും വരുത്തുന്നു. ഇത് ദുബെയെ പോലുള്ളവര്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
കടപ്പാട്: ദി വയര്‍