വഡോദരയിലെ പള്ളി ഇപ്പോള്‍ കൊവിഡ് ആശുപത്രി; അഭയം തേടിയെത്തുന്നവരില്‍ പള്ളി ആക്രമിച്ച ഹിന്ദുത്വരും
മുസ്‌ലിം ഉന്മൂലനത്തിന്റെ പേരില്‍ സംഘ്പരിവാര്‍ കൊന്നൊടുക്കിയവരുടെ സമുദായം കൊവിഡിന്റെ കാലത്ത് എല്ലാവര്‍ക്കുമായി അവരുടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി അത് കൊവിഡ് ആശുപത്രിയായി പരിവര്‍ത്തിപ്പിച്ചപ്പോള്‍ അവിടേക്കെത്തുന്നവര്‍ ആരുടെയും മതവും ജാതിയും തിരയുന്നില്ല.
വഡോദര: ഗുജറാത്ത് കലാപത്തിന്റെ നാളുകളില്‍ മുസ്‌ലിംകളെ വെട്ടിനുറക്കി തീയിലേക്കിട്ട് കത്തിച്ചുകൊന്ന വഡോദരിയില്‍ ഇപ്പോഴും മനുഷ്യമാംസം കത്തിയെരിയുന്നതിന്റെ രൂക്ഷ ഗന്ധം ഉയരുകയാണ്. കൊവിഡ് ബാധിച്ചു മരിച്ചവരെ കൂട്ടത്തോടെ കത്തിക്കുന്നതിന്റെ ഗന്ധമാണ് കലാപനാളുകളിലെ ഓര്‍മയുണര്‍ത്തി വീണ്ടും വ്യാപിക്കുന്നത്. പക്ഷേ അന്ന് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കു മുന്നില്‍ ജീവനുവേണ്ടി യാചിച്ച മുസ്‌ലിം സമൂഹമാണ് വഡോദരയിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് അതേ മുസ്‌ലിംകള്‍ക്കു മുന്നില്‍ തൊഴുകൈയ്യുമായി നില്‍ക്കുകയാണ് ഹിന്ദുത്വ അക്രമികള്‍ ഉള്‍പ്പടെയുള്ളവര്‍. വഡോദര മറ്റൊരു മധുരപ്രതികാരത്തിനു വേദിയാകുകയാണ്.
മുസ്‌ലിം ഉന്മൂലനത്തിന്റെ പേരില്‍ സംഘ്പരിവാര്‍ കൊന്നൊടുക്കിയവരുടെ സമുദായം കൊവിഡിന്റെ കാലത്ത് എല്ലാവര്‍ക്കുമായി അവരുടെ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി അത് കൊവിഡ് ആശുപത്രിയായി പരിവര്‍ത്തിപ്പിച്ചപ്പോള്‍ അവിടേക്കെത്തുന്നവര്‍ ആരുടെയും മതവും ജാതിയും തിരയുന്നില്ല. പള്ളി നടത്തിപ്പുകാരാവട്ടെ രോഗികള്‍ക്ക് സഹായം നല്‍കാനുള്ള കഠിന പരിശ്രമത്തിലുമാണ്. പുണ്യ റമദാന്‍ മാസത്തില്‍ ഇതിനേക്കാള്‍ നല്ലൊരു പ്രവൃത്തി വേറെ ചെയ്യാനില്ലെന്ന വഡോദര ജഹാങ്കീര്‍പുര മോസ്‌ക് ട്രസ്റ്റി ഇര്‍ഫാന്‍ ഷെയ്ഖിന്റെ വാക്കുകളില്‍ തന്നെ എല്ലാം വ്യക്തം.
ചികിത്സാ കേന്ദ്രങ്ങളുടെയും മരുന്നുകളുടെയം ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ദൗര്‍ലഭ്യം കാരണം ഗുജറാത്തില്‍ ജനങ്ങള്‍ ചികിത്സ തേടി പരക്കംപായുമ്പോള്‍ അവര്‍ക്കു വേണ്ടി പള്ളി ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ് വഡോദരയിലെ മുസ്‌ലിം സമൂഹം. ജഹാംഗീര്‍പുരയിലെ പള്ളി 50 കിടക്കകളുള്ള കൊവിഡ് ആശുപത്രിയാക്കിയാണ് പരിവര്‍ത്തിപ്പിച്ചത്. എല്ലാ കിടക്കകള്‍ക്കും ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴുള്ള സൗകര്യങ്ങള്‍ മതിയാകാതെ വന്നാല്‍ മറ്റു പള്ളികളിലും സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് സമുദായ നേതാക്കള്‍ പറയുന്നു.
പള്ളികളില്‍ കിടക്കകളും തലയിണകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതിനു പുറമെ ഫ്രിഡ്ജും നിറയെ പഴങ്ങളും സജ്ജമാക്കിയിരിക്കുന്നു. കുടിക്കാന്‍ പാലും കഴിക്കാന്‍ ബിസ്‌ക്കറ്റ്‌റും റെഡി. രോഗികള്‍ പെരുകുമ്പോള്‍ അടുത്ത പള്ളികള്‍ കൂടി ഇവരെ ഉള്‍ക്കൊള്ളാന്‍ ഒരുങ്ങുന്നു. അതിന് വേണ്ടി പണവും സമയവും ഊര്‍ജവും മനസും നല്‍കാന്‍ വിശ്വാസികള്‍ ആവേശം കാണിക്കുന്നു. വംശഹത്യയില്‍ ഉറ്റവര്‍ വെട്ടിനുറുക്കപ്പെട്ട, തീയിലിട്ട് കത്തിയെരിക്കപ്പെട്ട ഒരു സമൂഹമാണ് കൊവിഡ് ദുരന്തകാലത്ത് എല്ലാവര്‍ക്കുമായി അവരുടെ ആരാധനാലയങ്ങള്‍ പോലും തുറന്നിട്ടിരിക്കുന്നത്.