നയാ ബാന്‍സില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി മുസ്‌ലിംകള്‍

ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് തടവറയില്‍ തള്ളുമെന്ന് ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തിയതായി പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കുടുംബനാഥന്‍ വെളിപ്പെടുത്തി.

Update: 2019-05-28 06:06 GMT

ബുലന്ദ്ശഹര്‍: തീവ്ര ദേശീയത ഉയര്‍ത്തി ബിജെപി വീണ്ടും അധികാരത്തിലേറുകയും പ്രധാനമന്ത്രി പദം നരേന്ദ്ര മോദിയുടെ കൈകളിലേക്ക് വീണ്ടുമെത്തുകയും ചെയ്തതോടെ കടുത്ത ഭീതിയിലാണ് കലാപങ്ങളാല്‍ കുപ്രസിദ്ധമായ ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ നയാ ബാന്‍സിലെ മുസ്‌ലിം സമൂഹം. ജനിച്ചു വളര്‍ന്ന നാടും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് നാടു വിടാനുള്ള ഒരുക്കത്തിലാണിവര്‍.

പശുഹത്യയുമായി ബന്ദപ്പെട്ട് ബുലന്ദ്ശഹറില്‍ പോലിസ് ഇന്‍സ്‌പെക്ടറും സ്വദേശി യുവാവും കൊല്ലപ്പെട്ട കലാപത്തിലെ ആസുത്രകനായ ബജ്രംഗദള്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജിന്റെ സ്വദേശം കൂടിയായ ഗ്രാമത്തില്‍ 450 മുസ്‌ലിംകളാണുള്ളത്. ഇവിടത്തെ ആകെ ജനസംഖ്യ 4000ത്തോളമാണ്.

ബിജെപിയുടെ വിജയത്തിനു പിന്നാലെ മുസ്‌ലിംകളില്‍ ഭീതി നിറയ്ക്കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും ഡിജെ നടത്തിയും ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങളുയര്‍ത്തിയും മേഖലയിലെ പള്ളിക്കു മുമ്പിലും മുസ്‌ലിം വീടുകള്‍ക്കു മുമ്പിലും മണിക്കൂറുകളോളമാണ് ഹിന്ദുത്വര്‍ ചെലവഴിച്ചത്.

നിരവധി പേരാണ് മേഖലയില്‍നിന്ന് പലായനം ചെയ്യാന് ആഗ്രഹിക്കുന്നത്. മറ്റു വഴികളില്ലാത്തതിനാല്‍ മാത്രമാണ് പലരും ഇവിടെ തന്നെ കഴിച്ചു കൂട്ടുന്നതെന്ന് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.സാഹചര്യം ഒത്തിരി മാറി. ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ തന്നെ ഇപ്പോള്‍ ഭയമാണ്. തങ്ങളുടെ കുഞ്ഞുങ്ങളും കനത്ത പേടിയിലാണ്. വീടിനു പുറത്തിറങ്ങാന്‍ പോലും അവര്‍ ഭയപ്പെടുകയാണ്.

ഒരു ഡസനോളം മുസ്‌ലിം കുടുംബങ്ങള്‍ ഭയംകൊണ്ട് മാത്രം കുറേക്കൂടി സുരക്ഷിതമായ ദാസ്‌ന, മസൂരി മേഖലയിലേക്ക് താമസം മാറി.തങ്ങളും വീട് വിറ്റ് മറ്റെവിടെയെങ്കിലും കുടിയേറാനുള്ള ഒരുക്കത്തിലാണെന്ന് പ്രദേശവാസിയായ ഹുസൈന്‍ പറയുന്നു. ഗോഹത്യയുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ ഇദ്ദേഹം 16 ദിവസം ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തില്‍ തങ്ങള്‍ പള്ളികളില്‍ പ്രാര്‍ത്ഥനയിലേര്‍പ്പെട്ടിരിക്കെ 250 ഓളം വരുന്ന ഹിന്ദുത്വ സംഘം പള്ളിയുടെ പുറത്ത് പടക്കംപൊട്ടിച്ചും ആക്രോശം നടത്തിയുമാണ് ആഘോഷിച്ചത്. തങ്ങള്‍ റമദാന്‍ പ്രാര്‍ത്ഥനയിലാണെന്നറിഞ്ഞിട്ടും അവര്‍ അത്തരത്തില്‍ പെരുമാറി. ഒരു മണിക്കൂറോളം തന്റെ വീടിനു പുറത്ത് വന്‍ ശബ്ദത്തില്‍ സംഘം ഡി ജെ നടത്തുകയും ചെയ്തതായി ഹുസൈന്‍ പറഞ്ഞു.

അതേസമയം, ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് തടവറയില്‍ തള്ളുമെന്ന് ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തിയതായി പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കുടുംബനാഥന്‍ വെളിപ്പെടുത്തി. ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട റിപോര്‍ട്ടിങിനായി ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സില്‍ നിന്നുള്ള ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ വരികയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു.

പിറ്റേദിവസം തന്നെ നിരവധി പോലിസ് ഓഫിസര്‍മാരും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും തന്റെ അടുക്കല്‍ വരികയും ഗ്രാമത്തിലെ കാര്യങ്ങള്‍ ഇനി ആരോടെങ്കിലും പറഞ്ഞാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്തുണ്ടായാലും ഇനി ആരോടും ഒന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News