മുസ്‌ലിം വിദ്വേഷം: ഹിന്ദുത്വരുടെ ബി ടീമായി സീറോ മലബാര്‍ സഭ

പരമ്പരാഗത കോണ്‍ഗ്രസ് അനുകൂല നിലപാട് ഉപേക്ഷിച്ച് ബിജെപിയോട് കൂടുതല്‍ അടുക്കുന്നതിന് സിറോ മലബാര്‍സഭ യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം മറയാക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Update: 2020-10-28 06:52 GMT

പിസി അബ്ദുല്ല

കോഴിക്കോട്: നിരവധി കേസുകളിലും ആരോപണങ്ങളിലും പ്രതിക്കൂട്ടിലുള്ള സിറോ മലബാര്‍ സഭയുടെ ബിജെപി-ആര്‍എസ്എസ് പ്രീണന അജണ്ടകള്‍ കേരളത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധതയായി വീണ്ടും മറ നീങ്ങുന്നു. സാമ്പത്തിക സംവരണം,തദ്ധേശ രാഷ്ട്രീയ നീക്കു പോക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ മുസ്‌ലിം വിരുദ്ധ ധ്രുവീകരണമുണ്ടാക്കാനുള്ള കത്തോലിക്കാ സഭയുടെ ഗൂഡാലോചന വ്യക്തമാക്കുന്നു.

'ലൗ ജിഹാദ്' അടക്കമുള്ള വിവാദങ്ങളില്‍ കേരളത്തില്‍ സീറോ മലബാര്‍ സഭ കൈകൊള്ളുന്ന അന്ധമായ മുസ്‌ലിം വിരോധം തന്നെയാണ് സഭയുടെ പുതിയ തിരഞ്ഞെടുപ്പ് സമീപനങ്ങളിലും തെളിയുന്നത്. രാജ്യത്തെ വംശീയ ഭീകരാക്രമണക്കേസുകളില്‍ മുഖ്യ പ്രതിസ്ഥാനത്തുള്ള ആര്‍എസ്എസിനോട് ചേര്‍ന്ന് നിന്നും ബിജെപിയെ പ്രശംസിച്ചു കൊണ്ടുമാണ് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ഇന്ന് ജമാഅത്തെ ഇസ്‌ലാമിയെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചത്. ജമാഅത്തെ ഇസ്‌ലാമി നിലവില്‍ രാജ്യത്തെ ഒരു ഭീകരവാദ, തീവ്ര വാദ കേസുകളിലും പ്രതിക്കൂട്ടിലല്ലെന്നിരിക്കെ സിറോ മലബാര്‍ സഭ ആര്‍ച്ചു ബിഷപ്പിന്റെ പരാമര്‍ശം അന്ധമായ മുസ്‌ലിം വിരോധത്തില്‍ നിന്നു തന്നെയെന്ന് വ്യക്തം.

പരമ്പരാഗത കോണ്‍ഗ്രസ് അനുകൂല നിലപാട് ഉപേക്ഷിച്ച് ബിജെപിയോട് കൂടുതല്‍ അടുക്കുന്നതിന് സിറോ മലബാര്‍സഭ യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം മറയാക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ ഉള്‍പ്പെടെ പല ഉന്നതരും ഒട്ടേറെ കേസുകളില്‍ കുടുങ്ങുന്ന സാഹചര്യത്തില്‍ ബിജെപിയെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും പ്രീണിപ്പിക്കാന്‍ സഭ സ്വീകരിക്കുന്ന തന്ത്രപരമായ നിലപാടാണ് മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളിലൂടെ പുറത്തു വരുന്നത്. ഭൂമി തട്ടിപ്പു കേസില്‍ പ്രതിയായ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ള സഭാ നേതൃത്വം പൂര്‍ണമായും ബിജെപിയുടെ വരുതിയിലാണെന്നാണ് സമീപ കാലത്തെ പല നിലപാടുകളിലും തെളിഞ്ഞത്.

കര്‍ദിനാള്‍ ആലഞ്ചേരിയ്‌ക്കെതിരെ വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനു ഇടക്കാലത്ത് നീക്കമുണ്ടായിരുന്നു. അതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബിജെപിയോട് കൂടുതല്‍ വിധേയപ്പെട്ടു എന്നാണ് ആക്ഷേപം.

അടുത്ത കാലത്തായി സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ ക്രിസ്ത്യാനികളെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയിടാനുള്ള ശ്രമത്തിലാണെന്ന് സഭാ വിശ്വാസികള്‍ക്കിടയില്‍ തന്നെ ആക്ഷേപം ശക്തമാണ്. അഴിമതിക്കും കന്യാസ്ത്രീ പീഡനങ്ങള്‍ക്കും പൗരോഹിത്യ ഉപജാപങ്ങള്‍ക്കുമെതിരെ തിരുത്തല്‍ ശക്തിയായി നിലവിലുള്ള നിരവധി ക്രിസ്ത്യന്‍ കൂട്ടായ്മകളിലും അവരുടെ സാമൂഹിക മാധ്യമങ്ങളിലും കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ഹിന്ദുത്വ പ്രീണനത്തിനെതിരെ സജീവ ചര്‍ച്ചകളാണ് നടക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി, കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാത്യു അറക്കല്‍, ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തുടങ്ങിയവരെ നയിക്കുന്നത് ആര്‍എസ്എസ് പ്രീണന അജണ്ടകള്‍ മാത്രമാണെന്നും വിവിധ സാമൂഹിക മാധ്യമ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നു.

2014 ന് ശേഷം രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരേയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ അഭൂതപൂര്‍വ്വമായാണ് വര്‍ധിച്ചത്. കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലും വര്‍ദ്ധിക്കുന്നു. ഘര്‍ വാപസിയുടെ പേരിലും പശുവിന്റെ പേരിലും ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും കേരളത്തിലെ കത്തോലിക്കാ സഭ മിണ്ടുന്നില്ല.

കേരളത്തില്‍ ബിജെപിക്ക് കാര്യമായ വേരോട്ടമുണ്ടാകാത്തത് ന്യൂനപക്ഷങ്ങളുടെ ഇടയിലെ എതിര്‍പ്പും ഭൂരിപക്ഷ സമുദായത്തിന്റെ ഇടയിലെ സ്വീകാര്യതയില്ലായ്മയുമാണ്.

ഇതിന് മാറ്റം വരാന്‍ ഏറ്റവും നല്ലത് െ്രെകസ്തവ വിഭാഗത്തെ കൂടെ നിര്‍ത്തുന്നതാണെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി പല പദവികളിലും കേന്ദ്ര സര്‍ക്കാര്‍ ക്രൈസ്തവരെ ഉള്‍പ്പെടുത്തി. എന്നാല്‍ അതൊന്നും വിജയം കണ്ടില്ല.

അതോടെയാണ് കേരളത്തിലെ പ്രബലമായ കത്തോലിക്കാ വിഭാഗത്തിലെ പ്രമുഖ ബിഷപ്പുമാരെ വരുതിയിലാക്കിയത്.'ലൗ ജിഹാദ്' വിവാദത്തിലും പൗരത്വ വിവേചന പ്രക്ഷോഭത്തിലും ബിജെപിയ്‌ക്കൊപ്പമാണ് സീറോ മലബാര്‍ സഭ നിലകൊണ്ടത്.

പൗരത്വ നിയമ ഭേദഗതിയ്ക്കും എന്‍ആര്‍സിയ്ക്കുമെതിരെ രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ സീറോ മലബാര്‍ സഭ സംഘപരിവാറിന് വിധേയപ്പെടുകയാണ് ചെയ്തത്. ബിജെപിയും തീവ്ര ഹിന്ദു വലതുപക്ഷ സംഘടനകളും വര്‍ഷങ്ങളായി ആരോപിക്കുന്ന ലൗ ജിഹാദ് ആരോപണം സീറോ മലബാര്‍ സഭ ഔദ്യോഗിക നേതൃത്വം വീണ്ടും ഏറ്റെടുത്തതിനു പിന്നാലെയാണ് പൗരത്വ വിവേചനത്തിലും സഭ സംഘ പരിവാരത്തെ പിന്തുണച്ചത്.

കേരളത്തില്‍ ലൗ ജിഹാദ് ശക്തമാണെന്നും കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ഇസ്‌ലാമിക തീവ്രവാദം വളരുകയാണെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ ബിജെപി മുഖ പത്രത്തില്‍ ലേഖനയെഴുതി. 'ലൗജിഹാദി'ന്റെ ഇരകളാകുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളാണെന്നും ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടെന്നുമുള്ള നുണകള്‍ സീറോ മലബാര്‍ സഭ ഇപ്പോഴും ആവര്‍ത്തിക്കുന്നു. 'ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ തരത്തില്‍ 'ലൗ ജിഹാദ്' അരങ്ങേറുന്നുണ്ടെന്നാണ് സീറോ മലബാര്‍ സിനഡ് പ്രസ്താവനയിറക്കിയത്.

പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ സവര്‍ണ സംവരണത്തിനെതിരെ കേരളത്തിലെ ലത്തീന്‍ സഭയടക്കം കടുത്ത പ്രതിഷേധത്തിലാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നതാണ് പുതിയ സവര്‍ണ സംവരണമെന്ന് വിവിധ സഭകള്‍ വ്യക്തമാക്കുമ്പോഴും സിറോ മലബാര്‍സഭ സവര്‍ണ സംവരണത്തിലും ബിജെപിക്കൊപ്പമാണ്.

Tags:    

Similar News